ലേഖനമെഴുതിയ പൊലീസുകാരെനതിരെ അന്വേഷണം
text_fieldsകോഴിക്കോട്: പ്രതിസന്ധിയിൽ പതറിനിൽക്കുന്ന സാധാരണക്കാരനുനേരെ ടാർഗറ്റ് ലഭിച്ച പൊലീസുകാർ വേട്ടക്ക് ചെല്ലുന്നതാണ് യഥാർഥ കുറ്റമെന്ന 'കുറ്റസമ്മതമൊഴിയുമായി' ലേഖനമെഴുതിയ പൊലീസുകാരെനതിരെ വകുപ്പുതല അന്വേഷണം. ഫറോക്ക് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ഉമേഷ് വള്ളിക്കുന്നിനെതിരെയാണ് സിറ്റി പൊലീസ് മേധാവി എ.വി. ജോർജ് അന്വേഷണം പ്രഖ്യാപിച്ചത്. കോവിഡ് കാലത്തെ പൊലീസ് നിയന്ത്രണങ്ങളെയും അതിക്രമങ്ങളെയും വിമർശിച്ചും സേനാംഗങ്ങളുെട നിസ്സഹായാവസ്ഥ തുറന്നുപറഞ്ഞുമുള്ള ലേഖനം ഓൺലൈൻ പോർട്ടലിൽ ആഗസ്റ്റ് മൂന്നിനാണ് പ്രസിദ്ധീകരിച്ചത്.
ലേഖനം സേനാംഗങ്ങളിലും സമൂഹ മാധ്യമങ്ങളിലും ചർച്ചയായിരുന്നു. പൊലീസുകാരൻതന്നെ സേനയെ വിമർശിച്ച് ലേഖനമെഴുതിയത് സംബന്ധിച്ച് 'മാധ്യമം' ആഗസ്റ്റ് ആറിന് വാർത്ത നൽകിയിരുന്നു. പൊലീസിനെ പൊതുജനമുമ്പാകെ മോശമായി ചിത്രീകരിക്കുന്ന വിധത്തില്‍ അഭിപ്രായപ്രകടനം നടത്തിയയും ഇത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതും ഗുരുതരമായ അച്ചടക്കലംഘനമാണെന്ന സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്ട്ടിന്മേലാണ് നടപടി. 1958ലെ കെ.പി.ഡി.ഐ.പി ആൻഡ് എ റൂൾസ് എട്ട് (ഒന്ന്), (മൂന്ന്) പ്രകാരം എലത്തൂര്‍ സി.ഐ എ. സായൂജിനോടാണ് അന്വേഷണം ആവശ്യപ്പെട്ടത്. രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാൻ നിര്‍ദേശിച്ചിട്ടുണ്ട്.
ശബരിമല സമരവുമായി ബന്ധപ്പെട്ട് സംഘ്പരിവാറിെൻറ മിഠായിത്തെരുവിലെ തേർവാഴ്ചയും പന്തീരാങ്കാവ് യു.എ.പി.എ കേസും സംബന്ധിച്ച് ഫേസ്ബുക് പോസ്റ്റിട്ടതിനും വനിത സുഹൃത്തിന് വാടക വീടെടുത്ത് നൽകിയതുമായി ബന്ധപ്പെട്ടും നേരത്തെ സസ്പെൻഷൻ, ഇൻക്രിമെൻറ് തടയൽ ഉൾപ്പെടെ അച്ചടക്കനടപടി നേരിട്ടയാളാണ് ഉമേഷ്. പിന്നീട് ട്രൈബ്യൂണൽ വിധി സമ്പാദിച്ചതോടെയാണ് ഫറോക്ക് സ്റ്റേഷനിൽ ജോലിയിൽ പ്രവേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.