നിപ: നാട് നിശ്ചലം
text_fieldsഫറോക്ക്: ടി.പി ഹോസ്പിറ്റലിനു സമീപം ചെറുവണ്ണൂരിൽ 39കാരന് നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് കണ്ടെയ്ൻമെന്റ് സോണാക്കിയ ഫറോക്ക് നഗരസഭയും കോർപറേഷനിൽ ഉൾപ്പെട്ട ചെറുവണ്ണൂർ ഭാഗവും നിശ്ചലമായി. ഭക്ഷ്യവസ്തുക്കളുടെ വിൽപന കേന്ദ്രങ്ങൾ, മരുന്നുകടകൾ, ക്ലിനിക്കുകൾ, ആശുപത്രികൾ തുടങ്ങി അവശ്യ സർവിസുകൾ മാത്രം പ്രവർത്തിച്ചു. വിജനമായ നിരത്തിലൂടെ കാൽനടക്കാർ പോലും കുറവായിരുന്നു.
മൂന്നു ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന ഫറോക്ക് നഗരസഭയെ ചുറ്റുമുള്ള റോഡുകളെല്ലാം അടച്ചുകെട്ടിയായിരുന്നു പ്രതിരോധം തീർത്തത്. മലപ്പുറം ജില്ലയിൽനിന്ന് തിരൂർ, താനൂർ, പരപ്പനങ്ങാടി ഭാഗങ്ങളിൽനിന്ന് കോഴിക്കോട്ടേക്ക് വന്നിരുന്ന വാഹനങ്ങളെ കരുവൻതിരുത്തി, കല്ലംപാറ റോഡ് പാലങ്ങളിൽ തടഞ്ഞ് ഫറോക്കിലേക്ക് കടത്തിവിടാതെ തിരിച്ചയച്ചു.
ദേശീയപാതയിലെ ചെറുവണ്ണൂർ ജങ്ഷനിലും റോഡ് അടച്ചു. ദേശീയ പാതയിൽ പേട്ട, കോയാസ് സ്റ്റോപ്പുകളിൽ ബസ് നിർത്താൻ അനുമതിയില്ല. നിപ സ്ഥിരീകരിച്ച ഡിവിഷൻ 46 ഉൾപ്പെടെ കോർപറേഷനിലെ 43, 44, 45, 47, 48, 51 വാർഡുകളും കണ്ടെയ്ൻമെന്റ് സോണാക്കി.
ചെറുവണ്ണൂരിൽനിന്ന് ബേപ്പൂരിലേക്കുള്ള ബി.സി റോഡ്, കൊളത്തറ റോഡുകളും അടച്ചു. ചെറുവണ്ണൂർ കെ.എസ്.ഇ.ബി ഓഫിസ് തുറന്നു പ്രവർത്തിച്ചിരുന്നുവെങ്കിലും ഉപഭോക്താക്കളെ കർശനമായി നിയന്ത്രിച്ചു. പുതിയ കണക്ഷൻ, താരിഫ് മാറ്റൽ, മീറ്റർ മാറ്റിവെക്കൽ, ബിൽ പേമെന്റ് എന്നിവക്ക് ഓൺലൈൻ സേവനം ഉപയോഗപ്പെടുത്തണമെന്ന് അസി. എൻജിനീയർ അറിയിച്ചു. ഫറോക്ക് നഗരസഭയിലെ പുല്ലിക്കടവ് പാലം അടച്ചു.
രാമനാട്ടുകര - പെരുമുഖം, പൂവ്വന്നൂർ പള്ളി - കള്ളിക്കൂടം, എട്ടേനാൽ - മൊട്ടമ്മൽ, പേട്ട - കോടമ്പുഴ, പേട്ട -പരുത്തിപ്പാറ, ചന്തക്കടവ് - ചന്ത ഹോസ്പിറ്റൽ എന്നീ റോഡുകളെല്ലാം അടച്ചു. ചാലിയം കടവിൽ ജങ്കാർ സർവിസ് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. ഫറോക്ക് നഗരസഭ ഓഫിസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. ഫോൺ: 9188955274.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.