സ്വർണക്കവർച്ച: അന്വേഷണത്തിൽ വഴിത്തിരിവ്
text_fieldsഫറോക്ക്: സ്വർണക്കവർച്ചക്കേസ് അന്വേഷണത്തിന് പൊലീസ് നായുടെ സഞ്ചാരവഴികൾ നിർണായകമാകുന്നു. നായ് മണംപിടിച്ച് എത്തിനിന്നത് വടക്കുമ്പാട് പാലത്തിലാണ്. പൊലീസ് വഴികാണിച്ച് നടന്നിട്ടും നായ് മുന്നോട്ടുപോയില്ല. മോഷ്ടാവ് പുഴയിലിറങ്ങി കുളിച്ച് കയറിയതിനാലാകാം നായ് അന്വേഷണയാത്ര അവിടെ നിർത്തിയതെന്ന നിഗമനം ഇതോടെ ശക്തമായി. പുറ്റെക്കാട്ടെ വീടുകളിൽ നടന്ന ആഭരണ കവർച്ച സംബന്ധിച്ച അന്വേഷണം ഇതോടെ പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്.
ലത്തീഫിന്റെ വീട്ടിൽ മുളക് വിതറിയതിനാൽ മണംപിടിക്കാൻ നായെ അകത്തേക്ക് കയറ്റിയിരുന്നില്ല. സിയാദിന്റെ വീട്ടിൽനിന്ന് മണംപിടിച്ച നായ് പുറ്റെക്കാട് റോഡിലൂടെ റെയിൽവേ പാളത്തിന് അരികിലെത്തി തെക്കുഭാഗത്തേക്ക് ഓടി വടക്കുമ്പാട് റെയിൽ പാലത്തിൽ എത്തി നിൽക്കുകയായിരുന്നു.
അതേസമയം, റെയിലിന് വടക്കോട്ടാണ് ഓടിയതെങ്കിൽ ഫറോക്ക് റെയിൽവേ സ്റ്റേഷൻ വഴി രക്ഷപ്പെട്ടതാണെന്ന് അനുമാനിക്കാം. പാലത്തിനു താഴെ പുഴയിലിറങ്ങി കുളിച്ച് തെളിവു നശിപ്പിച്ച് കടന്നതാവാമെന്നും നാട്ടുകാർ സംശയിക്കുന്നു. പുറംനാടുകളിൽ നിന്നെത്തി മോഷണം നടത്തി പോകാൻ പറ്റാവുന്ന സ്ഥലമല്ല പുറ്റെക്കാടെന്നു വിശ്വസിക്കുന്നവരും കുറവല്ല. അടുത്തടുത്ത് വീടുകളാണെന്നതാണ് കാരണം.
സംശയനിഴലിലുള്ള പലരെയും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. പലയിടത്തും മോഷണത്തിൽ പങ്കാളികളായവരും ഇതിൽ ഉൾപ്പെടും. രണ്ടു വീടുകളിലും ചൊവ്വാഴ്ച ഫോറൻസിക് വിദഗ്ധരെത്തി പരിശോധന നടത്തി. ഫറോക്ക് അസി. കമീഷണർ എ.എം. സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഴുതടച്ചുള്ള അന്വേഷണത്തിന് ചുക്കാൻ പിടിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.