ഭക്ഷ്യപരിശോധനകൾക്ക് ഇനി വേഗം കൂടും
text_fieldsകോഴിക്കോട്: ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധനകൾക്ക് ഇനി വേഗം കൂടും. അത്യാധുനിക സൗകര്യങ്ങളോടെയുള്ള മൈക്രോബയോളജി ഫുഡ് ടെസ്റ്റിങ് ലാബ് കോഴിക്കോട് റീജനൽ അനലിറ്റിക്കൽ ലബോറട്ടറിയിൽ പ്രവർത്തനമാരംഭിച്ചു. ഞായറാഴ്ച വൈകീട്ട് നാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ലാബ് ഉദ്ഘാടനം നിർവഹിച്ചു.
ആരോഗ്യമന്ത്രി വീണ ജോർജ് മുഖ്യാതിഥിയായി. ഭക്ഷ്യസുരക്ഷാരംഗത്ത് കേരളം രാജ്യത്തിന് മാതൃകയാണെന്നും രാജ്യത്തുതന്നെ ഒന്നാം സ്ഥാനത്താണ് സംസ്ഥാനമെന്നും മന്ത്രി പറഞ്ഞു. ലാബ് തുറന്നതോടെ ഭക്ഷണത്തിന്റെ കാലപ്പഴക്കം നിർണയിക്കുന്നതടക്കമുള്ള പരിശോധനകൾ കോഴിക്കോട്ടുനിന്നുതന്നെ നടത്താനാവും.
നിലവിൽ എറണാകുളത്തെ സർക്കാർ അംഗീകൃത സ്വകാര്യ ലാബുകളിലേക്ക് അയച്ചായിരുന്നു ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന നടത്തിയിരുന്നത്. ഇതിന്റെ ഫലം ലഭിക്കാൻ ഒരു മാസത്തോളം കാത്തിരിക്കണം. ഭക്ഷണത്തിലെ മൈക്രോ ബാക്ടീരിയ, ഫംഗസ് അടക്കമുള്ളവയുടെ സാന്നിധ്യം കോഴിക്കോടുനിന്ന് ലഭിക്കും. മലബാറിലെ എല്ലാ ജില്ലകൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
കോഴിക്കോട് റീജനൽ അനലിറ്റിക്കൽ ലബോറട്ടറി കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങിൽ തോട്ടത്തില്‍ രവീന്ദ്രന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി.
ഗവ. അനലിസ്റ്റ് ടി. അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കൗൺസിലർ കെ.സി. ശോഭിത, ഡെപ്യൂട്ടി കമീഷണർ വി.കെ. പ്രതീപ് കുമാർ, ഫുഡ്സേഫ്റ്റി വിഭാഗം അസി. കമീഷണർ സക്കീർ ഹുസൈൻ, ഏഷ്യൻ സയന്റിഫിക് സി.ഇ.ഒ സമീർ സുരുവേ, എഫ്.എഫ്.എസ്.എസ്.എ.ഐ ടെക്നിക്കൽ അസി. ഫൈറൂസ് ജസാക്ക് എന്നിവർ സംസാരിച്ചു. ഭക്ഷ്യസുരക്ഷ കമീഷണർ ജാഫർ മാലിക് സ്വാഗതവും ജോ. കമീഷണർ ജേക്കബ് തോമസ് നന്ദിയും പറഞ്ഞു.
സെൻട്രൽ സെക്ടർ സ്കീം പ്രകാരം ലഭിച്ച 4.5 കോടി വിനിയോഗിച്ചാണ് ലാബിൽ ആധുനിക സൗകര്യങ്ങളൊരുക്കിയത്. ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏഷ്യൻ സയന്റിഫിക് ഇൻഡസ്ട്രീസ് എന്ന കമ്പനിയാണ് ലാബുകളുടെ നിർമാണം പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.