വിവാഹാലോചനകളുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് സജീവം
text_fieldsകോഴിക്കോട്: വിവാഹം ഉടൻ ശരിയാക്കിത്തരാമെന്നു പറഞ്ഞ് പെൺകുട്ടികളുടെ ഫോട്ടോ അയച്ചുനൽകിയും അമ്മയെന്ന വ്യാജേന സംസാരിച്ചും സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘം ജില്ലയിൽ സജീവം. വാട്സ്ആപ്, ഫേസ്ബുക്ക് എന്നിവയിൽ പരസ്യങ്ങൾ നൽകിയാണ് ഇത്തരം സംഘങ്ങളുടെ തട്ടിപ്പ്.
വിവാഹം ആലോചിക്കുന്നുണ്ടോ, ഞങ്ങളെ വിളിക്കൂ, ശരിയാക്കാം എന്ന് കാണിച്ചുള്ള പരസ്യങ്ങളിൽ നൽകുന്ന മൊബൈൽ നമ്പറിലേക്ക് വിളിക്കുന്ന യുവാക്കളുടെ ഫോട്ടോ, ജോലി, കുടുംബ വിവരങ്ങൾ ഉൾപ്പെടെയുള്ള ബയോഡേറ്റ വാങ്ങിക്കുകയാണ് ആദ്യം ചെയ്യുന്നത്.
തുടർന്ന് വാട്സ്ആപ്പിൽ പെൺകുട്ടിയുടെ ചിത്രം അയച്ച് സ്ഥലവും ജില്ലയും പറഞ്ഞുതരും. പിന്നീട് യുവാവിന്റെ ഫോട്ടോ പെൺകുട്ടിയുടെ കുടുംബത്തിന് നൽകിയെന്നും അവർക്ക് താൽപര്യമുണ്ടെന്നും അറിയിക്കും. മാത്രമല്ല വിശ്വാസ്യതക്കായി മുൻകൂട്ടി നിശ്ചയിച്ച സമയത്ത് വിളിക്കാൻ ആവശ്യപ്പെടും.
ഏജന്റ് എന്ന വ്യാജേന പ്രവർത്തിക്കുന്നവർ വിവരങ്ങളെല്ലാം ചോദിച്ചശേഷം മൊബൈൽ പെൺകുട്ടിയുടെ ബന്ധുവിന് കൈമാറി സംസാരിക്കാനവസരം നൽകും. ഇങ്ങനെ വിശ്വാസം പിടിച്ചുപറ്റിയശേഷം പെൺകുട്ടിയുടെ വിലാസം നൽകാൻ ഫീസ് ഇനത്തിൽ 1000 മുതൽ 2000 രൂപവരെ ആവശ്യപ്പെടും.
തുക കൈമാറിയാൽപിന്നെ പ്രസ്തുത മൊബൈൽ ഫോൺ നമ്പറുകൾ സ്വിച്ച് ഓഫ് ചെയ്യുകയാണ് സംഘം. ജില്ലയിൽ വടകര, തൊട്ടിൽപാലം ഭാഗത്തുള്ളവരാണ് ഇത്തരത്തിലുള്ള തട്ടിപ്പിനിരയായത്. തട്ടിപ്പിനിരയായ തൊട്ടിൽപാലം സ്വദേശി രാജേഷിന് 1500 രൂപയാണ് നഷ്ടമായത്.
വാട്സ്ആപ് വഴി ലഭിച്ച വിവാഹ പരസ്യത്തിലെ മൊബൈൽ നമ്പറിലേക്ക് വിളിച്ചപ്പോൾ ഫോൺ എടുത്ത സ്ത്രീ ഫോട്ടോയടക്കം വിവരങ്ങൾ അയച്ചുനൽകാൻ ആവശ്യപ്പെട്ടു. തുടർന്ന് വയനാട് പുൽപള്ളിയിൽ ഒരു പെൺകുട്ടിയുണ്ടെന്നും നിങ്ങളുടെ ഫോട്ടോ കണ്ടിട്ട് അവർക്ക് ബന്ധത്തിന് താൽപര്യമുണ്ടെന്നും അറിയിച്ചു.
പിന്നീട് പെൺകുട്ടിയുടെ ഫോട്ടോ അയച്ചുനൽകി. അമ്മയും മകളും മാത്രമേയുള്ളൂ എന്നും അമ്മ തയ്യൽ തൊഴിലാളിയാണെന്നും പറഞ്ഞു. ഏജന്റായ സ്ത്രീ കുട്ടിയുടെ അമ്മക്ക് നൽകാമെന്ന് പറഞ്ഞ് ഫോൺ നൽകി രാജേഷുമായി ഏറെനേരം സംസാരിച്ചു. മകൾക്ക് ബന്ധത്തിന് താൽപര്യമുണ്ടെന്നും ജോലിയൊന്നും പ്രശ്നമല്ലെന്നും അടുത്തദിവസം പെണ്ണുകാണാൻ വരാനും അവർ ആവശ്യപ്പെട്ടു.
പെൺകുട്ടിയുടെ വിലാസം നൽകാൻ എന്നുപറഞ്ഞാണ് 1500 രൂപ ഗൂഗ്ൾപേ മുഖേന ഏജന്റായ സ്ത്രീ കൈപ്പറ്റിയത്. എന്നാൽ പെൺകുട്ടിയുടെ വിലാസം നൽകിയില്ല. അടുത്ത ദിവസം വീണ്ടും വിളിച്ചപ്പോൾ കുട്ടിയുടെ അമ്മ ബി.പി കുറഞ്ഞ് ആശുപത്രിയിലാണെന്ന് അറിയിച്ചു.
പിന്നീട് ഈ നമ്പർ സ്വിച്ച് ഓഫ് ആക്കുകയും ചെയ്തു. തട്ടിപ്പുകാരുടെ മൊബൈൽ നമ്പർ സഹിതം തൊട്ടിൽപാലം പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് രാജേഷ് പറഞ്ഞു. വാട്സ്ആപ്പിൽ കാണുന്ന പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്നും മുൻ പരിചയമില്ലാത്തവർക്ക് പണം അയക്കുകയോ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകുകയോ ചെയ്യരുത് എന്നുമാണ് പൊലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.