ഫറോക്ക് പഴയ ഇരുമ്പുപാലത്തിലെ നിയന്ത്രണം മറികടന്നു കണ്ടെയ്നർ ലോറി കുടുങ്ങി
text_fieldsഫറോക്ക്: ലക്ഷങ്ങൾ മുടക്കി നവീകരിച്ച ഫറോക്ക് പഴയ ഇരുമ്പുപാലത്തിൽ ഉയരമുള്ള വാഹനങ്ങൾ പ്രവേശിക്കാതിരിക്കാൻ പാലത്തിന് ഇരുവശങ്ങളിലും റോഡിൽ ഹംപ് (റംപിൾസ്ട്രിപ്) സ്ഥാപിച്ചെങ്കിലും മണിക്കൂറുകൾക്കുള്ളിൽ കണ്ടെയ്നർ ലോറി പാലത്തിൽ കുടുങ്ങി.
വെള്ളിയാഴ്ച രാവിലെയാണ് കണ്ടെയ്നർ പാലത്തിൽ പ്രവേശിച്ച് സുരക്ഷാകവചത്തിൽ കുടുങ്ങിയത്. പാലം നവീകരിച്ചതിനുശേഷം പത്തിലധികം തവണ ഉയരമുള്ള വാഹനങ്ങൾ പാലത്തിൽ കുടുങ്ങിയിരുന്നു.
അപകടങ്ങൾ ഒഴിവാക്കാൻ ഫറോക്ക് പഴയ പാലത്തിനുസമീപം ചെറിയതരം വേഗത്തട (റംപിൾ സ്ട്രിപ്) സ്ഥാപിച്ചിരുന്നത്. പാലത്തിലേക്ക് അതിവേഗത്തിൽ വാഹനങ്ങൾ പ്രവേശിക്കുന്നത് തടയാൻ മരാമത്ത് വകുപ്പ് ഇടപെട്ടാണ് ഇരു കവാടത്തിലും വേഗത്തട ഒരുക്കിയത്.
ചെറുവണ്ണൂർ കരയിൽ മല്ലിക തിയറ്ററിന് സമീപത്തും ഫറോക്ക് ഭാഗത്ത് പാലത്തിന് 30 മീറ്റർ അകലെയുമാണ് വ്യാഴാഴ്ച ഹംപ് സ്ഥാപിച്ചിരുന്നത്. ഇതോടൊപ്പം പാലത്തിന്റെ ഇരുകവാടത്തിലും ചെറുവണ്ണൂരിലും കഴിഞ്ഞദിവസം മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിരുന്നു.
നവീകരിച്ച പാലത്തിൽ തുടർച്ചയായി ഉയരക്കൂടുതലുള്ള വാഹനങ്ങൾ പ്രവേശിച്ച് അപകടങ്ങൾ ഉണ്ടായതോടെ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നിർദേശപ്രകാരം പൊതുമരാമത്ത് പാലം വിഭാഗം ഉദ്യോഗസ്ഥർ പരിശോധിച്ച് സുരക്ഷാ സംവിധാനങ്ങൾ പുനഃക്രമീകരിക്കാൻ തീരുമാനിച്ചിരുന്നു.
ഇതിന്റെ ഭാഗമായാണ് നടപടി. 3.60 മീറ്ററിൽ അധികം ഉയരമുള്ള വാഹനങ്ങൾ നിരോധിച്ചത് സൂചിപ്പിച്ച് ഫറോക്ക് ഭാഗത്ത് പാലം എത്തുന്നതിനുമുമ്പും ചെറുവണ്ണൂർ ജങ്ഷൻ പരിസരത്തും പാലത്തിന്റെ പരിസരത്തും ബോർഡുകൾ സ്ഥാപിച്ചിരുന്നു. കണ്ടെയ്നർ, ടാങ്കർ ട്രക്കുകൾ എന്നിവക്ക് വിലക്കേർപ്പെടുത്തി ഇവയുടെ ചിത്രം സഹിതമുള്ള ബോർഡുകൾ ഒരുക്കിയിട്ടുണ്ടെങ്കിലും ഉയരമുള്ള വാഹനങ്ങൾ പാലത്തിൽ കുടുങ്ങുന്നത് നിത്യസംഭവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.