പൂക്കുന്നു മലയിൽ വീണ്ടും തീപിടിത്തം; പൈൻതറ ഭാഗത്ത് അഞ്ച് ഏക്കർ കത്തിനശിച്ചു
text_fieldsനന്മണ്ട (കോഴിക്കോട്): പൂക്കുന്നു മലയിൽ വീണ്ടും തീപിടിത്തം. രണ്ടുദിവസം മുമ്പ് പതിനൊന്നേ നാല് ഭാഗത്തെ മലയായിരുന്നു അഗ്നിക്കിരയായതെങ്കിൽ ഇത്തവണ ചീക്കിലോട് പൈൻതറ ഭാഗത്താണ് തീപിടിത്തമുണ്ടായത്. അഞ്ച് ഏക്കറേളം കത്തിയതായി പ്രദേശവാസികൾ പറഞ്ഞു.
ശനിയാഴ്ച വൈകീട്ടാണ് മലയുടെ പടിഞ്ഞാറ് ഭാഗവും സന്ദർശകരെത്തുന്ന സ്ഥലവുമായ പൈൻതറയിൽനിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്.
പുല്ലുകളും ഔഷധസസ്യങ്ങളും കശുമാവിൻ തൈകളും അഗ്നിക്കിരയായി. മഴ പെയ്തതിനാൽ വൻ ദുരന്തം ഒഴിവായി. കിഴക്ക് ഭാഗത്തേക്കായിരുന്നു തീ പടർന്നതെങ്കിൽ ആളപായമുണ്ടാകുമായിരുന്നു.
സന്ദർശകരുടെ വരവ് പ്രദേശവാസികൾക്കുപോലും നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയാണ്. പ്ലാസ്റ്റിക് കുപ്പികൾ, മദ്യക്കുപ്പികൾ, സിഗരറ്റ്കുറ്റികൾ ഇവയെല്ലാം മലമുകളിൽ ഉപേക്ഷിച്ചാണ് ഇവരുടെ മടക്കം. സിഗരറ്റ്കുറ്റിയിൽനിന്നായിരിക്കാം തീപിടിത്തമുണ്ടായതെന്നാണ് നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.