നല്ലളത്ത് വിമത സ്ഥാനാർഥിയുടെ വിജയം; ലീഗിൽ അസ്വാരസ്യം
text_fieldsഫറോക്ക്: ഇടതു പിന്തുണയോടെ, ലീഗിെൻറ എക്കാലത്തെയും കുത്തക സീറ്റായ നല്ലളം 42ാം ഡിവിഷൻ ലീഗ് വിമതർ പിടിച്ചെടുത്തത് നേതൃത്വത്തിന് നാണക്കേടായി.
ചെറുവണ്ണൂർ നല്ലളം പഞ്ചായത്ത് മേഖലയിൽ മുസ്ലിം ലീഗിെൻറ കുത്തക സീറ്റിലാണ് 587 വോട്ടിെൻറ ഭൂരിപക്ഷത്തിൽ ടി. മൈമൂനത്ത് വിജയിച്ചത്.
മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ എം.സി. മായിൻ ഹാജിയുടെ വീട് സ്ഥിതി ചെയ്യുന്നത് ഇതേ ഡിവിഷനിലാണ്. ഇവിടെ ഏകപക്ഷീയമായി സ്ഥാനാർഥിയെ നിർത്തിയെന്നാരോപിച്ചാണ് ഒരു വിഭാഗം ലീഗ് പ്രവർത്തകർ വിമത സ്ഥാനാർഥിയെ നിർത്തുകയായിരുന്നു.
തുടർന്ന് സജീവ പ്രവർത്തകരെയടക്കം ഒട്ടേറെ പേരെ പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. ജനകീയ മുന്നണി രൂപവത്കരിച്ചാണ് ലീഗ് വിമതർ തെരഞ്ഞെടുപ്പ് രംഗത്തിറങ്ങിയത്.
നേരത്തെ രണ്ടുതവണ പഞ്ചായത്തിലേക്ക് ലീഗ് പ്രതിനിധിയായി പഴയ ചെറുവണ്ണൂർ- നല്ലളം പഞ്ചായത്തിലെ നാല്, 20 വാർഡുകളിൽനിന്ന് മൈമൂന ടീച്ചർ വിജയിച്ചിരുന്നു.
ബേപ്പൂർ നിയോജക മണ്ഡലത്തിൽ പെടുന്ന ചെറുവണ്ണൂർ- നല്ലളം മേഖലയിൽ യു.ഡി.എഫിന് ഏക ആശ്വാസവിജയം നേടിക്കൊടുത്തത് നാൽപത്തിയൊന്നാം ഡിവിഷൻ അരീക്കാടുനിന്ന് മുസ്ലിം ലീഗ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച അജീബ ബീവിയുടെ സീറ്റാണ്. ഇതേ ഡിവിഷനിലെ മുൻ കൗൺസിലർ മുഹമ്മദ് ഷമീൽ തങ്ങളുടെ ഭാര്യകൂടിയാണ് അജീബ ബീവി.
ബേപ്പൂർ മേഖലയിൽ ലീഗിന് ലഭിച്ച ഏക സീറ്റായിരുന്നു മാത്തോട്ടത്തേത്. എന്നാൽ, ജില്ല യൂത്ത് ലീഗിെൻറ യുവ നേതാവിനെ തഴഞ്ഞ് മാത്തോട്ടത്ത് 75 വയസ്സുള്ള തലമുതിർന്ന നേതാവിനെയാണ് മത്സരരംഗത്ത് നിർത്തിയത്. ലീഗ് ഇവിടെ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതും ലീഗ് നേതൃത്വത്തിന് വലിയ അടിയായി.
ലീഗിൽ മാത്തോട്ടത്ത് യുവാക്കളെ നിർത്തണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും നേതൃത്വം ചെവിക്കൊണ്ടില്ല. നല്ലളത്തെ ലീഗിെൻറ കുത്തക സീറ്റിലെ പരാജയവും മാത്തോട്ടത്തെ പാർട്ടിയുടെ മൂന്നാം സ്ഥാനവും വലിയ ചർച്ചക്ക് വേദിയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.