നാലാംനിലയിൽ തീയാളി; മിഠായി തെരുവിലും പരിസരത്തും പരിഭ്രാന്തി
text_fieldsകോഴിക്കോട്: നട്ടുച്ചക്ക് കെട്ടിടത്തിന്‍റെ നാലാം നിലയിൽനിന്ന് തീയാളിപ്പടർന്നത് മിഠായി തെരുവിലും പരിസരങ്ങളിലും പരിഭ്രാന്തിയുണ്ടാക്കി. പി.എം. താജ്റോഡിൽ പാർക്കോ ബിൽഡിങ്ങിൽ കൂട്ടിയിട്ട മാലിന്യത്തിൽനിന്നാണ് വ്യാഴാഴ്ച ഉച്ചക്ക് 1.30 ഓടെ തീയാളിയത്. ടൗൺ പൊലീസ് വിവരമറിയിച്ചതനുസരിച്ച് ബീച്ച് ഫയർ സ്റ്റേഷനിൽനിന്ന് ഫയർ എൻജിനുകൾ കുതിച്ചെത്തി. ആളും ഫയർഫോഴ്സുമെത്തിയതോടെ പരിഭ്രാന്തി പരന്നു. കച്ചവടക്കാരും മറ്റും ചേർന്ന് പെട്ടെന്ന് തീയണക്കാനായതിനാൽ വൻ അത്യാഹിതം ഒഴിവായി.
ബാങ്ക്, കമ്പ്യൂട്ടർ കേന്ദ്രം തുടങ്ങി നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടമാണിത്. താഴെ കടകളിലേക്ക് തീ വീണാൽ വൻ തീപിടിത്തമുണ്ടാവുമായിരുന്നുവെന്ന് ഫയർ ഉദ്യോഗസ്ഥർ പറഞ്ഞു. കെട്ടിടത്തിന് മുകളിൽ മാലിന്യം കത്തിച്ചപ്പോൾ തീ നിയന്ത്രണാതീതമായതാവാമെന്നാണ് കരുതുന്നത്. നഗരത്തിൽ പല കെട്ടിടത്തിലും മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നത് പതിവാണെന്ന് ആക്ഷേപമുണ്ട്.
അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫിസർമാരായ പി.കെ. ബഷീർ, എൻ. രമേശൻ എന്നിവരുടെ നേതൃത്വത്തിൽ ബീച്ച് സ്റ്റേഷനിൽനിന്ന് മൂന്ന് യൂനിറ്റ് ഫയർ ഫോഴ്സാണ് രക്ഷാ ദൗത്യത്തിനെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.