സാമ്പത്തിക വർഷം അവസാനിച്ചു; പദ്ധതിച്ചെലവ് നൂറുകടക്കാതെ കോഴിക്കോട് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ
text_fieldsമുക്കം: സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ പദ്ധതി വിഹിതം ചെലവഴിച്ചതിൽ നൂറ് ശതമാനം പിന്നിടാൻ സാധിക്കാതെ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ.
മുൻ വർഷങ്ങളിലെല്ലാം ശരാശരി ഇരുപതോളം തദ്ദേശ സ്ഥാപനങ്ങളെങ്കിലും നൂറ് ശതമാനം ചെലവഴിച്ചിരുന്നു. ട്രഷറികളിൽ സർക്കാർ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളാണ് ഇത്തരമൊരു അവസ്ഥക്ക് കാരണമായതെന്ന് ലോക്കൽ ഗവൺമെന്റ് മെംബേഴ്സ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയും പെരുവയൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പി.കെ. ഷറഫുദ്ദീൻ പറഞ്ഞു. തിങ്കളാഴ്ച ഉച്ചവരെയുള്ള കണക്കനുസരിച്ച് 97.99 ശതമാനം ചെലവഴിച്ച പെരുവയൽ ഗ്രാമപഞ്ചായത്താണ് ജില്ലയിൽ ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ തവണ പെരുവയൽ നൂറ് ശതമാനം പിന്നിട്ടിരുന്നു. നരിക്കുനി രണ്ടാം സ്ഥാനത്തും 88.49 ശതമാനം ചെലവഴിച്ച് കൂടരഞ്ഞി മൂന്നാം സ്ഥാനത്തുമാണ്.
കഴിഞ്ഞ തവണ 99.52 ശതമാനമാണ് കൂടരഞ്ഞി ചെലവഴിച്ചത്. ജില്ലയുടെ കിഴക്കൻ മേഖലയിൽ 82.98 ശതമാനം ചെലവഴിച്ച ഓമശ്ശേരി ജില്ലയിൽ ഒമ്പതാം സ്ഥാനത്താണ്. 76.32 ചെലവഴിച്ച മാവൂർ മുപ്പതാം സ്ഥാനത്തും 73.1ശതമാനം ചെലവഴിച്ച തിരുവമ്പാടി നാൽപത്തിനാലാം സ്ഥാനത്തുമാണ്.
കഴിഞ്ഞ തവണ 87.08 ശതമാനം തിരുവമ്പാടി ചെലവഴിച്ചിരുന്നു. 72.36 ശതമാനം ചെലവഴിച്ച കൊടിയത്തൂർ നാൽപത്തിഴേഴാം സ്ഥാനത്താണ്. കഴിഞ്ഞ മുന്നു വർഷവും കൊടിയത്തൂർ പദ്ധതി വിഹിതം ചെലവഴിച്ചതിൽ 100 ശതമാനം കടന്നിരുന്നു. ഇത്തവണ 71.8 ശതമാനമാണ് കോടഞ്ചേരി പഞ്ചായത്ത് ചെലവഴിച്ചത്. കഴിഞ്ഞ തവണ ഇത് 96.38 ശതമാനമായിരുന്നു.
71.55 ശതമാനമാണ് ഇത്തവണ കാരശ്ശേരി പഞ്ചായത്ത് ചെലവഴിച്ചത്. കഴിഞ്ഞതവണ ഇത് 94.67 ശതമാനമായിരുന്നു. മലയോരത്തെ ഏക നഗരസഭയായ മുക്കത്തിന് 62.72 ശതമാനം മാത്രമാണ് ചെലവഴിക്കാനായത്. 81.45 ശതമാനമാണ് മുക്കം നഗരസഭയുടെ കഴിഞ്ഞ വർഷത്തെ പദ്ധതി ചെലവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.