മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലെ അഗ്നിബാധ; കോർപറേഷനെതിരെ വിമർശനം
text_fieldsകോഴിക്കോട്: കഴിഞ്ഞ ദിവസം രാത്രി മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തുണ്ടായ വന്‍ അഗ്നിബാധക്ക് കാരണം കോർപറേഷൻ അധികൃതരുടെ അനാസ്ഥ. ബസ് സ്റ്റാന്‍ഡിന് കിഴക്കുഭാഗത്ത് കള്ളുഷാപ്പിനോടു ചേര്‍ന്ന ഒഴിഞ്ഞ പറമ്പിൽ എളുപ്പം കത്തുന്ന ഓയിൽ കലർന്ന മാലിന്യം നിക്ഷേപിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ബസുകളുടെ അറ്റകുറ്റപ്പണി നടത്തിയ അവശിഷ്ടങ്ങളും റബറുകളും ഓയിൽ തുടച്ച തുണികളും ടയറുകളും നിക്ഷേപിക്കുന്നതു കാരണം വലിയ അപകടമാണ് ഒളിഞ്ഞിരിക്കുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കാനോ സ്ഥലത്തിന്റെ അധികൃതർക്ക് നോട്ടീസ് നൽകി സ്ഥലം സുരക്ഷിതമായി ഉപയോഗിക്കാൻ ആവശ്യമായ നിർദേശങ്ങൾ നൽകാനോ കോർപറേഷൻ തയാറായില്ല. കമ്പനി ഉടമസ്ഥതയിലുള്ള സ്ഥലത്ത് കെട്ടിടനിർമാണത്തിന് അപേക്ഷ നൽകി കാത്തിരിക്കുകയാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
ഇന്ധനം നിറച്ച നൂറുകണക്കിന് ബസുകൾ വന്നുപോകുന്ന സ്റ്റാൻഡിൽ അഗ്നിബാധ തടയാൻ നടപടി സ്വീകരിക്കുന്നതിനു പകരം കോർപറേഷന്റെ നൂറുകണക്കിന് മാലിന്യച്ചാക്കുകളാണ് കൂട്ടിയിട്ടിരിക്കുന്നത്. മാലിന്യച്ചാക്കുകളിലേക്ക് തീപടരാതിരിക്കാൻ അഗ്നിശമന വിഭാഗം ഏറെ പണിപ്പെട്ടതിനാൽ വൻ അപകടം ഒഴിവായി. തീപടർന്നിരുന്നെങ്കിൽ സമീപത്തെ നിരവധി കടകളും അഗ്നിക്കിരയാകുമായിരുന്നു. നിരവധി ബസുകളാണ് രാത്രിയില്‍ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിടുന്നത്. ഇവിടത്തെ മാലിന്യത്തിന് തീപിടിച്ചാല്‍ ബസുകളിലേക്ക് പടരാനുള്ള സാധ്യതയേറെയാണ്. മാലിന്യം നിക്ഷേപിക്കുന്നവർക്കെതരിരെ നടപടി സ്വീകരിച്ച് മാതൃകയാകേണ്ടതിനു പകരം കോർപറേഷൻ പൊതുസ്ഥലത്ത് ജനങ്ങളുടെ ആരോഗ്യത്തിനു ഭീഷണിയായി മാലിന്യം നിക്ഷേപിച്ചിരിക്കുകയാണ്. അപകടത്തിനുശേഷം നടപടികളുമായി വരുന്നതിനുപകരം ആരോഗ്യത്തിന് ഹാനികരമാകുന്ന നടപടികൾക്കെതിരെ കോർപറേഷൻ കർശന നടപടി സ്വീകരിക്കണമെന്നാണ് ബസ് തൊഴിലാളികളും ഉടമകളും പറയുന്നത്.
അഗ്നിബാധയുടെ പശ്ചാത്തലത്തില്‍ കൂട്ടിയിട്ട മാലിന്യങ്ങള്‍ അടിയന്തരമായി നീക്കംചെയ്യാന്‍ നിര്‍ദേശം നൽകിയതായി ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സൻ ജയശ്രീ അറിയിച്ചു. ബസ് സ്റ്റാന്‍ഡിന് കിഴക്കുഭാഗത്ത് കള്ളുഷാപ്പിനു സമീപത്തുള്ള ഭൂമിയിലാണ് റബര്‍ മാലിന്യങ്ങള്‍ ഉള്‍പ്പെടെ നിക്ഷേപിച്ചിട്ടുള്ളത്. ഇവിടത്തെ മാലിന്യത്തിന് തീപടര്‍ന്നതാണ് ഞായറാഴ്ച വന്‍ അഗ്നിബാധക്കു കാരണമായത്. ഞായറാഴ്ച ഉച്ചയോടെ അഗ്നിബാധ കണ്ടതിനാൽ അഗ്നിശമന വിഭാഗമെത്തി വെള്ളം തളിച്ചിരുന്നു. കുറച്ചുനേരം വെള്ളംചീറ്റി തീയണഞ്ഞെന്ന ധാരണയിൽ പോവുകയായിരുന്നുവെന്ന് സമീപത്തെ തൊഴിലാളി രാമകൃഷ്ണൻ പറഞ്ഞു. ബസ് സ്റ്റാന്‍ഡിലെ മാലിന്യങ്ങള്‍ എത്രയും വേഗത്തില്‍ നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് കോര്പറേഷന് അധികൃതര്‍ അറിയിച്ചു.
ടയറുകൾ കത്തിനശിച്ചു
തീപിടിത്തത്തിൽ ഷെഡിൽ സൂക്ഷിച്ച മുപ്പതോളം ബസിന്റെ ടയറുകൾ കത്തിനശിച്ചു. ചേവായൂർ സ്വദേശി ജുഗുനുവിന്റെ ഉടമസ്ഥതയിലുള്ള ഷെഡാണ് കത്തിനശിച്ചത്. നാലു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു. റീസോളിങ് കഴിഞ്ഞവ ആവശ്യത്തിന് എളുപ്പമെടുത്ത് ബസുകൾക്കുപയോഗിക്കാനാണ് ഷെഡിൽ സൂക്ഷിച്ചത്. സമീപത്തെ ഒഴിഞ്ഞ പറമ്പിൽ തള്ളിയ മാലിന്യത്തിൽനിന്നാണ് ഷെഡിലേക്ക് തീപടർന്നത്. തീപടർന്നതിനൽ സമീപത്തെ കള്ളുഷാപ്പും ഭാഗികമായി കത്തിനശിച്ചു. വയറിങ്ങും ഇലക്ട്രോണിക് ഉപകരണങ്ങളും കത്തിനശിച്ചു. മൂന്നര ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.