കുറ്റ്യാടിയിൽ ഹൈപർ മാർക്കറ്റിൽ തീപിടിത്തം
text_fieldsകുറ്റ്യാടി: ടൗണിൽ മരുതോങ്കര റോഡിലെ ഡേ മാർട്ട് ഹൈപർ മാർക്കറ്റിൽ തീപിടിത്തം. വ്യാഴാഴ്ച അർധരാത്രിയാണ് കെട്ടിടത്തിന് പിൻഭാഗത്തെ ഗ്രൗണ്ടിൽ കൂട്ടിയിട്ട മാലിന്യത്തിൽനിന്ന് തീപടർന്നത്. ഗ്രൗണ്ടിൽനിന്ന് കെട്ടിടത്തിലേക്ക് പടർന്ന വള്ളിപ്പടർപ്പുകൾ വഴിയാണ് തീ ഉള്ളിലെത്തിയത്. മൊത്തക്കച്ചവട വിഭാഗത്തിൽ അട്ടിയിട്ട അരിച്ചാക്കുകൾ, സ്റ്റേഷനറി വസ്തുക്കൾ, വയറിങ്, സീലിങ് തുടങ്ങിയവ നശിച്ചു. നാദാപുരത്തുനിന്ന് രണ്ടും, പേരാമ്പ്രയിൽനിന്ന് ഒന്നും അഗ്നിരക്ഷ യൂനിറ്റുകൾ എത്തിയാണ് തീയണച്ചത്. കെട്ടിടത്തിലെ പ്രധാന ഷോറൂമിൽ തീപടരാതെ സംരക്ഷിക്കാനായി.
ഇതേ കെട്ടിടത്തിൽ രണ്ട് ബാങ്കുകളും ഒരു ധനകാര്യ സ്ഥാപനവും പ്രവർത്തിക്കുന്നുണ്ട്. 70 ലക്ഷം നഷ്ടമുണ്ടായതായി ഉടമ വായാട്ട് മുസ്തഫ പറഞ്ഞു. കെട്ടിടത്തിന് ഉള്ളിൽനിന്ന് പുക ഉയരുന്നതു കണ്ട അന്തർസംസ്ഥാന തൊഴിലാളിയാണ് പൊലീസിൽ അറിയിച്ചത്. മാലിന്യത്തിന് തീപിടിച്ചെന്ന വിവരമാണ് ആദ്യം നാദാപുരം അഗ്നിരക്ഷാ സേനക്ക് ലഭിച്ചത്. ഇതിനാൽ ആദ്യം ഒരു യൂനിറ്റ് മാത്രമാണ് വന്നത്. തീയുടെ വ്യാപ്തി അറിഞ്ഞതോടെ രണ്ടാമത്തേതു കൂടി എത്തി. എന്നിട്ടും പൂർണമായി നിയന്ത്രണ വിധേയമാവാത്തതിനാലാണ് പേരാമ്പ്രയിൽ നിന്നും ഒരു യൂനിറ്റ് കൂടി എത്തിയത്. വെള്ളം നനഞ്ഞ് വ്യാപാര വസ്തുക്കൾ നശിക്കാതിരിക്കാൻ വളരെ സമയമെടുത്താണ് തീ അണച്ചത്. പഴയ കെട്ടിടമായതിനാലാവാം അഗ്നിരക്ഷാ ഉപകരണങ്ങൾ കെട്ടിടത്തിലുണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഗ്രൗണ്ടിലെ മാലിന്യത്തിൽനിന്ന് ഇടക്ക് തീകത്തുന്നത് കാണാറുണ്ടെന്നും അത് കെട്ടിടത്തിലേക്ക് വ്യാപിക്കുമെന്ന് നിശ്ചയമുണ്ടായിരുന്നില്ലെന്നും ജീവനക്കാർ പറഞ്ഞു. സ്റ്റേഷൻ ഓഫിസർ ഇ.സി. നന്ദകുമാർ, സീനിയർ അഗ്നിരക്ഷാ ഓഫിസർമാരായ എം. പ്രവീൺ കുമാർ, ഡി. സജിലേഷ് കുമാർ, ആർ. ജിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്. കുറ്റ്യാടി പൊലീസും നരയങ്കോട് ബഷീറിന്റെ നേതൃത്വത്തിൽ ജനകീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനങ്ങൾക്ക് രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.