ടിപ്പു കോട്ടയിൽ ഉത്ഖനനത്തിന് അനുമതി; കേന്ദ്ര പുരാവസ്തു ലൈസൻസ് ലഭിച്ചു
text_fieldsഫറോക്ക്: നീണ്ട കാത്തിരിപ്പിനുശേഷം ഫറോക്ക് ടിപ്പു കോട്ടയിൽ ഉത്ഖനന നടപടികൾ തുടങ്ങുന്നതിന് കേന്ദ്ര പുരാവസ്തു വകുപ്പിന്റെ അനുമതി ലഭിച്ചു. കോട്ടയിൽ കൂടുതൽ പര്യവേക്ഷണം നടത്തുന്നതിന്റെ ഭാഗമായി കേന്ദ്ര പുരാവസ്തു വകുപ്പിന് സംസ്ഥാന പുരാവസ്തു വകുപ്പ് ഉത്ഖനന ലൈസൻസിനായി അപേക്ഷ നൽകിയിരുന്നു.
ദിവസങ്ങൾക്കുമുമ്പാണ് കേന്ദ്ര പുരാവസ്തു വകുപ്പിന്റെ അനുമതി ലഭിച്ചത്. കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം ഉദ്യാഗസ്ഥനും പുരാവസ്തു വകുപ്പ് മലബാർ ഫീൽഡ് സർവേ അസിസ്റ്റൻറുമായ കെ. കൃഷ്ണരാജിന്റെ നേതൃത്വത്തിൽ മാർച്ച് പതിനഞ്ചോടെ ഉത്ഖനനം ആരംഭിക്കും. മഹാശിലായുഗ കാലഘട്ടത്തിലെ ഗുഹ, ടിപ്പു കാലഘട്ടത്തിലെ ഭൂഗർഭ അറ, ബ്രിട്ടീഷ് കാലഘട്ടത്തെ ബംഗ്ലാവ് എല്ലാം ഇന്നും ഇവിടെ തലയുയർത്തി നിൽക്കുന്നുണ്ട്. ജി.പി.ആർ സർവേ വിഭാഗത്തിന്റെ പരിശോധന കോട്ടയിൽ നടന്നിരുന്നു. 47 സ്ഥലങ്ങളിൽ സംഘം മണ്ണിനടിയിലെ സൂചകങ്ങൾ പുരാവസ്തു വകുപ്പിന് അടയാളപ്പെടുത്തി നൽകിയിട്ടുണ്ട്. ഇവിടെയും കുഴിയെടുത്തുള്ള പരിശോധനക്കാണ് പുരാവസ്തു വകുപ്പ് തയാറെടുക്കുന്നത്.
7.74 ഏക്കർ ഭൂമിയിലാണ് കോട്ടയും അനുബന്ധ വസ്തുക്കളും സ്ഥിതി ചെയ്യുന്നത്. കോട്ടയിലെ പ്രാഥമിക പരിശോധനയിൽതന്നെ ബ്രിട്ടീഷ് നിർമിത ചെമ്പ് നാണയം, പിഞ്ഞാണ പാത്രം, ചൈനീസ് പിഞ്ഞാണ പാത്രം, നാണയം പുറത്തിറക്കിയതിന്റെ കളിമൺ മോൾഡ് എന്നിവ ലഭിച്ചിരുന്നു. പരിശോധനക്കുശേഷമാണ് ഭീമൻ കിണർ വൃത്തിയാക്കൽ തുടങ്ങിയത്. കിണർ പടികളിൽനിന്ന് ഡച്ച് നിർമിത വി.ഒ.സി നാണയം ലഭിച്ചു. കോട്ടയുടെ പടിഞ്ഞാറുഭാഗത്തുനിന്ന് ആയുധപ്പുരയുടെ തെളിവുകളും വെടിയുണ്ടകളും കണ്ടെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.