ഭാര്യയെ കൊലചെയ്ത യുവാവിനെ റിമാൻഡ് ചെയ്തു
text_fieldsഫറോക്ക്: ഭാര്യയെ കത്രികകൊണ്ട് കഴുത്തിന് കുത്തി കൊന്ന സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ഭർത്താവിനെ റിമാൻഡ് ചെയ്തു. കോടമ്പുഴ പള്ളി മേത്തൽ ചാത്തൻപറമ്പ് ഇയ്യത്തുകല്ലിന് സമീപം താമസിക്കുന്ന പുള്ളിതൊടി ലിജേഷ് (37)നെയാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
വ്യാഴാഴ്ച രാത്രി 8.45നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഭാര്യ പാലക്കാട് മണ്ണാർക്കാട് സ്വദേശിനി മല്ലിക (42)യെയാണ് ഇവർ താമസിക്കുന്ന വീട്ടിൽവെച്ച് രണ്ടു പിഞ്ചുമക്കളുടെ മുന്നിൽവെച്ച് കൊലചെയ്തത്. കഴുത്തിനും നെറ്റിയിലുമടക്കം കത്രിക ഉപയോഗിച്ച് ശരീരത്തിൽ പത്തിലധികം കുത്തുകളേറ്റിട്ടുണ്ട്.
ഇതിൽ കത്രികയുടെ മൂർച്ചയേറിയ ഭാഗം ഉപയോഗിച്ച് കഴുത്തിലേറ്റ ഒട്ടേറെ മുറിവുകളാണ് മരണത്തിന് കാരണമായത്. പരസ്പരമുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഒമ്പതു വർഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. പാലക്കാട് ജോലിക്കുപോയിരുന്ന ലിജേഷ് അവിടെ വെച്ചാണ് മല്ലികയെ കാണുന്നത്.
യുവതിയുടെ ഭർത്താവ് നേരത്തെ സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് വിഷം കഴിച്ച് ആത്മഹത്യ ചെയ്തതായാണ് യുവതി അയൽവാസികളോട് പറഞ്ഞിരുന്നത്. ഈ ബന്ധത്തിൽ ഒരു ആൺകുട്ടിയുണ്ട്. ഭർത്താവ് മരിച്ചതിനുശേഷം ഒരു കടയിൽ ജോലിക്കു നിന്നിരുന്ന മല്ലികയെ അവിടെവെച്ചാണ് ലിജേഷ് പരിചയപ്പെടുന്നത്. ഈ ബന്ധം പിന്നീട് പ്രണയമാവുകയും വിവാഹത്തിലേക്ക് നയിക്കുകയും ചെയ്തു.
വിവാഹത്തിനു മുമ്പ് കുഞ്ഞിനെ സംരക്ഷിക്കാമെന്ന് യുവതിയോട് പറഞ്ഞിരുന്നതായും വിവാഹം കഴിഞ്ഞതിനു ശേഷം കുഞ്ഞിനെ ലിജേഷ് നോക്കിയില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഇവർ ഇടക്കിടക്ക് വഴക്കിടാറുണ്ടെന്നും അയൽവാസികൾ പറഞ്ഞു. പ്രദേശത്തെ ജാഗ്രത സമിതി, നാട്ടുകാർ, ഫറോക്ക് പൊലീസ് എന്നിവർ ഇവരുടെ പ്രശ്നത്തിൽ നിരന്തരം ഇടപെടാറുണ്ടായിരുന്നു. വ്യാഴാഴ്ച രാത്രി കൊലപാതകത്തിനു മുമ്പും ഇവരുടെ പ്രശ്നത്തിൽ നാട്ടുകാർ ഇടപെട്ടിരുന്നു.
നിത്യേനെയുണ്ടാകുന്ന തർക്കം എന്നതിനാൽ നാട്ടുകാർ അത്ര കാര്യമാക്കിയില്ല. ഭാര്യ ജോലിക്കു പോകുന്നതിനെ ചൊല്ലിയും തർക്കം പതിവായിരുന്നു. ഭക്ഷണം, വസ്ത്രം, ചികിത്സ, തുടങ്ങി തന്റെ കാര്യങ്ങളിൽ ശ്രദ്ധിക്കാത്തതുകൊണ്ടാണ് ജോലിക്ക് പോകുന്നതെന്ന് യുവതി പ്രശ്നത്തിൽ ഇടപെട്ടിരുന്ന നാട്ടുകാരോട് പറഞ്ഞിരുന്നു.
വീടിന് സമീപത്തെ കെ.എം.ഒ യതീംഖാനയിൽ ഹെൽപറായി ജോലി ചെയ്യുകയാണ് യുവതി. ലഹരിക്ക് അടിമയായിരുന്ന യുവാവ് ഭാര്യയെ നിരന്തരം മർദിക്കാറുണ്ടെന്നും നിരവധി തവണ നാട്ടുകാരും പൊലീസും ഇടപെട്ടാണ് പ്രശ്നങ്ങൾ പറഞ്ഞുതീർക്കാറെന്നും പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകീട്ട് 5.35ന് കോടമ്പുഴ കെ.എം.ഒ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനുവെച്ചു. മല്ലികയുടെ മക്കളായ മൂന്നര വയസ്സുകാരൻ ഗോകുൽ, ആറു വയസ്സുകാരി മഹിമ എന്നിവരെ സ്ഥലത്തെ അംഗൻവാടി ടീച്ചറും കൗൺസിലറും ചേർന്ന് ലിജേഷിന്റെ മാതാവ് താമസിക്കുന്ന വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുവന്ന് മൃതദേഹം കാണിച്ചുകൊടുത്തത് ഹൃദയവേദനാജനകമായ രംഗങ്ങൾക്ക് വേദിയായി.
നൂറുകണക്കിനാളുകൾ അന്ത്യോപചാരം അർപ്പിക്കാനെത്തി. മരണവിവരമറിഞ്ഞ് യുവതിയുടെ സഹോദരനും അമ്മാവനും അമ്മാവന്റെ മകനും കൗൺസിലറും പാലക്കാടുനിന്നും എത്തിയിരുന്നു. തുടർന്ന് വൈകീട്ടോടെ മൃതദേഹം സ്വദേശമായ പാലക്കാട്ടേക്ക് കൊണ്ടുപോയി.
ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്ധരും പൊലീസും കൊലപാതകം നടന്ന വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു. ഫറോക്ക് അസി. കമീഷണർ എ.എം. സിദ്ദീഖിനാണ് കേസന്വേഷണ ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.