വടകരയിൽ മൂന്നിടത്ത് തീപിടിത്തം
text_fieldsവടകര: കനത്ത ചൂടും വെയിലും കാരണം മൂന്നിടത്ത് തീപിടിത്തമുണ്ടായി. വടകര റെയിൽവേ സ്റ്റേഷൻ പരിസരത്ത് തിങ്കളാഴ്ച രാവിലെ ഏഴോടെയാണ് ആദ്യ തീപിടിത്തം. ഇവിടെ മാലിന്യത്തിന് തീപിടിച്ചത് പരിഭ്രാന്തിപടർത്തി. വടകര അഗ്നിരക്ഷാസേന തീയണച്ചു. ദേശീയപാതയോരത്തെ അഴിയൂർ അണ്ടിക്കമ്പനി ഭൂമിയിൽ തിങ്കളാഴ്ച രാവിലെ 11.30ഓടെയാണ് രണ്ടാമത് തീപിടിത്തമുണ്ടായത്. കശുവണ്ടി വികസന കോർപറേഷന്റെ കീഴിലുള്ള 3.5 ഏക്കർ ഭൂമിയിൽ ഒന്നര ഏക്കറോളം ഭാഗത്തെ അടിക്കാട് തീപിടിച്ച് നശിച്ചു. സ്ഥലത്തെ പഴയ കെട്ടിടത്തിലേക്കും ഭാഗികമായി തീപടർന്നു.
ദേശീയപാത വഴി പോകുന്ന വാഹനത്തിലെ യാത്രക്കാരാണ് തീപടരുന്നത് കണ്ടത്. വടകരയിൽനിന്ന് ഒരു യൂനിറ്റും മാഹിയിൽനിന്ന് രണ്ടു യൂനിറ്റും അഗ്നിരക്ഷാസേന സ്ഥലത്ത് എത്തി നാട്ടുകാരുടെ സഹായത്തോടെ തീകെടുത്തി. നാട്ടുകാരുടെ അവസരോചിതമായ ഇടപെടലിൽ കനത്തനഷ്ടം ഒഴിവായി. തീപിടിത്തത്തെ തുടർന്ന് മണിക്കൂറോളം ദേശീയപാത സ്തംഭിച്ചു. ചോമ്പാല പൊലീസ് സ്ഥിതിഗതികൾ നിയന്ത്രിച്ചു. തീയണക്കുന്നതിനിടെ മാഹി അഗ്നിരക്ഷാസേനാംഗത്തിന് നിസ്സാര പരിക്കേറ്റു. ഇയാൾ മാഹി ആശുപത്രിയിൽ ചികിത്സ തേടി. അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് അയിഷ ഉമ്മർ, പഞ്ചായത്ത് അംഗം സാലിം പുനത്തിൽ ഉൾപ്പെടെ ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു. കടുത്ത ചൂടും കാറ്റും തീ നിയന്ത്രണവിധേയമാക്കുന്നതിന് ഫയർഫോഴ്സിന് തടസ്സമായിരുന്നു.
ഉച്ച 2.30ഓടെയാണ് മൂന്നാമത്തെ തീപിടിത്തമുണ്ടായത്. തോടന്നൂരിൽ വിദ്യാപ്രകാശ് മലയിൽ ഉണങ്ങിയ ഇലകൾക്കും മറ്റും തീപിടിച്ച് മരങ്ങളിലേക്ക് വ്യാപിച്ചു.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേന തീയണച്ചു. മലയിലെ ഭാഗങ്ങളിലേക്ക് തീപടർന്നത് പരിഭ്രാന്തിപടർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.