മിഠായിത്തെരുവിൽ വീണ്ടും തിരക്കിന്റെ ഉത്സവം
text_fieldsകോഴിക്കോട്: കോവിഡ് ഭീതി പൂർണമായി ഒഴിഞ്ഞശേഷമുള്ള ഏറ്റവും വലിയ തിരക്കിലാണിപ്പോൾ മിഠായിത്തെരുവ്. പെരുന്നാളും വിഷുവും മധ്യവേനലവധിയും പ്രമാണിച്ചുള്ള കച്ചവടച്ചൂടിലേക്ക് മീനച്ചൂടിലും ഉണർന്നിരിക്കുകയാണ് കോഴിക്കോടിന്റെ പേരുകേട്ട തെരുവ്.
എൽ.ഇ.ഡി വിളക്കുകളും പന്തലുമൊക്കെയിട്ട് ഒരുങ്ങിയ തെരുവിൽ ശനിയാഴ്ച സ്കൂളുകൾ പൂട്ടിയതോടെയാണ് തിരക്ക് പാരമ്യത്തിലെത്തിയത്. കടുത്ത ചൂടിൽ ഷോപ്പിങ്ങിനെത്തുന്നവരെ സഹായിക്കാൻ എല്ലാ സൗകര്യങ്ങളുമൊരുക്കിയിരിക്കയാണ് വ്യാപാരികളുടെ കൂട്ടായ്മ. പ്രളയത്തിലും കോവിഡിലും തകർന്ന ബിസിനസ് ഈ കൊല്ലമാണ് പഴയ പ്രതാപത്തിലെത്തിയതെന്ന് തെരുവിലെ പ്രമുഖ വ്യാപാരി സി.പി. അബ്ദുറഹിമാൻ പറഞ്ഞു.
മിഠായിത്തെരുവിൽ ഈ നോമ്പുകാലത്ത് വ്രതമവസാനിപ്പിക്കാനുള്ള വിപുലമായ സൗകര്യമാണ് വ്യാപാരികൾ ഒരുക്കിയത്. പല കടകളോടും ചേർന്ന് ശീതളപാനീയ വിൽപനയുമുണ്ട്. ഇതോടെ നോമ്പുതുറ മിഠായിത്തെരുവിൽ തന്നെയാക്കാമെന്ന നിശ്ചയത്തിൽ കുടുംബസമേതം ഷോപ്പിങ്ങിനെത്തുന്നവരുടെ എണ്ണം വർധിച്ചു. നോമ്പുതുറ കിറ്റുകൾ വിതരണം ചെയ്യുന്ന സംഘങ്ങളും സജീവമാണ്.
കടകളിൽ മറന്നുവെക്കുന്ന സാധനങ്ങൾ തിരിച്ചെത്തിക്കാനും മറ്റും വ്യാപാരികളുടെയും ജീവനക്കാരുടെയും വാട്സ്ആപ് ഗ്രൂപ്പുകളുമുണ്ട്. രാവിലെ 10ന് തുറക്കുന്ന കടകൾ രാത്രി 12ന് ശേഷവും പ്രവർത്തിക്കുന്ന സ്ഥിതി തിരിച്ചുവന്നു. ഓൺലൈൻ വിപണിയോട് മത്സരിക്കാൻ സാധനങ്ങൾ ഡോർ ഡെലിവറി ചെയ്യുന്ന സംവിധാനവും തെരുവിലെ വ്യാപാരികൾ തുടങ്ങിക്കഴിഞ്ഞു.
പാർക്കിങ്ങിന് സംവിധാനം വേണം
പഴയ സത്രം ബിൽഡിങ് പൊളിച്ചുമാറ്റിയ മിഠായിത്തെരുവ് കവാടത്തിലെ പാർക്കിങ് പ്ലാസക്കായുള്ള സ്ഥലം ഉത്സവ സീസണിലെ വലിയ തിരക്കിൽ വാഹന പാർക്കിങ്ങിനായി അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. ഒഴിഞ്ഞ സ്ഥലം കണ്ട് വാഹനങ്ങൾ നിർത്തിയിടാനെത്തുന്നവരെ പൊലീസ് തടയുകയാണ്. മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ കെട്ടിടത്തിന് എതിർവശത്തുനിന്ന് ഒഴിഞ്ഞ സ്ഥലത്തേക്ക് പാർക്കിങ് അനുവദിക്കാവുന്നതേയുള്ളൂ.
ഇപ്പോൾ തെരുവിലെത്തുന്ന വ്യാപാരികൾക്കും ജീവനക്കാർക്കുമെല്ലാം കൂടി താജ് റോഡും കോംട്രസ്റ്റ് പരിസരവും ബഷീർ റോഡും മാത്രമേയുള്ളൂ. മുതലക്കുളത്തടക്കം ഏതാനും പേ പാർക്കിങ് സൗകര്യവുമുണ്ട്. 1500ലേറെ വ്യാപാരസ്ഥാപനങ്ങളുള്ള തെരുവിൽ വരുന്നവരുടെ കാൽഭാഗത്തിനുപോലും വണ്ടി നിർത്താൻ സൗകര്യമില്ല.
കോർപറേഷന് പണം വാങ്ങി ഇവിടെ താൽക്കാലിക പാർക്കിങ് സൗകര്യമൊരുക്കാവുന്നതേയുള്ളൂ. വ്യാപാരികൾ പാർക്കിങ്ങിന് സ്ഥലമനുവദിക്കാൻ കോർപറേഷൻ അധികൃതരെ സമീപിച്ചതായി കൗൺസിലർ എസ്.കെ. അബൂബക്കർ പറഞ്ഞു.
ആവശ്യത്തിന് ശുചിമുറികളില്ല
സാധാരണക്കാരനുള്ള ശൗചാലയം ഇപ്പോഴും തെരുവിലില്ലാത്തത് വലിയ പ്രശ്നമാണ്. മുമ്പ് മിഠായിത്തെരുവിൽ തൊഴിലാളികൾക്കടക്കം ശുചിമുറിയില്ലാത്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. അന്ന് നൽകിയ ഉറപ്പനുസരിച്ചുള്ള സൗകര്യമൊന്നും ഇനിയുമായില്ല.
മിഠായിത്തെരുവ് നവീകരണ ഭാഗമായുണ്ടാക്കിയ ഏതാനും ശൗചിമുറികളും താജ് റോഡിലെയും മാനാഞ്ചിറയിലെയും ശൗചാലയങ്ങളുമാണ് ഉള്ളത്. ഇതിൽ മാനാഞ്ചിറയിലേത് ഉച്ചക്കുശേഷമേ തുറക്കുന്നുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.