ചാലിയാറിൽ ഒഴുക്കിൽപെട്ട യുവതിയെ രക്ഷിച്ചു; ഭർത്താവിനെ കാണാനില്ല
text_fieldsഫറോക്ക്: ചാലിയാറിൽ ഒഴുക്കിൽപെട്ട നവദമ്പതികളിൽ യുവതി മീൻപിടിത്തക്കാർ ചുഴറ്റിയെറിഞ്ഞ കയറിൽ പിടിച്ച് രക്ഷപ്പെട്ടു. കയറിൽ കൈയെത്തുംമുമ്പേ പുഴയുടെ ആഴങ്ങളിലേക്ക് വഴുതിപ്പോയ യുവാവിനെ കണ്ടെത്താനായില്ല.
മഞ്ചേരി പട്ടാപ്പുറത്ത് ഷാജി തോമസിന്റെ മകൻ ജിതിനെയാണ് (28) കാണാതായത്. ഭാര്യ വർഷയാണ് സാഹസികമായി രക്ഷപ്പെട്ടത്. ഞായറാഴ്ച രാവിലെ 10.15ന് ഇരുവരും ആളുകൾ നോക്കിനിൽക്കേ പുതിയ പാലത്തിൽനിന്ന് ചാടുകയായിരുന്നുവത്രേ. അപകടരംഗം ശ്രദ്ധയിൽപെട്ട ലോറിക്കാർ കയറെടുത്ത് പുഴയോരത്തെ മത്സ്യത്തൊഴിലാളികൾക്ക് നൽകി. അവരത് പുഴയിൽ അകപ്പെട്ട ദമ്പതികൾക്ക് മുന്നിലേക്ക് വീശിയെറിഞ്ഞു. കയറിൽ പിടിച്ചുതൂങ്ങിയ വർഷയെ ചാലിയാറിന്റെ അടിത്തട്ടിൽനിന്ന് മീൻപിടിത്തക്കാർ പിടിച്ചു കയറ്റുകയായിരുന്നു. തുടർന്ന് ബോധം മറഞ്ഞ വർഷയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. അപകടനില തരണം ചെയ്തിട്ടുണ്ട്. ജിതിന് വേണ്ടിയുള്ള തിരച്ചിൽ മണിക്കൂറുകൾ നീണ്ടു.
അഗ്നിരക്ഷാസേന, തീരസംരക്ഷണസേന, മത്സ്യത്തൊഴിലാളികൾ, നാട്ടുകാർ എന്നിവർ സംയുക്തമായി തിരച്ചിൽ നടത്തി. മീഞ്ചന്ത അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫിസർ എം.കെ. പ്രമോദിന്റെയും ഗ്രേഡ് അസി. ഓഫിസർ ശിഹാബുദ്ദീന്റെയും നേതൃത്വത്തിൽ മുങ്ങൽ വിദഗ്ധരും തീരദേശ പൊലീസ്, സിവിൽ ഡിഫൻസ് വളന്റിയർമാരും മത്സ്യത്തൊഴിലാളികളുമാണ് തിരച്ചിൽ നടത്തിയത്. വൈകീട്ട് ശക്തമായ അടിയൊഴുക്ക് തിരച്ചിലിന് തടസ്സമുണ്ടാക്കി. തിരച്ചിൽ തിങ്കളാഴ്ചയും തുടരും. ജിതിൻ -വർഷ വിവാഹം ആറു മാസം മുമ്പാണ് രജിസ്റ്റർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.