ഭക്ഷ്യസുരക്ഷ രജിസ്ട്രേഷനില്ലെങ്കിൽ കല്യാണമണ്ഡപങ്ങൾക്കും ഓഡിറ്റോറിയങ്ങൾക്കുമെതിരെ നടപടി
text_fieldsകോഴിക്കോട്: ഭക്ഷണം പാകംചെയ്യുന്നതിനും പാത്രങ്ങൾ കഴുകുന്നതിനും വെള്ളം ലഭ്യമാക്കുന്ന കല്യാണ മണ്ഡപങ്ങൾ, ഓഡിറ്റോറിയങ്ങൾ, കൺവെൻഷൻ സെന്ററുകൾ എന്നിവക്ക് ഭക്ഷ്യസുരക്ഷ രജിസ്ട്രേഷൻ നിർബന്ധം. കഴിഞ്ഞയാഴ്ച കുറ്റ്യാടിയിലെ ഓഡിറ്റോറിയത്തിൽ നടന്ന കല്യാണവിരുന്നിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ച 60 പേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു.
തുടർന്ന് കുറ്റ്യാടി ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ അന്വേഷണത്തിൽ സ്ഥാപനം വെള്ളം പരിശോധിച്ച റിപ്പോർട്ട് സൂക്ഷിച്ചിട്ടില്ലെന്ന് കണ്ടെത്തി. തുടർന്നാണ് നിയമങ്ങൾ കർശനമായി നടപ്പാക്കാനും പരിശോധന നടത്തി നടപടി സ്വീകരിക്കാനും ഭക്ഷ്യസുരക്ഷ വകുപ്പ് തീരുമാനിച്ചത്. 2006ലെ ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമപ്രകാരം വെള്ളം ഭക്ഷണത്തിന്റെ നിർവചനത്തിൽ വരുന്നതും വെള്ളം ഉപയോഗിച്ച് ഭക്ഷണം പാകംചെയ്ത് വിതരണം നടത്തുന്നവർ ഭക്ഷ്യസുരക്ഷ രജിസ്ട്രേഷൻ എടുക്കേണ്ടതുമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഭക്ഷ്യസുരക്ഷ രജിസ്ട്രേഷൻ എടുക്കാത്ത ഓഡിറ്റോറിയങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷ നിയമം സെക്ഷൻ 31 പ്രകാരം കർശന നിയമനടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷ അസി. കമീഷണർ എ. സക്കീർ ഹുസൈൻ അറിയിച്ചു. ഓഡിറ്റോറിയങ്ങളിലും കല്യാണമണ്ഡപങ്ങളിലും ഭക്ഷണം പാചകം ചെയ്യുന്നവർക്കും കേറ്ററിങ് യൂനിറ്റുകൾക്കും ഭക്ഷ്യസുരക്ഷ ലൈസൻസോ രജിസ്ട്രേഷനോ നിർബന്ധമാണ്. ബന്ധപ്പെട്ടവർക്ക് ലൈസൻസ് ഉണ്ടോ എന്ന് പാചകം ഏൽപിക്കുന്നവരും ഓഡിറ്റോറിയം നടത്തിപ്പുകാരും ഉറപ്പാക്കണം.
പാചകം നടത്തുന്നവരും കേറ്ററിങ് യൂനിറ്റുകളും ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശീലനത്തിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് കരസ്ഥമാക്കണമെന്നും പാചകക്കാരുടെയും കേറ്ററിങ് യൂനിറ്റുകളുടെയും പേരുവിവരം, ഭക്ഷ്യസുരക്ഷ ലൈസൻസ് നമ്പർ എന്നിവ രേഖപ്പെടുത്തിയ രജിസ്റ്റർ ഓഡിറ്റോറിയങ്ങളിൽ സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യസുരക്ഷ രജിസ്ട്രേഷന് FoSCoS എന്ന പോർട്ടൽ വഴിയും അക്ഷയ സെന്ററുകൾ മുഖേനയുമാണ് അപേക്ഷ നൽകേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.