ബാരിക്കേഡ് മാറ്റാൻ പൊലീസ് തയാറായില്ല; രോഗിയുമായി പോയ ആംബുലൻസ് വട്ടംകറങ്ങി
text_fieldsഫറോക്ക്: കോൺഗ്രസ് പ്രതിഷേധ മാർച്ച് തടയാനായി ദേശീയപാതയിൽ നല്ലളം പൊലീസ് സ്ഥാപിച്ച ബാരിക്കേഡിൽ കുടുങ്ങി ആംബുലൻസ് വട്ടംകറങ്ങി. പ്രായമേറിയ സ്ത്രീയെയും വഹിച്ച് സൈറൺ മുഴക്കിവന്ന ആംബുലൻസ് ഒന്നാമത്തെ കടമ്പ അതിജീവിച്ചുപോന്നെങ്കിലും നല്ലളം പൊലീസ് സ്റ്റേഷനു മുന്നിലെത്തിയപ്പോൾ ബാരിേക്കഡ് തുറന്നുനൽകാൻ അധികൃതർ തയാറായില്ലെന്നതാണ് ആക്ഷേപത്തിന് വഴിവെച്ചത്. തിങ്കളാഴ്ച രാവിലെ ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധ മാർച്ച് അക്രമാസക്തമായേക്കുമെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്റ്റേഷന് മുന്നിൽ ദേശീയപാതയിൽ രാവിലെ ഒമ്പതിനുതന്നെ ബാരിക്കേഡ് ഉയർത്തിയിരുന്നു.
ചെറുവണ്ണൂർ ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങൾ ബി.സി റോഡ് വഴിയും മറ്റു വാഹനങ്ങൾ മോഡേൺ ബസാർ, നല്ലളം വഴി അരീക്കാടിലേക്കും നഗരത്തിൽനിന്നുള്ള വാഹനങ്ങൾ അരീക്കാടിൽനിന്ന് തിരിഞ്ഞ് ചെറുവണ്ണൂരിൽ പ്രവേശിക്കുന്നരീതിയിലും ഗതാഗതം ക്രമീകരിച്ചിരുന്നു. എന്നാൽ, ചേലേമ്പ്രയിൽനിന്ന് ചുങ്കം ക്രസന്റ് ഹോസ്പിറ്റലിൽ കാലിന്റെ എല്ല് പൊട്ടിയനിലയിൽ എത്തിയ ചേലേമ്പ്ര സ്വദേശി ഇത്താച്ചുട്ടിയെ (85) ഉടൻ മിംസ് ഹോസ്പിറ്റലിലേക്ക് റഫർ ചെയ്യുകയായിരുന്നു. സൈറൺ മുഴക്കിയെത്തിയ ആംബുലൻസിനെ ചെറുവണ്ണൂരിൽ തടഞ്ഞില്ലെങ്കിലും മോഡേൺ ജങ്ഷനിൽ തടഞ്ഞു. നാട്ടുകാർ ഇടപെട്ട് ആംബുലൻസിന് ദേശീയപാതയിലൂടെതന്നെ പോകാൻ അവസരമൊരുക്കി. വീണ്ടും കുതിച്ചെത്തിയ ആംബുലൻസിന് ബാരിക്കേഡ് തടസ്സമാകുകയായിരുന്നു. ബാരിക്കേഡ് തുറക്കാൻ കഴിയില്ലെന്ന് പൊലീസ് അറിയിച്ചതോടെ ആംബുലൻസ് തിരിച്ചുവിട്ട് പഴയ വഴിതന്നെ തേടുകയായിരുന്നു.
രോഗിയുടെ കരച്ചിൽ കേട്ടിട്ടും പൊലീസ് വിട്ടുവീഴ്ചക്ക് തയാറായില്ലെന്നും അപ്പോഴൊന്നും സമരക്കാർ എത്തിയിരുന്നില്ലെന്നും ആംബുലൻസ് ഡ്രൈവർ പറഞ്ഞു. 10 മിനിറ്റ് കൊണ്ട് മിംസിൽ എത്തേണ്ട ആംബുലൻസ് തകർന്ന റോഡിലൂടെ പോയപ്പോൾ 30 മിനിറ്റെടുത്തുവെന്നും ഡ്രൈവർ പറഞ്ഞു. അതേസമയം, ബാരിക്കേഡ് അഴിച്ചുമാറ്റാൻ കൂടുതൽ സമയം വേണ്ടിവന്നേക്കും. അത്രയും സമയം ആംബുലൻസ് കാത്തിരിക്കണം. അതുകൊണ്ടാണ് തിരികെ പോകാൻ നിർദേശിച്ചതെന്നും ഇതെല്ലാം മുൻകൂട്ടി കണ്ടുകൊണ്ടാണ് രണ്ടുഭാഗത്തും ഗതാഗതം ക്രമീകരിച്ചുവിടാൻ പൊലീസിനെ നിർത്തിയതെന്നും നല്ലളം ഇൻസ്പെക്ടർ കെ.എ. ബോസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.