അംഗീകാരമായില്ല; ജനകീയ മത്സ്യകൃഷി തുലാസിൽ
text_fieldsകോഴിക്കോട്: സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സർക്കാർ അംഗീകാരം ലഭിക്കാതെ ജനകീയ മത്സ്യകൃഷി തുലാസിൽ. ഫിഷറീസ് വകുപ്പ് കർഷകരിൽനിന്ന് അപേക്ഷ ക്ഷണിച്ചെങ്കിലും പദ്ധിതിക്ക് ധനകാര്യവകുപ്പ് അനുമതി ലഭിക്കാത്തത് പ്രതിസന്ധിക്കിടയാക്കി. ചൂട് ആരംഭിക്കുന്നതിന് മുമ്പ് മത്സ്യകൃഷി തുടങ്ങണമെന്നിരിക്കെ പദ്ധതി വൈകുന്നത് കർഷകരെ ആശങ്കയിലാക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് കർഷകർ പദ്ധതി ഗുണഭോക്താക്കളായുണ്ട്. മാത്രമല്ല, കാർപ്പ് ഇനത്തിൽപ്പെട്ടവ വിത്തിറക്കേണ്ട സമയം കഴിഞ്ഞുകൊണ്ടിരിക്കുകയാണ്. അനുമതി വൈകിയാൽ കേരളത്തിലെ ഉൾനാടൻ മത്സ്യകർഷകർക്ക് വൻ തിരിച്ചടിയാവും.
കാർപ്പ് ഇനത്തിൽപ്പെട്ട മത്സ്യം വിത്തിറക്കേണ്ട സമയമാണിത്. സാധാരണ സെപ്റ്റംബർ-ഡിസംബർ മാസങ്ങൾക്കിടെയാണ് മത്സ്യം വിത്തിറക്കുന്നത്. ജില്ല ഹാച്ചറികളിൽ കാർപ്പ് ഇനത്തിൽപ്പെട്ടവ സ്റ്റോക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ, പദ്ധതി അംഗീകാരം ലഭിക്കാത്തതിനാൽ ഇവ വിതരണം ആരംഭിച്ചിട്ടില്ല.
കാർപ്പ്, തിലേപ്പിയ, കരിമീൻ, കളാഞ്ചി, കല്ലുമ്മക്കായ, ചെമ്മീൻ. ഞണ്ട്, വരാൽ തുടങ്ങിയ ഇനങ്ങളാണ് കേരളത്തിൽ മുഖ്യമായും കൃഷിയിറക്കുന്നത്. മാർക്കറ്റിൽ മത്സ്യലഭ്യതക്കും വില നിയന്ത്രണത്തിനും വലിയ തോതിൽ പ്രയേജനപ്രദമായിരുന്ന പദ്ധതിയാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. കോഴിക്കോട് ജില്ലയിൽ മാത്രം 3000ൽ അധികം കർഷകർ പദ്ധതിയുടെ ഗുണഭോക്താക്കളായുണ്ട്. പദ്ധതി തുലാസിയോടെ ഫിഷറീസ് ഡിപ്പാർട്ട്മെന്റിന് കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ തൊഴിലെടുക്കുന്ന അക്വാകൾച്ചർ പ്രമോട്ടർമാരുടെ ജോലിയും അനിശ്ചിതത്വത്തിലായി. 2023 മാർച്ച് വരെ പ്രതിമാസം 25 തൊഴിൽ ദിനങ്ങളുണ്ടായിരുന്നത്, നിലവിൽ 18 ദിവസമായി വെട്ടിക്കുറച്ചിരിക്കുകയാണ്. കൂടാതെ നാലുമാസത്തം ശമ്പളം കുടിശ്ശികയാണ്. മുന്നറിയിപ്പില്ലാതെ മാസങ്ങളോളം ശമ്പളം കുടിശ്ശികയായിരിക്കെ മുൻകാല പ്രാബല്യത്തോടെയാണ് സർക്കാർ തൊഴിൽ ദിനങ്ങൾ വെട്ടിക്കുറച്ചതെന്നും ജീവനക്കാർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.