കല്ലായിപ്പുഴയോരത്ത് കളിക്കളത്തിന് കളമൊരുങ്ങി
text_fieldsകോഴിക്കോട്: കല്ലായിപ്പുഴയോട് ചേർന്ന് പുതിയൊരു മിനി സ്റ്റേഡിയത്തിന് പച്ചക്കൊടി. ഫുട്ബാൾ കമ്പക്കാരുടെയും കളിക്കാരുടെയും നാടായ പള്ളിക്കണ്ടിയിൽ മിനി സ്റ്റേഡിയം വേണമെന്ന 70 കൊല്ലത്തിലേറെയായുള്ള നഗരവാസികളുടെ സ്വപ്നങ്ങൾക്കാണ് ചിറകുമുളച്ചത്. പുഴയോട് ചേർന്ന ഒഴിഞ്ഞ സ്ഥലം ഏറ്റെടുക്കാൻ സർക്കാറിനെ സമീപിക്കാൻ നഗരസഭ തീരുമാനിച്ചു. കോർപറേഷൻ 57ാം വാർഡായ മുഖദാറിൽ കല്ലായിപ്പുഴയോട് ചേർന്നുള്ള 95.8 സെൻറ് സ്ഥലം
സ്റ്റേഡിയം നിർമിക്കുന്നതിന് ഉപയോഗപ്പെടുത്താനാണ് നീക്കം. ഇപ്പോൾ നാട്ടുകാർ കളിക്കാനായി ഉപയോഗിക്കുന്ന ഈ ഭാഗം സ്റ്റേഡിയമാക്കണമെന്നാവശ്യപ്പെട്ട് 500 പേർ ഒപ്പിട്ട നിവേദനം പള്ളിക്കണ്ടി പ്ലേഗ്രൗണ്ട് കമ്മിറ്റി നഗരസഭക്ക് സമർപ്പിച്ചിരുന്നു. ഇതേതുടർന്ന് നടന്ന പരിശോധനയിൽ പുറേമ്പാക്ക് ഭൂമിയാണെന്ന് ടൗൺ സർവേയർ റിപ്പോർട്ടും നൽകി. സ്റ്റേഡിയം നിർമിക്കാനുള്ള അപേക്ഷ സർക്കാറിന് നൽകാൻ കോർപറേഷൻ സ്റ്റിയറിങ് കമ്മിറ്റിയും തീരുമാനിച്ചു. നഗരാസൂത്രണ സ്ഥിരം സമിതി സർക്കാറിലേക്ക് തുടർ നടപടിക്ക് കൗൺസിലിന് കൈമാറി. കൗൺസിൽ യോഗവും അംഗീകരിച്ചതോടെയാണ് പുതിയ പ്രതീക്ഷയുയർന്നത്.
പുഴ പുറേമ്പാക്ക് ആയതിനാൽ തുടർ നടപടിക്ക് സർക്കാർ അനുമതി വേണം. സക്കറിയ പള്ളിക്കണ്ടി ജനറൽ കൺവീനറും സി.പി. റൗസീഫ് ചെയർമാനും എൻ.വി. സിറാജ് ട്രഷററുമായ പള്ളിക്കണ്ടി പ്ലേഗ്രൗണ്ട് കമ്മിറ്റി ഒരു കൊല്ലം മുമ്പ് മേയർ, ജില്ല കലക്ടർ എന്നിവർക്ക് മിനി സ്റ്റേഡിയത്തിനായി നിവേദനം നൽകിയിരുന്നു. മൈതാനത്തിനായി സ്വപ്നം കണ്ട് നടന്ന നിരവധി കളിക്കമ്പക്കാർ ഇതിനകം ലോകത്തോട് തന്നെ വിടവാങ്ങി.
നഗരത്തിലെ മികച്ച പ്രതിഭകൾ പലരും ഈ പുറേമ്പാക്കിൽ കളിച്ച് വളർന്നവരാണ്. മഴക്കാലത്ത് ചളി കാരണം കളിക്കാൻ പറ്റാത്ത സ്ഥിതിയാണിപ്പോൾ. കോഴിക്കോടിെൻറ മുഖ്യ കളിയിടമായി മാറാൻ കഴിയുംവിധമുള്ള നിർമാണമാണ് നാട്ടുകാർ പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.