ഇനി അഞ്ചുമാസം; തോട്ടത്താങ്കണ്ടിക്കടവ് പാലം റെഡി
text_fieldsകുറ്റ്യാടി: ചങ്ങരോത്ത്, മരുതോങ്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുറ്റ്യാടി പുഴയിലെ തോട്ടത്താങ്കണ്ടിക്കടവ് പാലം അഞ്ചുമാസംകൊണ്ട് ഗതാഗതയോഗ്യമാവും. പാലം കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നാട്ടുകാർക്ക് ഉറപ്പ് നൽകിയത്.
2021 നവംബറിൽ പ്രവൃത്തി ആരംഭിച്ചതാണ്. ഒന്നര വർഷംകൊണ്ട് തീർക്കണമെന്നായിരുന്നു നിബന്ധന. എന്നാൽ, കഴിഞ്ഞ വർഷം മേയിലുണ്ടായ ശക്തമായ മഴയിൽ നിർമാണ പ്രവൃത്തികൾ മുടങ്ങിയതാണ് പദ്ധതി വൈകാൻ കാരണമായി പറയുന്നത്. അഞ്ച് സ്പാനുകളിൽ രണ്ടെണ്ണത്തിന്റെ മുഴുവൻ കോൺക്രീറ്റും പൂർത്തിയായി.
പുഴയിൽ മൂന്നും കരയിൽ രണ്ടും സ്പാനുകളാണുള്ളത്. പുഴയിലുള്ളതിന്റെ വാർപ്പാണ് ബാക്കി. കഴിഞ്ഞ മാസം പാലത്തിനു മുകളിൽനിന്ന് അന്തർസംസ്ഥാന തൊഴിലാളി വീണ് മരിച്ചിരുന്നു. സുരക്ഷ ബെൽറ്റ് ധരിക്കാതെ പണിയെടുത്തതാണ് വീഴ്ചക്ക് കാരണമായി പറഞ്ഞത്. വീണാൽ താഴെ പതിക്കാതിരിക്കാൻ ഇപ്പോൾ നെറ്റ് വിരിച്ചിട്ടുണ്ട്. 111 മീ. നീളമുള്ള പാലത്തിന് ഒമ്പതുകോടിയിൽപരം രൂപയാണ് അനുവദിച്ചത്.
മരുതോങ്കര ഭാഗത്ത് അരക്കിലോമീറ്ററും ചങ്ങരോത്ത് ഭാഗത്ത് 110 മീറ്ററും ദൂരം അപ്രോച്ച് റോഡുണ്ട്. അവയുടെ നിർമാണവും പുരോഗമിക്കുന്നു. ചങ്ങരോത്ത് ഭാഗത്ത് അപ്രോച്ച് റോഡിന് വീതി കുറച്ച് അരിക് ഭിത്തി കെട്ടിയെന്ന പരാതിയുണ്ടായതിനെത്തുടർന്ന് ഭിത്തി പൊളിച്ചുമാറ്റി നിർമിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.