ഞെളിയൻപറമ്പ്: സംസ്കരണ കമ്പനിക്ക് കരാറും പണവും നൽകിയിട്ടും മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നു
text_fieldsഫറോക്ക്: ഞെളിയൻപറമ്പിൽ വർഷങ്ങൾ പഴക്കമുള്ള ടൺകണക്കിന് പ്ലാസ്റ്റിക്ക് മാലിന്യങ്ങളടക്കം കുന്നുപോലെ കുമിഞ്ഞുകൂടിക്കിടക്കുന്നത് കോഴിക്കോടിനെ ഭീതിയിലാഴ്ത്തുന്നു. കോർപറേഷന്റെ മാലിന്യ നിക്ഷേപകേന്ദ്രമായ ഞെളിയൻപറമ്പിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തമാണ് ഏതു നിമിഷവും മറ്റൊരു ബ്രഹ്മപുരമാകുമോ എന്ന ആശങ്കയിൽ ജനത്തെ ഭീതിപ്പെടുത്തുന്നത്.
വർഷങ്ങളായി ഇവിടെ കുമിഞ്ഞുക്കിടക്കുന്ന പ്ലാസ്റ്റിക്ക്, ജൈവ മാലിന്യങ്ങൾക്ക് കഴിഞ്ഞ ദിവസം തീപിടിച്ചിരുന്നു. മണിക്കൂറുകൾ അഗ്നിശമനസേന അക്ഷീണ പ്രയത്നം നടത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. എങ്കിലും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ അന്ന് വൈകുന്നേരവും പുകഞ്ഞുതന്നെയിരുന്നിരുന്നു.
ഇതാണ് ആശങ്കയുയർത്തിയത്. മാലിന്യം സംസ്കരണം ഏറ്റെടുത്ത കരാർ കമ്പനി ഇപ്പോഴും നിലവിലുണ്ടെങ്കിലും ജൈവമാലിന്യ സംസ്കരണം കാര്യമായി നടക്കുന്നില്ലെന്നാണ് സൂചന. നേരത്തെ ഞെളിയൻപറമ്പിലെ മാലിന്യങ്ങൾ വളമാക്കി വിൽപന നടത്തിയിരുന്നെങ്കിലും ഈ പ്രവൃത്തി നിലച്ചതോടെയാണ് ഇവിടേക്ക് ദിവസേനയെത്തുന്ന ടൺകണക്കിന് മാലിന്യങ്ങൾ കുമിഞ്ഞുകൂടാൻ തുടങ്ങിയത്.
2019ൽ മാലിന്യം സംസ്കരിച്ച് ഊർജം ഉല്പാദിപ്പിക്കാനായി ഒരു കമ്പനിക്ക് കരാർ നൽകിയിരുന്നു. കോർപറേഷൻ വർഷാവർഷം കരാർ പുതുക്കിനൽകുകയും പണം നൽകുകയും ചെയ്യുന്നുണ്ടെങ്കിലും സംസ്കരണം വേണ്ടരീതിയിൽ നടക്കുന്നില്ലെന്നാണ് സത്യം. കമ്പനിയുടെ കരാർ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
വേനൽക്കാലത്താണ് കൂടുതൽ സംസ്കരണം നടക്കേണ്ടത്. മഴപെയ്താൽ സംസ്കരണം യഥാസമയം നടക്കില്ല. സംസ്കരിക്കേണ്ട സമയത്ത് കരാർ കമ്പനി പ്രവൃത്തി നടത്തുന്നില്ലെന്നും സംസ്കരണത്തിന്റെ മറവിൽ കരാർ കമ്പനി വൻതുക കോർപറേഷനിൽനിന്നും കൈപ്പറ്റിയിട്ടുണ്ടെന്നും ആരോപണമുണ്ട്.
നാലു തവണ ഈ കമ്പനിക്ക് വേണ്ടി കരാർ പുതുക്കി നൽകിയിട്ടുണ്ട്. കോർപറേഷൻ അധികൃതർ വിഷയത്തിൽ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ബ്രഹ്മപുരത്തേക്കാൾ ഭയാനകമാവും ഞെളിയൻപറമ്പിന്റെ അവസ്ഥ. അത്രക്കും മാലിന്യങ്ങൾ ഇവിടെ കുമിഞ്ഞുകിടപ്പുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.