ഫറോക്കിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന
text_fieldsഫറോക്ക്: ഫറോക്ക് മേഖലയിൽ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന ശക്തമാക്കി. ബുധനാഴ്ച നടത്തിയ മിന്നൽ പരിശോധനയിൽ ഹോസ്പിറ്റൽ കാന്റീൻ ഉൾപ്പെടെ പത്ത് ഭക്ഷ്യ ശാലകളിൽനിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. പഴകിയ ചോറ്, പൊറോട്ട, കറികൾ, വറുത്തത് അടക്കമുള്ള മത്സ്യവിഭവങ്ങൾ, ബ്രോസ്റ്റഡ് ചിക്കൻ ഉൾപ്പെടെയുള്ള ഇറച്ചികൾ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. ഫറോക്കിലെ മൊണാർക്ക് ബാർ ഹോട്ടൽ, സെഞ്ച്വറി ഹോട്ടൽ, പൂതേരി ഹോട്ടൽ, ചാലിയാർ ഹോട്ടൽ, ഫ്ലവേഴ്സ് ഹോട്ടൽ ആൻഡ് കൂൾബാർ, നല്ലൂരിലെ ലിജിൽ ഹോട്ടൽ, മിൽമ കൂൾബാർ, എം.കെ. കൂൾബാർ, പേട്ടയിലെ ലാഹിക് ഹോട്ടൽ, ചുങ്കത്തെ റെഡ്ക്രസന്റ് ആശുപത്രി കാന്റീൻ എന്നീ സ്ഥാപനങ്ങളിൽനിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.
രാവിലെ ആറു മുതൽ അതീവ രഹസ്യമായിട്ടായിരുന്നു പരിശോധന. കടയുടമകൾക്ക് നോട്ടീസ് നൽകുമെന്നും ഇവരിൽനിന്ന് പിഴ അടക്കമുള്ള നിയമ നടപടി സ്വീകരിക്കുമെന്നും നഗരസഭ സെക്രട്ടറി ഷാജുപോൾ അറിയിച്ചു. ജനങ്ങളുടെ നിരന്തരമായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നും തുടരുമെന്നും സെക്രട്ടറി വ്യക്തമാക്കി. 17 ഓളം സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതിൽ പത്തിടങ്ങളിൽനിന്നാണ് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തത്. നഗരസഭ സെക്രട്ടറി ഷാജുപോൾ, ക്ലീൻസിറ്റി മാനേജർ വി.പി. ബാബു, ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. ശിഹാബ്, സി. സുജിൽ, എൻ. സഷിത ജീവനക്കാരായ ഗണേഷ്, വിനോദ്, ഷൈനീഷ്, എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.