പനികൾ പലവിധം, കോവിഡായതിനാൽ പറയാനും പേടി...
text_fieldsകോഴിക്കോട്: മഴക്കാലം തുടങ്ങിയതോടെ ജലദോഷപ്പനി അടക്കം മറ്റു പനികൾ വ്യാപകമായി. എന്നാൽ, കോവിഡിനെ പേടിച്ച് പലരും പനി കുറെ ദിവസം കൊണ്ടുനടക്കുകയാണ്. പനി കോവിഡ് ആണെങ്കിലോ, ആശുപത്രിയിൽ പരിശോധനയ്ക്ക് ചെന്ന് കോവിഡ് ബാധിച്ചാലോ തുടങ്ങിയ ചിന്തകൾ ആണ് പലരെയും ചികിത്സ തേടുന്നതിൽ നിന്ന് പിൻവലിക്കുന്നത്.
മഴക്കാലമായതോടെ എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളെല്ലാം പലയിടങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പനി വന്ന് ആശുപത്രിയിലെത്തിയാൽ ആദ്യം കോവിഡ് പരിശോധനയാണ് നടക്കുന്നത്. കോവിഡ് നെഗറ്റിവ് ആണെന്ന് അറിഞ്ഞാൽ മാത്രമേ മറ്റു പനികളാണോ എന്ന പരിശോധന നടത്തൂ.
മാലിന്യവുമായി നിരന്തരം സമ്പർക്കത്തിൽ വരുന്ന ശുചീകരണ തൊഴിലാളികൾക്ക് രോഗസാധ്യത കൂടുതലാണ്. കഴിഞ്ഞദിവസം മെഡിക്കൽ കോളജിലെ ശുചീകരണ തൊഴിലാളി എലിപ്പനി ബാധിച്ച് മരിച്ചിരുന്നു. പനി വന്നപ്പോൾ കോവിഡ് പരിശോധന നടത്തുകയും നെഗറ്റീവായതോടെ സാധാരണ പനിയാകുമെന്ന് കരുതി. പിന്നീട് പനി ഗുരുതരമായപ്പോഴാണ് എലിപ്പനിയാണെന്ന് തിരിച്ചറിഞ്ഞത്.
കെട്ടിനില്‍ക്കുന്ന മഴവെള്ളത്തില്‍ ഇറങ്ങുന്നവര്‍ക്കും മറ്റു മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്കുമാണ് എലിപ്പനി സാധ്യതയേറെയുള്ളത്. രോഗവാഹകരായ എലി, പട്ടി, കന്നുകാലി, പന്നി എന്നിവയുടെ വിസര്‍ജ്യം കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കലരുന്നു. ഇതുമായി സമ്പര്‍ക്കത്തില്‍ വരുന്നവരുടെ ശരീരത്തിലെ ശ്ലേഷ്മ സ്തരങ്ങളിലൂടെയും മുറിവിലൂടെയുമാണ് എലിപ്പനിയുടെ അണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത്.
പനി, പേശിവേദന (കാല്‍വണ്ണയിലെ പേശികളില്‍) തലവേദന, നടുവേദന, വയറുവേദന, ഛര്‍ദി, കണ്ണു ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ശരിയായ ചികിത്സ നല്‍കുകയാണെങ്കില്‍ പൂര്‍ണമായും ഭേദമാക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.