തകർന്നടിഞ്ഞ് കോടമ്പുഴ-ചുള്ളിപ്പറമ്പ്- ഫാറൂഖ് കോളജ് റോഡ്
text_fieldsഫറോക്ക്: കനത്ത മഴയും വാഹന ബാഹുല്യവും കാരണം കോടമ്പുഴ-ചുള്ളിപ്പറമ്പ്-ഫാറൂഖ് കോളജ് റോഡ് തകർന്നതോടെ യാത്രാദുരിതം ഇരട്ടിച്ചു. കോടമ്പുഴ കുളങ്ങരപ്പാടം നിവാസികൾക്ക് ഏക ആശ്രയമായ റോഡിൽ ശക്തമായ മഴയിൽ റോഡിന്റെ ടാറിങ്ങും ഉപരിഭാഗവും ഒലിച്ചുപോയതാണ് ദുരിതത്തിന് കാരണമായത്.
റോഡിൽനിന്ന് ഒലിച്ചുപോയ കരിങ്കൽ ചീളുകളും മണ്ണും റോഡിൽ തന്നെ കുമിഞ്ഞുകൂടിക്കിടക്കുന്നത് ഇരുചക്ര വാഹനങ്ങളടക്കം വാഹനങ്ങൾക്കും യാത്രക്കാർക്കും അപകടഭീഷണി ഉയർത്തുന്നുണ്ട്. പരുത്തിപ്പാറ റോഡും തുമ്പപ്പാടം റോഡും നിർമാണപ്രവൃത്തിക്കായി താൽക്കാലികമായി അടച്ചതോടെ ഈ മേഖലകളിലേക്ക് എത്തിപ്പെടാൻ സാധിക്കുന്ന നിലവിലെ ഏക ആശ്രയമായ റോഡാണ് തകർന്നുകിടക്കുന്നത്.
പൈപ്പ് ലൈനിനുവേണ്ടി കുഴിയെടുത്ത ചാലുകളിൽ താൽക്കാലികമായി ക്വാറി പൊടികളും മെറ്റലും നിരത്തി അശാസ്ത്രീയമായ രീതിയിൽ അടക്കുകയാണ് പതിവ്. ഇവ മഴയിൽ ഇളകി റോഡിലാകെ പരക്കുന്നു. ടാർ ഉപയോഗിക്കാതെ ഇത്തരത്തിൽ കണ്ണിൽ പൊടിയിടുന്ന പ്രവൃത്തി നാലാമത്തെ തവണയാണ് ഈ റോഡിൽ പരീക്ഷിക്കുന്നത്. എല്ലാം മഴയത്ത് ഒലിച്ചുപോയി ഗർത്തങ്ങൾ രൂപം പ്രാപിക്കുന്നു. സ്കൂൾ, മദ്റസ, കോളജ് വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ യാത്രക്കായി ആശ്രയിക്കുന്ന ഈ റോഡ് എത്രയും പെട്ടെന്ന് ഗതാഗതയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.