16 വർഷമായി സൗദി ജയിലിൽ കഴിയുന്ന ഫറോക്ക് സ്വദേശിയുടെ മോചനം കാത്ത് കുടുംബം
text_fieldsഫറോക്ക്: 16 വര്‍ഷമായി സൗദി റിയാദിലെ ഹയർ ജയിലില്‍ തടവിൽ കഴിയുന്ന ഫറോക്ക് സ്വദേശിയുടെ മോചനത്തിന് കോടതികൾ കയറിയിറങ്ങി കാത്തിരിപ്പാണ് വൃദ്ധയായ മാതാവും സഹോദരങ്ങളും. രാമനാട്ടുകര നഗരസഭയിലെ കോടമ്പുഴ സ്വദേശി 39കാരൻ മച്ചിലകത്ത് പീടിയേക്കൽ അബ്ദുറഹീമിന്റെ മോചനത്തിനായി കോടതി നടപടികൾക്ക് പുറമെ കേന്ദ്ര -സംസ്ഥാന സർക്കാറുകൾക്കും ഇന്ത്യൻ എംബസിക്കും അപേക്ഷ നല്കി കാത്തിരിപ്പിലാണ് കുടുംബം.
16 വര്‍ഷം മുമ്പ് റിയാദിൽ സൗദി പൗരൻ അനസ് ബിൻ ഫായിസ് അബ്ദുല്ല അൽ ഷിഹാരിയുടെ സ്പോൺസർഷിപ്പിൽ സൗദിയിലേക്ക് ഡ്രൈവർ കം വീട് സഹായിയായി 2006 നവംബർ 18നാണ് അബ്ദുറഹീം ജോലിയിലെത്തിയത്. ഇവിടെയെത്തിയ ശേഷമാണ് ഇരിക്കാനോ നടക്കാനോ പറ്റാത്ത അവസ്ഥയിൽ പാതിതളർന്ന് കഴിയുന്ന സൗദി പൗരനെയാണ് പരിചരിക്കേണ്ടതെന്ന് അറിയുന്നത്. വിദേശത്ത് എത്തിയ റഹീമിന് ഇക്കാമയോ ഡ്രൈവിങ് ലൈസൻസോ കിട്ടിയിരുന്നില്ല.
എന്നാൽ, സൗദിയിലെത്തി 35ാം ദിവസം പാതി തളർന്ന സൗദി പൗരനുമായി യാത്ര ചെയ്യേണ്ടിവന്ന റഹീമിന് ഓടിക്കൊണ്ടിരിക്കുന്ന കാർ ചുവന്ന സിഗ്നൽ കണ്ട് നിർത്തിയപ്പോൾ സൗദി ബാലൻ സിഗ്നൽ ക്രോസ് ചെയ്യാൻ ആവശ്യപ്പെടുകയും റഹീമിന് നേരെ ഒച്ച വെക്കുകയും തുപ്പുകയും ചെയ്തു. റഹീം വലതുകൈ കൊണ്ട് ഇത് തടയാൻ ശ്രമിച്ചു. ഇതിനിടെ സൗദി പൗരൻ തലതിരിച്ചപ്പോൾ നിർഭാഗ്യവശാൽ ഭക്ഷണത്തിനും ശ്വസനത്തിനുമായി കഴുത്തിൽ പിടിപ്പിച്ചിരുന്ന യന്ത്രത്തിൽ റഹീമിന്റെ കൈ അറിയാതെ തട്ടിയത് ഇയാളുടെ മരണത്തിന് കാരണമായി. തുടർന്ന് മരിച്ച സൗദി പൗരന്റെ കുടുംബം കേസ് കൊടുക്കുകയും കൊലക്കുറ്റം ചുമത്തിയതിനാൽ കോടതി വധശിക്ഷ വിധിക്കുകയും ചെയ്യുകയായിരുന്നു. ഇതിനെതിരെ റിയാദ് എംബസിവഴി കഴിഞ്ഞ 16 വർഷമായി കേസ് നടത്തിക്കൊണ്ടിരിക്കുകയാണ്. റിയാദ് കേന്ദ്രമായി കെ.എം.സി.സിയുടെ നേതൃത്വത്തിൽ റഹീമിന്റെ മോചനത്തിനായി അന്ന് മുതൽ ശ്രമം തുടരുകയാണ്. കെ.എം.സി.സിയുടെ നേതൃത്വത്തിൽ ഇപ്പോൾ റിയാദിൽ നിരവധി മലയാളികൾ ഉൾപ്പെടുന്ന സംഘടനകളുടെ ഒരു കൂട്ടായ്മ രൂപംകൊണ്ട് 'നിയമസഹായ സമിതി' രൂപവത്കരിച്ച് പ്രവർത്തിക്കുന്നുണ്ട്. പ്രവർത്തനത്തിന് താങ്ങായി നാട്ടിൽ ബേപ്പൂർ നിയോജക മണ്ഡലത്തിൽ സർവകക്ഷി സമിതി രൂപവത്കരിച്ചു.
മോചനത്തിന് ഇടപെടണമെന്ന് അഭ്യർഥിച്ച് കെ.എം.സി.സിയുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും നിയമസഹായ സമിതികളുടെയും സഹായത്തോടെ എംബസിക്കും സര്‍ക്കാറുകൾക്കും മാതാവും കുടുംബവും കത്ത് നല്‍കിയിട്ടുണ്ട്. നിയമസഹായ സമിതി രൂപവത്കരണത്തിനായി ബേപ്പൂർ മണ്ഡലത്തിലെ രാഷ്ട്രീയപാർട്ടികൾ സംയുക്തമായി വിളിച്ച സർവകക്ഷിയോഗത്തിൽ ജില്ല ലീഗ് പ്രസിഡന്റ് ഉമ്മർ പാണ്ടികശാല അധ്യക്ഷത വഹിച്ചു. കെ.കെ. ആലിക്കുട്ടി കേസ് സംബന്ധമായ കാര്യങ്ങൾ വിശദീകരിച്ചു. വിവിധ കക്ഷിനേതാക്കൾ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.