കളമെഴുത്ത്, തീചാമുണ്ടി, പിന്നെ തിരി ഉഴിച്ചിൽ....കോഴിക്കോട് നഗരത്തിൽ ഫോക് ലോർ മേളം
text_fieldsകോഴിക്കോട്: നഗരത്തിന് വേറിട്ട കാഴ്ചയായി കളമെഴുത്തും തീചാമുണ്ടിയും. കോർപറേഷൻ വജ്രജൂബിലി ആഘോഷത്തിന്റെയും കോഴിക്കോടിനെ സാഹിത്യ നഗരമായി യുനസ്കോ പ്രഖ്യാപിച്ചതിന്റെയും ഭാഗമായുള്ള കോകോ ഫോക് ഫെസ്റ്റിവലിലാണ് അപൂർവ കലാരൂപങ്ങൾ അവതരിപ്പിച്ചത്. കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് ജൂബിലി ഹാളിലും മലബാർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിലും 24 വരെ ഉത്സവം നടക്കും. രാവിലെ ജൂബിലി ഹാളിൽ കളമെഴുത്തും പ്രദർശനവും ശിൽപശാലയും നടത്തി.
അഷ്ടനാഗം, സ്വസ്തി, ഭദ്രകാളി എന്നീ കളമെഴുത്തുകൾ കൗതുകം തീർത്തു. രാത്രി ക്രിസ്ത്യൻ കോളജ് ഹൈസ്കൂൾ ഗ്രൗണ്ടിൽ തീചാമുണ്ടി കാണാൻ നിരവധി പേരെത്തി. കളരിപ്പയറ്റ്, കളമെഴുത്ത്, തിരി ഉഴിച്ചിലും പാട്ടും എന്നിവയും നടന്നു. കണ്ടംകുളം ഹാളിൽ വി.കെ. ശ്രീരാമൻ മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പാരമ്പര്യമായി കണ്ടും കേട്ടും പഠിച്ചുവന്ന കാലാരൂപങ്ങളാണ് ഫോക് ലോർ കലകളെന്ന് അദ്ദേഹം പറഞ്ഞു. നാടൻപാട്ടുകൾപോലും സിനിമയിൽ സജീവമായത് കലാഭവൻ മണി സിനിമയിൽ എത്തിയതിന് ശേഷമാണെന്നും ശ്രീരാമൻ പറഞ്ഞു.
ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് അധ്യക്ഷതവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പി.സി. രാജൻ, പി. ദിവാകരൻ, ഡോ. എം. ദാസൻ എന്നിവർ സംസാരിച്ചു. നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷ കൃഷ്ണകുമാരി സ്വാഗതവും കോർപറേഷൻ സെക്രട്ടറി കെ.യു. ബിനി നന്ദിയും പറഞ്ഞു. വ്യാഴാഴ്ച ജൂബിലി ഹാളിൽ കളം പ്രദർശനം, കഥാഗാന പാരമ്പര്യത്തെക്കുറിച്ചുള്ള സെമിനാർ, മുടിയേറ്റ് എന്നിവ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.