കടലിൽപെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷിക്കാനാളില്ല; വിശദീകരണം തേടി മനുഷ്യാവകാശ കമീഷൻ
text_fieldsകോഴിക്കോട്: മത്സ്യത്തൊഴിലാളികൾ കടലിന്റെ ആഴങ്ങളിൽ അകപ്പെടുമ്പോൾ അവരെ രക്ഷിക്കാൻ ചുമതലപ്പെട്ടവർ ഒഴിഞ്ഞുമാറുകയാണെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു. തീരദേശ പൊലീസ് അഡീഷനൽ ഡി.ജി.പിയും തുറമുഖ വകുപ്പ് ഡയറക്ടറും മൂന്ന് ആഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്ന് കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഫെബ്രുവരിയിൽ കോഴിക്കോട്ട് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
നന്തിവളയിൽ കടപ്പുറത്തുനിന്ന് കടലിൽ പോയി അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ തീരദേശ പൊലീസും കോസ്റ്റ് ഗാർഡും ശ്രമിക്കാത്ത പശ്ചാത്തലത്തിലാണ് കമീഷൻ ഇടപെട്ടത്. അബ്ദുറസാഖും തട്ടാൻകണ്ടി അഷ്റഫും കടലിൽ പോയെങ്കിലും അപ്രതീക്ഷിത മിന്നലേറ്റ് രണ്ടുപേരും വള്ളത്തിൽനിന്നു തെറിച്ചു വീണു. വള്ളം ഒഴുകിപ്പോയി. അപകടത്തിൽ അബ്ദുറസാഖ് മരിച്ചു. അഷ്റഫ് നീന്തി രക്ഷപ്പെട്ടു. കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചെങ്കിലും രക്ഷാപ്രവർത്തനത്തിനെത്തിയില്ലെന്നാണ് പരാതി. വടകര തീരദേശ സ്റ്റേഷനിലേക്ക് വിളിച്ചപ്പോൾ ബോട്ട് കേടാണെന്നായിരുന്നു മറുപടി. ബേപ്പൂർ തീരദേശ സ്റ്റേഷനിൽ വിളിച്ചപ്പോൾ സംഭവം നടന്നത് തങ്ങളുടെ പരിധിയിലല്ലെന്ന് പറഞ്ഞു.
മറൈൻ എൻഫോഴ്സ്മെന്റ് എത്തിയെങ്കിലും അവരുടെ കൈയിൽ രക്ഷാപ്രവർത്തനത്തിനുള്ള ഉപകരണങ്ങളുണ്ടായിരുന്നില്ല. തുടർന്ന് നാട്ടുകാർ കൊയിലാണ്ടി ദേശീയപാത ഉപരോധിച്ചു. തഹസിൽദാർ ചർച്ച നടത്തി തിരച്ചിൽ നടത്താമെന്ന ഉറപ്പിലാണ് സമരം പിൻവലിച്ചത്. എന്നിട്ടും മത്സ്യത്തൊഴിലാളികൾതന്നെയാണ് തിരച്ചിൽ നടത്തി അബ്ദുറസാഖിന്റെ മൃതദേഹം കണ്ടെത്തിയത്. സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് കമീഷൻ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.