ഫറോക്ക് പഴയപാലം പുനരുദ്ധാരണം നടപടിയായില്ല
text_fieldsഫറോക്ക്: പഴയപാലം പുനരുദ്ധാരണത്തിന് ഭരണാനുമതിയായെങ്കിലും നടപടിയായില്ല. ചാലിയാറിന് കുറുകെയുള്ള ബ്രിട്ടീഷ് നിർമിത ഇരുമ്പുപാലം പുതുമോടിയിൽ പുനരുദ്ധരിക്കാൻ 90 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ഇരുവശത്തും ആകർഷകമായ കവാടം ഉൾപ്പെടെയായിരുന്നു നവീകരണ പദ്ധതി. കണ്ടെയ്നർ ഉൾപ്പെടെ വലിയ ചരക്കുവാഹനങ്ങൾ പാലത്തിൽ പ്രവേശിച്ചതിനാൽ മുകൾഭാഗത്തെ ഇരുമ്പുകവചങ്ങളിൽ പലതും തകർന്ന നിലയിലാണ്.
പാലത്തെ താങ്ങിനിർത്തുന്നതിൽ ഈ കവചങ്ങൾക്ക് വലിയ പങ്കുണ്ട്. വലിയ വാഹനങ്ങൾ പാലത്തിൽ പ്രവേശിക്കാതിരിക്കാൻ വർഷങ്ങൾക്കു മുമ്പ് ഇരുഭാഗത്തും ഇരുമ്പുകവാടങ്ങൾ നിർമിച്ചിരുന്നെങ്കിലും ആഴ്ചകൾക്കകം തന്നെ വലിയ വാഹനങ്ങൾ ഇവ തകർത്തു. പലപ്രാവശ്യവും അറ്റകുറ്റപ്പണികൾ നടത്തിയിരുന്നെങ്കിലും വലിയ വാഹനങ്ങൾ ഇടിച്ച് ഇവ തകരുന്നത് നിത്യസംഭവമായി. .
കവാടത്തിന്റെ രൂപകൽപന തയാറായാൽ സാങ്കേതികാനുമതി വാങ്ങി നിർമാണപ്രവൃത്തി നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയായിട്ടില്ല.
പുതിയ ഡിസൈൻ പ്രകാരം പാലത്തിന് സ്വർണനിറം പൂശി അലങ്കാരവിളക്കുകൾ സ്ഥാപിക്കാനും ഇരുകരയിലും കമാനങ്ങൾക്കു സമീപം പൂട്ടുകട്ട പാകി നടപ്പാത സൗകര്യം ഒരുക്കാനും പദ്ധതിയിലുണ്ട്. പ്രവൃത്തി പൂർത്തിയാകുന്നതോടെ കരയിൽനിന്നും ജലയാത്രയിലും ഇരുമ്പുപാലം വിസ്മയ കാഴ്ചയാകും.
വലിയ വാഹനങ്ങൾ പാലത്തിൽ പ്രവേശിക്കുന്നതു നിയന്ത്രിക്കാൻ ഒരുക്കുന്ന സുരക്ഷ കമാനം കരുത്തുറ്റതും ആകർഷകവുമാക്കാനും പദ്ധതിയുണ്ട്. വീതികുറഞ്ഞ പാലത്തിൽ ഇരുവശത്തുനിന്നും വാഹനങ്ങൾ ഒരേസമയം പ്രവേശിച്ച് ഗതാഗത സ്തംഭനവും തകർക്കങ്ങളും പതിവാണ്. ഇത് പരിഹരിക്കാൻ സ്ഥാപിച്ച വൺവേ സിഗ്നൽ ലൈറ്റുകൾ ഇന്നും നോക്കുകുത്തിയാണ്. വർഷങ്ങൾക്കു മുമ്പ് സ്ഥാപിച്ച ഈ ലൈറ്റുകൾ രണ്ടു മാസത്തോളമാണ് പ്രവർത്തിച്ചത്. അക്കാലത്ത് രണ്ടുലക്ഷം രൂപ മുടക്കിയാണ് ഇവ സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.