സി.പി.എം കോഴിക്കോട് ജില്ല സമ്മേളനത്തിന് കൊടി ഉയർന്നു
text_fieldsകോഴിക്കോട്: സി.പി.എം ജില്ല സമ്മേളനത്തിന് തുടക്കംകുറിച്ച് കടപ്പുറത്ത് പതാക ഉയർന്നു. പതാക വേങ്ങേരിയിലെ വിജു, വിജയൻ രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ജില്ല സെക്രട്ടേറിയറ്റ് അംഗം മാമ്പറ്റ ശ്രീധരന്റെ നേതൃത്വത്തിലും, കൊടിമരം മാങ്കാവിലെ കെ.കെ. രാമൻ രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ജില്ല സെക്രട്ടേറിയറ്റ് അംഗം എം. മെഹബൂബിന്റെ നേതൃത്വത്തിലും റെഡ് വളന്റിയർമാരുടെയും നിരവധി വാഹനങ്ങളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെയാണ് സമ്മേളന നഗരിയിലെത്തിച്ചത്.
കൊടിമരം സ്വാഗതസംഘം ജനറൽ കൺവീനർ എ. പ്രദീപ്കുമാറും പതാക ജില്ല സെക്രട്ടറി പി. മോഹനനും ഏറ്റുവാങ്ങി. തുടർന്ന് പൊതുസമ്മേളന വേദിയായ കോഴിക്കോട് കടപ്പുറത്തെ ഇ.എം.എസ് നഗറിൽ സ്വാഗതസംഘം ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എയാണ് പതാക ഉയർത്തിയത്.
ബേപ്പൂരിലെ പേരോത്ത് രാജീവന്റെ രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ജില്ല സെക്രട്ടേറിയറ്റ് അംഗം പി. വിശ്വന്റെ നേതൃത്വത്തിലെത്തിച്ച ദീപശിഖ പ്രതിനിധി സമ്മേളന വേദിയായ ഭട്ട് റോഡ് ബീച്ചിലെ കെ. കേളപ്പൻ നഗറിൽ ജ്വലിപ്പിച്ചു.
മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എം.എൽ.എമാരായ ടി.പി. രാമകൃഷ്ണൻ, കെ.പി. കുഞ്ഞമ്മദ്കുട്ടി, കാനത്തിൽ ജമീല, കെ.എം. സച്ചിൻദേവ്, നേതാക്കളായ ജോർജ് എം. തോമസ്, വി.പി. കുഞ്ഞികൃഷ്ണൻ, കെ. കുഞ്ഞമ്മദ്, കെ.പി. അനിൽകുമാർ, വി.കെ.സി. മമ്മദ്കോയ, സി. ഭാസ്കരൻ, കെ.ടി. കുഞ്ഞിക്കണ്ണൻ, എം.കെ. നളിനി തുടങ്ങിയവർ സംബന്ധിച്ചു.
തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ 16 ഏരിയകളിൽനിന്ന് തെരഞ്ഞെടുത്ത 208 പേരും ജില്ല കമ്മിറ്റി അംഗങ്ങളായ 42 പേരും ഉൾപ്പെടെ 250 പ്രതിനിധികൾ പങ്കെടുക്കും.
