എണ്ണപ്പലഹാര നിർമാണ കേന്ദ്രങ്ങളിൽ പരിശോധന; നാല് സ്ഥാപനങ്ങൾ അടച്ചു
text_fieldsകോഴിക്കോട്: നഗരത്തിലും പരിസരത്തും എണ്ണപ്പലഹാര - ചെറുകടി ഉൽപാദിപ്പിച്ച് വിതരണം നടത്തുന്ന കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന നടത്തി. വെള്ളിയാഴ്ച പുലർച്ച മൂന്നിന് ഭക്ഷ്യസുരക്ഷ ഓഫിസർമാരുടെ രണ്ട് ടീമിന്റെയും മൊബൈൽ ലാബിന്റെയും സാന്നിധ്യത്തിലായിരുന്നു പരിശോധന. എണ്ണപ്പലഹാരങ്ങൾ നിർമിക്കുന്ന എണ്ണയുടെ ഗുണനിലവാരം, പരിസര ശുചിത്വം, വ്യക്തി ശുചിത്വം എന്നിവയാണ് പ്രധാനമായി പരിശോധിച്ചത്.
ഉപയോഗിക്കുന്ന എണ്ണയുടെ ഗുണനിലവാരം മൊബൈൽ ലാബിൽ ടി.പി.സി (ടോട്ടൽ പോളാർ കോമ്പൗണ്ട്) യന്ത്രം ഉപയോഗിച്ച് പരിശോധന നടത്തി. നഗരപ്രദേശത്ത് ഏഴ് സ്ഥാപനം പരിശോധിച്ചതിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച രണ്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടി. പാളയം സി.പി ബസാർ അഖിൽ ട്രേഡേഴ്സ്, മാവൂർ റോഡിൽ നാഷനൽ ഹോസ്പിറ്റലിന് പിറകിലെ എണ്ണക്കടി നിർമാണ യൂനിറ്റ് എന്നിവയാണ് പൂട്ടിയത്.
ഇവിടെ ഉൽപാദിപ്പിച്ച് വിതരണത്തിന് സൂക്ഷിച്ച 100 കിലോയോളം എണ്ണക്കടി നശിപ്പിക്കാൻ നഗരസഭ ഹെൽത്ത് വിഭാഗത്തിന് കൈമാറി. ടി.പി.സി 25 ശതമാനത്തിൽ കൂടുതലായി കണ്ടെത്തിയ എണ്ണയിൽ നിർമിച്ച 50 കിലോയോളം എണ്ണക്കടികളും പിടിച്ചെടുത്ത് നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച രണ്ട് സ്ഥാപനങ്ങളും പൂട്ടി. 15 സ്ഥലത്തെ എണ്ണയുടെ സാമ്പിളുകൾ ടി.പി.സി മെഷീൻ ഉപയോഗിച്ച് പരിശോധിച്ചു.
എണ്ണ ഒരിക്കലേ ചൂടാക്കാൻ പാടുള്ളൂ
പലഹാര നിർമാണത്തിന് ഉപയോഗിക്കുന്ന എണ്ണ ദിവസേന മാറ്റണം. ചൂടായി തണുത്ത എണ്ണ വീണ്ടും ചൂടാക്കുമ്പോൾ എണ്ണയുടെ രാസഘടനക്ക് വ്യത്യാസം വന്ന് ടി.പി.സി പോളാർ കോമ്പൗണ്ട് കൂടും. എണ്ണയുടെ അളവ് കുറയുമ്പോൾ അതിൽ പുതിയ എണ്ണ ഒഴിച്ച് അളവ് കൂട്ടി പാചകം നടത്തുന്നതായി പരിശോധനയിൽ കണ്ടെത്തി. അത്തരം എണ്ണയും അവയിൽ നിർമിക്കുന്ന പലഹാരങ്ങളും ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും.
പഴയ എണ്ണ വിൽക്കാനാവും
ഉപയോഗിച്ച് മിച്ചംവരുന്ന എണ്ണ, അംഗീകൃത ബയോഡീസൽ നിർമാണ കമ്പനികൾക്ക് വിലക്ക് നൽകാം. അതിനാൽ നിർമാണ യൂനിറ്റുകൾക്ക് വലിയ നഷ്ടം വരില്ല. അംഗീകൃത ഏജൻസികളുടെ വിവരങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഓഫിസർമാരുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.
അസിസ്റ്റന്റ് കമീഷണർ എ. സക്കീർ ഹുസൈന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച രണ്ട് സ്ക്വാഡുകളായി നടന്ന പരിശോധനയിൽ ഭക്ഷ്യസുരക്ഷ ഓഫിസർമാരായ ജിതിൻ ആർ. ജോസഫ് കുര്യാക്കോസ്, എസ്. അർജുൻ എന്നിവർ പങ്കെടുത്തു.
കർശന പരിശോധനകൾ വരും ദിവസങ്ങളിൽ ജില്ലയിലെ മറ്റ് സർക്കിളുകളിലും ഉണ്ടാകുമെന്ന് ഭക്ഷ്യസുരക്ഷ അസി. കമീഷണർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.