കിൻഫ്ര പാർക്കിന് ഭൂമി വിട്ടുനൽകിയവർക്ക് നഷ്ടപരിഹാരം നൽകാതെ സർക്കാർ
text_fieldsഫറോക്ക് (കോഴിക്കോട്): നിർമാണം അവസാന ഘട്ടത്തിലായ രാമനാട്ടുകരയിലെ കിൻഫ്ര അഡ്വാൻസ്ഡ് നോളജ് പാർക്കിനായി ഭൂമി വിട്ടുനൽകിയവർക്ക് നഷ്ടപരിഹാരം നൽകാതെ സർക്കാർ. ഇതിൽ പ്രതിഷേധിച്ച് ഉദ്ഘാടത്തിന് ഒരുങ്ങുന്ന പാർക്കിെൻറ പ്രധാന കവാടത്തിൽ ഭൂവുടമകൾ കിൻഫ്ര പാർക്ക് ലാൻഡ് ലോസേഴ്സ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ 21 മുതൽ ധർണ തുടങ്ങി.
രാമനാട്ടുകര നഗരസഭയിലെ ആറ്, ഏഴ്, 21, 22 വാർഡുകളിൽപെട്ട 80 ഏക്കർ ഭൂമിയാണ് സർക്കാർ 2008ൽ ഏറ്റെടുത്തിരുന്നത്. അഞ്ചും പത്തും സെൻറ് ഭൂമി മുതൽ അഞ്ച് ഏക്കറോളം വരെ വിട്ടുനൽകിയവരുണ്ട്. എന്നാൽ, 12 വർഷമായിട്ടും പണം നൽകാതെ നിയമപരമായി നേരിടുകയാണ് സർക്കാർ.
ഈ കാലയളവിനുള്ളിൽ എട്ട് ഉടമകൾ മരിച്ചു. ബാക്കിയുള്ളവരിൽ ഭൂരിഭാഗവും 65നും 95നും ഇടയിൽ പ്രായമുള്ളവരാണ്. പണത്തിനുവേണ്ടി മന്ത്രിമാരടക്കമുള്ള അധികാര കേന്ദ്രങ്ങളിൽ കയറിയിറങ്ങുകയാണ് ഈ ഹതഭാഗ്യർ. പലരും ബാങ്കിൽനിന്ന് ലോണെടുത്താണ് കേസും ജിവിതവും മുന്നോട്ടു കൊണ്ടുപോകുന്നത്. 2010ൽ ഭൂമിയുടെ ന്യായവിലയുടെ പത്തിൽ ഒന്ന് തുകയാണ് ഉടമകൾക്ക് നൽകിയത്.
ന്യായമായ നഷ്ടപരിഹാരത്തിന് കോടതി സമീപിക്കാനും സർക്കാർ എതിർക്കിെല്ലന്നും അന്നത്തെ വ്യവസായ മന്ത്രി ഭൂവുടമകളോട് കലക്ടറെ സാക്ഷിനിർത്തി പറഞ്ഞിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ ന്യായവില ലഭിക്കാൻ ഭൂരിഭാഗം വരുന്ന സാധാരണ കർഷകരായ ഭൂവുടമകൾ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കേസ് ഫയൽ ചെയ്തു.
എന്നാൽ, സർക്കാർ വക്കീലന്മാർ എതിർവാദവുമായി വന്നു. 2013ന് കോടതി നഷ്ടപരിഹാരത്തുക വിധിച്ചു. സർക്കാർ കോടതിയിൽ പണം കെട്ടിവെക്കാത്തതിനാൽ വിധി തുക ലഭിക്കാൻ കക്ഷികൾ ഹരജി ഫയൽ ചെയ്തു. എന്നാൽ, സർക്കാർ ഹൈകോടതിയിൽ അപ്പീലിന് പോയി.
കോടതി വിധിച്ച നഷ്ടപരിഹാര സംഖ്യയുടെ പകുതി തുക കക്ഷികൾക്ക് നൽകിയാൽ മാത്രമേ അപ്പീൽ സ്വീകരിക്കുകയുള്ളൂ എന്ന കാരണത്താൽ പകുതി തുക ഭൂവുടമകളായ കർഷകർക്ക് നൽകി. ഈ കേസിൽ അപ്പീൽ നിലനിൽക്കുകയില്ലെന്ന അഡ്വക്കറ്റ് ജനറലിെൻറ നിയമോപദേശത്തിെൻറ അടിസ്ഥാനത്തിൽ സർക്കാറും കിൻഫ്രയും ഒത്തുതീർപ്പിന് തയാറായി. സർക്കാറും കിൻഫ്രയും ഉടമകളും ഒത്തുതീർപ്പ് വ്യവസ്ഥകൾ തയാറാക്കി അംഗീകരിച്ചു.
ഇതുപ്രകാരം ഹൈകോടതി 2018 ജൂൺ 14ന് ഒത്തുതീർപ്പ് വിധി പുറപ്പെടുവിച്ച് 2012 നവംബറിനുള്ളിൽ കർഷകർക്ക് പണം നൽകണമെന്ന് നിർദേശിച്ചു. എന്നാൽ, സർക്കാർ പണം നൽകിയില്ലെന്ന് മാത്രമല്ല സുപ്രീംകോടതിയിൽ കേസിനും പോയി. 2020 ജൂണിൽ വ്യവസായ മന്ത്രിയെ നേരിൽ കണ്ടു. തെറ്റിദ്ധാരണ മൂലമാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതെന്നും ഒന്നര മാസംകൊണ്ട് കേസ് പിൻവലിച്ച് കോടതി വിധിച്ച നഷ്ടപരിഹാരത്തുക തരാമെന്ന് നേരിട്ട് മന്ത്രി പറഞ്ഞിരുന്നെന്നും ഭൂവുടമകൾ പറഞ്ഞു.
എന്നാൽ, സർക്കാർ ഒന്നുംചെയ്യാതെ മുന്നോട്ടുപോവുകയാണ്. ഇതിനിടയിൽ നിർദിഷ്ട കൃഷിഭൂമിയിൽ ആറുനില കെട്ടിടം പണിതുയർത്തി ഉദ്ഘാടനം നടത്താനുള്ള തിരക്കിലാണ് കിൻഫ്രയും സർക്കാറും. സ്ഥലം എം.എൽ.എയും തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.