ശീതളപാനീയ കേന്ദ്രങ്ങളിൽ പരിശോധനക്കൊരുങ്ങി ഭക്ഷ്യവകുപ്പ്
text_fieldsകോഴിക്കോട്: വേനൽ കനത്തതോടെ ശീതളപാനീയകേന്ദ്രങ്ങളിലെ പരിശോധന കർശനമാക്കി ഭക്ഷ്യവകുപ്പ്. ചൂട് കൂടിയതോടെ പാതയോരങ്ങളിലെ ശീതളപാനീയ വിൽപനകേന്ദ്രങ്ങളുടെ എണ്ണവും പതിന്മടങ്ങ് വർധിച്ചു. ഇതോടെയാണ് പാനീയകേന്ദ്രങ്ങളിലെ ഗുണനിലവാരം ഉറപ്പാക്കാൻ കർശന പരിശോധനയുമായി ഭക്ഷ്യസുരക്ഷ വകുപ്പ് രംഗത്തെത്തിയത്.
ജില്ലയിലെ ശീതളപാനീയ വിതരണ കേന്ദ്രങ്ങൾ, ഐസ്ക്രീം പാർലറുകൾ, ഹോട്ടലുകൾ, റസ്റ്റാറന്റുകൾ, വഴിയോര കച്ചവടകേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന. ആകർഷകമായ നിറങ്ങളിലും രുചികളിലും പലതരത്തിലുള്ള പാനീയങ്ങളും മിൽക്ക് ഷെയ്ക്കുകളും വാങ്ങിക്കുടിക്കും മുമ്പ് ഗുണനിലവാരം ഉറപ്പുവരുത്താൻ ജനങ്ങളും ജാഗ്രതപുലർത്തേണ്ടതുണ്ട്.വേനൽ പാരമ്യത്തിലെത്തിയതോടെ വഴിയോരത്ത് കൂണുകൾപോലെയാണ് ശീതളപാനീയകേന്ദ്രങ്ങൾ മുളച്ചുപൊങ്ങിയിരിക്കുന്നത്.
നാരങ്ങവെള്ളവും കുലുക്കിസർബത്തും തണ്ണിമത്തൻ ജ്യൂസും നന്നാറയും സോഡ സർബത്തും കരിമ്പിൻ ജ്യൂസും ഇളനീരുമൊക്കെയായി നിരവധി കടകളാണ് റോഡരികുകളിൽ സ്ഥാനംപിടിച്ചത്.
എന്നാൽ, ഇവിടങ്ങളിലുപയോഗിക്കുന്ന ഐസ്, വെള്ളം, ജ്യൂസുകൾ, ഷെയ്ക്കുകൾ, ഇവകളിൽ ഉപയോഗിക്കുന്ന പാൽ എന്നിവയുടെ ഗുണനിലവാരം പരിശോധിക്കപ്പെടാറില്ല. കൂടാതെ ജ്യൂസുകളിൽ ഉപയോഗിക്കുന്ന പഴവർഗങ്ങൾ കഴുകാതെ ഉപയോഗിക്കുന്നതും പകർച്ചവ്യാധികൾക്ക് കാരണമാകാറുണ്ട്.
ഭക്ഷ്യസുരക്ഷ ഓഫിസറുടെ നേതൃത്വത്തിലാണ് കടകളിൽ പരിശോധന നടക്കുക. വെള്ളം, പാൽ, ഭക്ഷണപദാർഥങ്ങൾ എന്നിവ കൂടാതെ കടകളിലെ അടുക്കളയും പരിശോധിക്കുന്നുണ്ട്. തട്ടുകടകളിൽ ഉപയോഗിക്കുന്ന എണ്ണ പഴകിയതാണോയെന്നും രുചി കൂട്ടാൻ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ ഗുണനിലവാരവും പരിശോധിക്കും. വേനലിൽ വഴിയോരങ്ങളിൽ ആരംഭിക്കുന്ന താൽക്കാലിക ശീതളപാനീയ കടകൾക്കും ഭക്ഷ്യസുരക്ഷ വകുപ്പിന്റെ രജിസ്ട്രേഷൻ നിർബന്ധമാണ്.
വ്യവസ്ഥകൾ പാലിക്കാത്തതും ഭക്ഷ്യസുരക്ഷ രജിസ്ട്രേഷൻ ലൈസൻസ് ഇല്ലാത്തതുമായ കടകൾക്കുനേരെ നടപടി സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി ഓഫിസർ വിനോദ്കുമാർ മുന്നറിയിപ്പ് നൽകി. പരാതികളുണ്ടെങ്കിൽ പൊതുജനങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലോ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരെയോ ആരോഗ്യവകുപ്പിനെയോ വിവരം അറിയിക്കാവുന്നതാണ്.
സ്ഥാപനങ്ങൾ മുൻകരുതലെടുക്കണം
പാനീയങ്ങൾ തയാറാക്കാൻ ഉപയോഗിക്കുന്ന വെള്ളം പരിശോധിച്ച റിപ്പോർട്ട് സ്ഥാപനങ്ങൾ സൂക്ഷിക്കുകയും പരിശോധനസമയത്ത് ഹാജരാക്കുകയും വേണം. ഐസ് ഉണ്ടാക്കാൻ ശുദ്ധജലം മാത്രമേ ഉപയോഗിക്കാവൂ. ജ്യൂസ് തയാറാക്കാൻ കേടുവന്ന പഴങ്ങൾ ഉപയോഗിക്കരുത്. പഴങ്ങൾ നന്നായി കഴുകി ഉപയോഗിക്കണം. കാലാവധി കഴിഞ്ഞ പാൽ ഉപയോഗിക്കരുത്. ജീവനക്കാരുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് സ്ഥാപനത്തിൽ സൂക്ഷിക്കണം.
ജ്യൂസ് തയാറാക്കുന്നവർ ഗ്ലൗസ് ഉപയോഗിക്കണം. റഫ്രിജറേറ്റർ കൃത്യമായ ഊഷ്മാവിലാണെന്ന് ഉറപ്പാക്കുകയും എല്ലാദിവസവും വൃത്തിയാക്കുകയും പഴകിയ വസ്തുക്കൾ ശേഖരിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. കുപ്പിവെള്ളം വാഹനങ്ങളിൽ കൊണ്ടുപോകുമ്പോഴും കടകളിൽ വിൽപനക്ക് വെക്കുമ്പോഴും വെയിൽ കൊള്ളാത്ത വിധം സൂക്ഷിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.