ഫറോക്ക് ഇ.എസ്.ഐ ആശുപത്രിയിൽ ശസ്ത്രക്രിയ മുടങ്ങിയിട്ട് ഒരു മാസം
text_fieldsഫറോക്ക്: ഫറോക്ക് ഇ. എസ്.ഐ റഫറൽ ആശുപത്രിയിൽ ശസ്ത്രക്രിയ മുടങ്ങിയിട്ട് ഒരു മാസം. സർജറി വിഭാഗം ഡോക്ടർക്ക് സൂപ്രണ്ടിന്റെ താൽക്കാലിക ചുമതല നൽകിയതാണ് ശസ്ത്രക്രിയ മുടങ്ങാൻ കാരണമായത്.
സർജറി വിഭാഗം ഡോക്ടർ കോഴിക്കോട്, മലപ്പുറം , വയനാട് ജില്ലകളിൽ നിന്നുള്ള രോഗികൾക്കായി ചുമതലയുള്ള ഏക സർജനാണ്. ഇദ്ദേഹത്തെയാണ് സൂപ്രണ്ടാക്കി നിയമനം നൽകിയത്. ലക്ഷക്കണക്കിന് ഇ.എസ്.ഐ ഗുണഭോക്താക്കളുടെ മലബാറിലെ ഏക ഇ.എസ്.ഐ റഫറൽ ആശുപത്രിയായ ഫറോക്ക് ഇ.എസ്.ഐ യിൽ രക്തബാങ്കിനായുള്ള കാത്തിരിപ്പും അനന്തമായി നീളുകയാണ് .
ഒമ്പത് മാസം മുമ്പ് ഉദ്ഘാടനം കഴിഞ്ഞ ആശുപത്രിയിൽ ഐ.സി.യു ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്. കഴിഞ്ഞ വർഷം ഫെബ്രുവരി 17 നാണ് അന്നത്തെ തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും അത്യാസന്ന നിലയിൽ എത്തുന്ന രോഗികളെ പരിചരിക്കാനോ ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ ചികിത്സിക്കാനോ പോലും ഉപകാരപ്പെടാതെ ഐ.സി.യു സംവിധാനം തുറന്നു പ്രവർത്തിക്കാത്തത് വൻ പ്രതിഷേധങ്ങൾക്കിടയാക്കിയിട്ടുണ്ട്.
ശസ്ത്രക്രിയകൾക്ക് രക്തത്തിനായി കോഴിക്കോട് ബീച്ച് ആശുപത്രിയെ സമീപിക്കുകയാണ് പതിവ്. 1987 ജനുവരിയിലാണ് കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് ജില്ലയിലെ ഇ.എസ്.ഐ. ഗുണഭോക്താക്കൾക്കായി ഫറോക്കിൽ ഇ.എസ്.ഐ റഫറൽ ആശുപത്രി സ്ഥാപിതമായത്.
അന്നുമുതൽ രക്തബാങ്ക് ടെക്നീഷ്യന്റെ തസ്തിക ആശുപത്രിയിൽ ഉണ്ടായിരുന്നെങ്കിലും രക്തബാങ്ക് ഇല്ലാത്തതിനെ തുടർന്ന് ടെക്നീഷനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിനിയമിച്ചു. ഓപറേഷൻ വിഭാഗങ്ങൾക്കായി രണ്ട് തിയറ്ററുകളാണ് ആശുപത്രിയിൽ പ്രവർത്തിക്കുന്നത്. നൂറു കിടക്കകളുള്ള കിടത്തിച്ചികിത്സ ആശുപത്രിയിൽ രക്തബാങ്ക് വേണമെന്ന വർഷങ്ങളുടെ ആവശ്യം ഇപ്പോഴും നടപ്പായിട്ടില്ല. സി.ടി. സ്കാൻ, അൾട്രാസൗണ്ട് സ്കാൻ, എക്സ് റേ തുടങ്ങിയ സൗകര്യങ്ങൾ ആശുപത്രിയിലുണ്ടായിട്ടും രക്തബാങ്ക് ഇല്ലെന്ന കാരണത്താലാണ് പ്രസവസംബന്ധമായ ശസ്ത്രക്രിയകൾക്ക് ഇ.എസ്.ഐ ഗുണഭോക്താക്കളിൽ ഏറിയപങ്കും ഇവിടെനിന്ന് റഫറൻസ് വാങ്ങി കെ.എം.സി.ടി, മെഡിക്കൽ കോളജ് എന്നിവിടങ്ങളിലേക്കാണ് പറഞ്ഞു വിടുന്നത്.
ആശുപത്രിയിലെ ഐ .സി. യു ഉദ്ഘാടനം കഴിഞ്ഞെങ്കിലും ആശുപത്രിക്ക് കൈമാറ്റം നടത്തിയില്ലെന്നും മതിയായ ജീവനക്കാരില്ലെന്നുമുള്ള വിചിത്ര മറുപടികളാണ് ആശുപത്രി അധികൃതർ നൽകുന്നത് .
കഴിഞ്ഞ ആഴ്ച ഫറോക്ക് ഇ. എസ്. ഐ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയരാക്കിയ അഞ്ചോളം പേരെ ഐ. സി. യു. വിൽ പ്രവേശിപ്പിക്കേണ്ടതിനു പകരം കിടത്തിയത് സമീപത്തെ ഗൈനക്കോളജി വാർഡിനുള്ളിലെ താൽക്കാലികമായി സജ്ജീകരിച്ച മുറിയിലാണ്. പല വിഭാഗങ്ങളിലെയും ഡോക്ടർമാർ ഒട്ടുമിക്ക ദിവസവും അവധിയിലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.