ഉത്തരവാദിത്ത ടൂറിസം പദ്ധതി; വിദേശികൾക്ക് മുന്നിൽ വിസ്മയക്കാഴ്ചയായി കയർ
text_fieldsഫറോക്ക്: ഏഴാം കടലിനക്കരെ നിന്നെത്തിയ വിദേശീയർ ചകിരിതുപ്പും ചകിരിച്ചോറും കണ്ട് അത്ഭുതം കൂറി. 19 രാജ്യങ്ങളിൽ നിന്നായി വിവിധ ഭാഷകൾ സംസാരിക്കുന്ന 25 അംഗ ടീം കടലുണ്ടി വില്ലേജ് ലൈഫ് എക്സ്പീരിയൻസ് സ്ട്രീറ്റിലെ കയർ ഫാക്ടറിയും നൂൽനൂൽപ്പ് കേന്ദ്രവും കണ്ട് ആസ്വദിച്ച് മടങ്ങി. പച്ച തൊണ്ടിൽ നിന്ന് യന്ത്രങ്ങൾ വഴി ചകരി ഉണ്ടാക്കുന്നതും ചകരി കയറായി നിർമിക്കുന്നതും കയറിന് പലതരം കളർ നൽകുന്നതും ഇവർക്ക് വിസ്മയമായി. ചകിരി തുപ്പിൽ നൃത്തം ചവിട്ടിയും തൊഴിലാളികളെ ചേർത്തുപിടിച്ചും ആനന്ദച്ചിത്തരായി മാറി വിദേശികൾ. ചകിരി ഉപയോഗിച്ച് കയർ പിരിക്കാനും ചിലർ സമയം കണ്ടെത്തി. സമീപത്തെ നൂൽനൂൽപ്പ് കേന്ദ്രത്തിലെത്തി അവിടെയും തൊഴിലാളികൾക്കൊപ്പം ഖാദി വസ്ത്രങ്ങൾ നെയ്തു.
കടലുണ്ടിയിൽ 1958ൽ തുടക്കമിട്ടതാണ് കയർ ഫാക്ടറി. കേരളത്തിന്റെ സൗന്ദര്യവും പാരമ്പര്യവും കണ്ട് മനസ്സിലാക്കി ലോക ശ്രദ്ധയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ 25 അന്താരാഷ്ട്ര ബ്ലോഗർമാരെ തിരഞ്ഞെടുത്ത് പര്യടനമാരംഭിച്ച ‘കേരള ബ്ലോഗ് എക്സ്പ്രസ്’ കഴിഞ്ഞ 13ന് തലസ്ഥാനത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് ഫ്ലാഗ് ഓഫ് ചെയ്തത്. ജില്ലയിലെ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളിൽ പങ്കുചേരുകയായിരുന്നു മുഖ്യ ഉദ്ദ്യേശം. ബെൽജിയം, അർജന്റീന, ആസ്ട്രേലിയ, ബൾഗേറിയ, ബ്രസീൽ, ചിലി, ഇറ്റലി, റുമേനിയ, യു.എസ്, യു.കെ, നെതർലാൻഡ്, കാനഡ, കെനിയ, ദക്ഷിണാഫ്രിക്ക, മലേഷ്യ, ഇന്തോനേഷ്യ, ന്യൂസിലാൻഡ്, തുർക്കി, കൊളംബിയ എന്നിവിടങ്ങളിൽ നിന്നുള്ള ബ്ലോഗർമാരും ഇന്ത്യയിൽ നിന്ന് രക്ഷറാവു, സോംജിത്ത് ഭട്ടാചാര്യ എന്നിവരുമാണ് സംഘത്തിലുണ്ടായിരുന്നത്.
ടൂറിസം വകുപ്പിന്റെ പ്രചാരണ പരിപാടിയായ ബ്ലോഗ് എക്സ്പ്രസിന്റെ ഏഴാം പതിപ്പാണ് ഇപ്പോൾ നടക്കുന്നത്. കടലുണ്ടിയിൽ കയർ വ്യവസായ കേന്ദ്രം പ്രസിഡന്റ് പി. ശശീന്ദ്രൻ, സെക്രട്ടറി സി.കെ. അനിത, ഡയറക്ടർ മങ്ങന്തറ ദേവൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ, കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് വി. അനുഷ, വൈ. പ്രസിഡന്റ് ശിവദാസൻ, ബാദുഷ കടലുണ്ടി തുടങ്ങി ഒട്ടേറെ പേർ അതിഥികളെ വരവേൽക്കാനെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.