മുനമ്പത്ത് കടവ് പാലം വീണ്ടും പ്രതീക്ഷ; ഡിസൈൻ തയാറാക്കാൻ ഫയൽ കൈമാറി
text_fieldsഫറോക്ക്: മുനമ്പത്ത് കടവിൽ പുല്ലിപ്പുഴക്ക് കുറുകെ ഏതാണ്ട് 10 കോടി രൂപ ചെലവിൽ പാലം വരുന്നു. ഡിസൈൻ തയാറാക്കാൻ പി.ഡബ്ല്യു.ഡി ഡിസൈനിങ് വിഭാഗത്തിന് കൈമാറാനായി ഫയൽ ബന്ധപ്പെട്ട സെക്ഷനിൽ നിന്ന് കൈമാറി. ഫറോക്ക് നഗരസഭയെയും ചേലേമ്പ്ര പഞ്ചായത്തിനെയും ബന്ധിപ്പിച്ചാണ് റോഡ് പാലത്തിന് പദ്ധതി.
ഫറോക്കിലെ പെരുമുഖം, മലയിൽ ചേലേമ്പ്രയിലെ പാറയിൽ, പെരുന്തൊടിപ്പാടം പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിക്കാനാണ് പാലം നിർമിക്കുന്നത്. അഞ്ചര മീറ്റർ വീതിയേ ഉണ്ടാകൂ. 8 മുതൽ 10 മീറ്റർ വരെ വീതിയിൽ പാലത്തിന് പദ്ധതി ഉണ്ടായിരുന്നെങ്കിലും അതനുസരിച്ച് അപ്രോച്ച് റോഡ് നിർമിക്കാൻ സൗകര്യമില്ലെന്നത് തിരിച്ചടിയായി.
നേർരേഖയിൽ അല്ലാതെ പാലം കൂടുതൽ നീളത്തിൽ നിർമിച്ച് പ്രശ്നം പരിഹരിക്കാനായി സാങ്കേതിക വിദഗ്ധർ പരിശോധന നടത്തിയെങ്കിലും വിഫലമായിരുന്നു ഫലം. വളച്ച് പാലം നിർമിക്കാൻ കോടികളുടെ അധിക ബാധ്യതയാകുമെന്നതാണ് പിന്മാറ്റത്തിന് കാരണം.
മന്ത്രി പി.എ. മുഹമ്മദ് റിയാസും പി. അബ്ദുൽ ഹമീദ് എം.എൽ.എയും പാലം യാഥാർഥ്യമാക്കാൻ സജീവമായുണ്ട്. ഇരുമ്പ് ഗാർഡറുകളിൽ മരത്തടി ഉപയോഗിച്ച് നിർമിച്ച പാലത്തിലൂടെയാണ് ഇപ്പോൾ ജനങ്ങളുടെ കാൽനടയാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.