തിങ്കളാഴ്ച രാവിലെ രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പുഷ്പചക്രവും മറ്റുള്ളവർ പുഷ്പാർച്ചനയും നടത്തും. 9.30ഓടെ സമ്മേളന നടപടികൾ ആരംഭിക്കും. രക്തസാക്ഷി, അനുശോചന പ്രമേയങ്ങൾക്കുശേഷം കേളു ഏട്ടൻ പഠനഗവേഷണ കേന്ദ്രം തയാറാക്കിയ 'കമ്യൂണിസ്റ്റുകാരും ദേശീയ സ്വാതന്ത്ര്യസമരവും' സ്മരണിക പിണറായി വിജയൻ കെ.പി. അനിൽകുമാറിന് നൽകി പ്രകാശനം ചെയ്യും. പത്തുമണിക്ക് കോടിയേരി ബാലകൃഷ്ണൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
12ന് ജില്ല സെക്രട്ടറി പി. മോഹനൻ നാലുവർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. വൈകീട്ട് 4.30ന് ആരംഭിക്കുന്ന പൊതു ചർച്ച രാത്രി 7.30 വരെ തുടരും. 11ന് രാവിലെ 9.30ന് പൊതുചർച്ച പുനരാരംഭിച്ച് ഉച്ചയോടെ പൂർത്തിയാക്കും. 3.30ന് ചർച്ചക്ക് ജില്ല സെക്രട്ടറിയും സംസ്ഥാന നേതാക്കളും മറുപടി നൽകും. 12ന് രാവിലെ പത്തിന് പ്രതിനിധികൾ പുതിയ ജില്ല കമ്മിറ്റി അംഗങ്ങളെയും സംസ്ഥാന സമ്മേളന പ്രതിനിധിളെയും തിരഞ്ഞെടുക്കും. തുടർന്ന് പുതിയ ജില്ല സെക്രട്ടറി ഭാവിപരിപാടികൾ അവതരിപ്പിക്കും. തുടർന്ന് സാർവദേശീയ ഗാനാലാപനത്തോടെ പ്രതിനിധി സമ്മേളനം സമാപിക്കും.
വൈകീട്ട് നാലിന് കടപ്പുറം ഫ്രീഡം സ്ക്വയറിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
വിവാദങ്ങളും ജനകീയ വിഷയങ്ങളും; ചർച്ചയാവാനേറെ കാര്യങ്ങൾ
കോഴിക്കോട്: പാർട്ടിയെയും സർക്കാറിനെയും ബാധിക്കുന്ന വിവാദങ്ങളും ജനകീയ വിഷയങ്ങളുമടക്കം സി.പി.എം ജില്ല സമ്മേളനത്തിൽ ചർച്ചയാവാനേറെ കാര്യങ്ങൾ. ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങളിൽ പ്രാദേശിക വിഷയങ്ങളും പാർട്ടി ഭരണം കൈയാളുന്ന തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും പ്രവർത്തനവുമാണ് ചർച്ചയായത്. വികസന കാര്യങ്ങളിലടക്കമുള്ള സർക്കാറിന്റെ നയനിലപാടുകൾ, വിവിധ വകുപ്പുകളുടെ പ്രവർത്തനം ഉൾപ്പെടെ ജില്ല സമ്മേളനംതൊട്ട് മുകളിലേക്കാണ് പൊതുവെ ചർച്ചയാവാറ്. ജില്ലയിൽ രാഷ്ട്രീയ ചർച്ചകൾക്ക് ഏരിയ സമ്മേളനങ്ങളിൽ തുടക്കമിട്ടിരുന്നു.
ജില്ലയിലെയടക്കം നിരവധി കുടുംബങ്ങളെ ബാധിക്കുന്ന സിൽവർ ലൈൻ പദ്ധതി, ദേശീയപാത വികസനത്തിൽ വടകര മേഖലയിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, പന്തീരാങ്കാവ് യു.എ.പി.എ കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടങ്ങിയവയും ജില്ലയിൽനിന്നുള്ള മന്ത്രിമാരുടെയും എം.എൽ.എമാരുടെയും പ്രവർത്തനം, വടകര, കൊടുവള്ളി മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവി, കുറ്റ്യാടി സീറ്റുമായി ബന്ധപ്പെട്ട കൂട്ടനടപടി തുടങ്ങിയവയാണ് ചർച്ചയാവാനിടയുള്ള കാര്യങ്ങൾ.
അംഗങ്ങളുടെ എണ്ണം വർധിച്ച പശ്ചാത്തലത്തിൽ പാർട്ടിയുടെ കക്കോടി, കുന്ദമംഗലം, ബാലുശ്ശേരി, ഫറോക്ക്, താമരശ്ശേരി ഏരിയ കമ്മിറ്റികൾ വിഭജിക്കണമെന്ന ആവശ്യവും സമ്മേളനത്തിൽ ചർച്ചയായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.