മാലിന്യകേന്ദ്രത്തിലെ തീപിടിത്തം: കാരണം വ്യക്തമായില്ല; വിശദപരിശോധന വേണമെന്ന് അഗ്നിരക്ഷാസേന
text_fieldsകോഴിക്കോട്: ഭട്ട്റോഡ് ബീച്ചിലെ കോർപറേഷന്റെ അജൈവ മാലിന്യ സംസ്കരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും ഇക്കാര്യത്തിൽ വിശദ പരിശോധന വേണമെന്നും അഗ്നിരക്ഷാസേനയുടെ റിപ്പോർട്ട്.
തീയണച്ചശേഷം മാലിന്യകേന്ദ്രത്തിന്റെ ഉൾവശം പരിശോധിച്ചെങ്കിലും കാരണം കണ്ടെത്താനായിട്ടില്ല. അതിനാൽ വിശദ പരിശോധന നടത്തുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത് ഉചിതമായിരിക്കും എന്നുമാണ് ജില്ല ഫയർ ഓഫിസർ കെ.എം. അഷ്റഫ് അലി ജില്ല കലക്ടർ എ. ഗീതക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അശാസ്ത്രീയ ഉപയോഗവും കൃത്യമായ സംസ്കരണ പ്രക്രിയയുടെ പോരായ്മയും ഇനിയും ഇത്തരത്തിലുള്ള തീപിടിത്തമുണ്ടാക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഞായറാഴ്ച രാവിലെ 9.44നാണ് ബീച്ച് ഫയർ സ്റ്റേഷനിലേക്ക് പോൾ വർഗീസ് എന്നയാൾ തീപിടിത്ത വിവരം അറിയിച്ചത്. ഉടൻ സ്റ്റേഷൻ ഓഫിസർ കെ. അരുണിന്റെ നേതൃത്വത്തിൽ ഒരു യൂനിറ്റ് സ്ഥലത്തേക്ക് പുറപ്പെട്ടു.
തുടർന്ന് മീഞ്ചന്ത, വെള്ളിമാടുകുന്ന്, നരിക്കുനി, പേരാമ്പ്ര, കൊയിലാണ്ടി, മുക്കം എന്നീ സ്റ്റേഷനുകളിൽ നിന്നുമടക്കം അറുപതോളം സേനാംഗങ്ങളും സിവിൽ ഡിഫൻസ്, ആപത് മിത്ര വളന്റിയർമാരും എത്തി ഒമ്പതു മണിക്കൂർ നീണ്ട രക്ഷാദൗത്യത്തിൽ പങ്കാളിയായി. ഏകദേശം രണ്ടര ലക്ഷം ലിറ്റർ വെള്ളമാണ് തീയണക്കാനായി ഉപയോഗിച്ചത്. മാരക വിഷവാതകം ശ്വസിച്ച് ജീവൻ ഹാനികരമാവുന്ന സാഹചര്യത്തിലായിരുന്നു രക്ഷാ പ്രവർത്തനമെന്നും സമയോചിത ഇടപെടലിലാണ് അടുത്തുണ്ടായിരുന്ന കെ.എസ്.ഇ.ബി ട്രാൻസ്ഫോർമറിലേക്കും വ്യവസായ എസ്റ്റേറ്റിലെ സ്ഥാപനങ്ങളിലേക്കും തീപടരാതിരുന്നത് എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം, മാലിന്യകേന്ദ്രത്തിന് തീയിടുകയായിരുന്നു എന്നടക്കം ആരോപണങ്ങൾ ഉയർന്നതോടെ കോർപറേഷൻ നൽകിയ പരാതിയിൽ വെള്ളയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.