രാത്രിയിൽ ബസ് സർവിസില്ല; യാത്രാദുരിതം പേറി ജനങ്ങൾ
text_fieldsഫറോക്ക്: രാത്രി എട്ടുമണി കഴിഞ്ഞാൽ രാമനാട്ടുകരയിലേക്കും കൊണ്ടോട്ടിയിലേക്കും ഫറോക്കിൽ നിന്ന് എത്തണമെങ്കിൽ സാധാരണക്കാർ ഏറെ ബുദ്ധിമുട്ടുന്നു. പകൽ മുഴുവൻ വൻതിരക്കുള്ള ഫറോക്ക് ബസ് സ്റ്റാൻഡിൽ രാത്രി എട്ടിനുശേഷം രാമനാട്ടുകരയിലേക്കും കൊണ്ടോട്ടിയിലേക്കുമുള്ള ബസ് സർവിസ് ഇല്ലാത്തതാണ് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നത്.
ടൗണിലെ ആവശ്യങ്ങളെല്ലാം കഴിഞ്ഞ് അവസാന ബസ് കയറാനായില്ലെങ്കിൽ മറ്റു ഗതാഗത മാർഗങ്ങൾ അന്വേഷിക്കണം. രാവിലെ ആറര മുതൽ രാത്രി എട്ടുവരെ അഞ്ച് മിനിറ്റ് ഇടവേളകളിൽ തന്നെ ബസ് ഓടുന്നുണ്ട്. ഇഷ്ടാനുസരണം ട്രിപ്പുകൾ റദ്ദാക്കാമെന്ന പുതിയ നിയമം വന്നതോടെയാണ് ബസ് സ്റ്റാൻഡുകളിൽ രാത്രി സർവിസ് കുറഞ്ഞത്. രാത്രി 7.50ന് പുളിക്കൽ ഭാഗത്തേക്കുള്ള ബസ് കഴിഞ്ഞാൽ സ്റ്റാൻഡിൽനിന്ന് ബസ് സർവിസില്ല.
പിന്നീട് ഫറോക്ക് സ്റ്റാൻഡിലെത്തുന്ന കൊണ്ടോട്ടി യാത്രക്കാർക്ക് പേട്ടവരെ ഓട്ടോയിൽ പോയി ബസ് കയറണണം. മുമ്പ് രാത്രിയിൽ ഒമ്പതിന് ശേഷവും രാമനാട്ടുകര ഭാഗത്തേക്ക് സർവിസ് ഉണ്ടായിരുന്നു. ഇപ്പോൾ യാത്രക്കാർ കുറഞ്ഞതാണ് രാത്രിയിൽ ബസുകൾ സർവിസ് നിർത്താൻ പ്രധാന കാരണമെന്ന് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് അബ്ദുല്ല ജോ. സെക്രട്ടറി ഇബ്രാഹിം എന്നിവർ പറഞ്ഞു. എട്ടു മണിക്ക് ശേഷമുള്ള സർവിസ് പുനരാരംഭിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.