വലിയങ്ങാടിയിൽ ഭക്ഷ്യത്തെരുവ്
text_fieldsകോഴിക്കോട്: രുചിയുള്ള ഭക്ഷണത്തിെൻറയും ഭക്ഷണ പ്രേമികളുടെയും നാടായ കോഴിക്കോട്ട് ഭക്ഷ്യത്തെരുവ് ഒരുങ്ങുന്നു. വിനോദ സഞ്ചാരവകുപ്പിെൻറ നേതൃത്വത്തിൽ കോർപറേഷെൻറ സഹകരണത്തോടെ വലിയങ്ങാടിയിലാണ് ഭക്ഷ്യത്തെരുവ് സജ്ജമാക്കുകയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
നഗരത്തിലെ പ്രധാന ഹോട്ടലുകളിലെ കൊതിയൂറും വിഭവങ്ങൾ ലഭിക്കുന്ന സ്റ്റാളുകൾ ഇവിടെയുണ്ടാവും. ബീച്ചിലെ വിനോദകേന്ദ്രവുമായി യോജിപ്പിച്ചുള്ള വലിയ പ്രവർത്തനങ്ങളാണ് തയാറാക്കുന്നത്. വേനലവധിക്കാലത്തെ പ്രയോജനപ്പെടുത്തുന്ന രീതിയിൽ എപ്രിലിൽ പദ്ധതി ആരംഭിക്കും. വലിയങ്ങാടിയിലെ പതിവ് കച്ചവട സംവിധാനങ്ങൾക്ക് തടസ്സം വരാത്ത രീതിയിൽ വൈകീട്ട് ഏഴിന് ആരംഭിച്ച് രാത്രി 12 വരെ പ്രവർത്തിക്കുന്ന തരത്തിലാണ് ഭക്ഷ്യത്തെരുവിെൻറ സമയ ക്രമീകരണം.
മധുര സംഗീതത്തിെൻറ അകമ്പടിയോടെ ഭക്ഷണം കഴിക്കാനും ചെറിയ കലാപരിപാടികൾ അവതരിപ്പിക്കാനുമെല്ലാം ഭക്ഷ്യത്തെരുവിൽ ഇടമുണ്ടാവും. വിദേശരാജ്യങ്ങളിലെ പ്രമുഖ ഭക്ഷണത്തെരുവുകളെ അനുകരിച്ചാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ കേന്ദ്രം കോഴിക്കോട്ടും തുടങ്ങുന്നത്.
ഭക്ഷ്യത്തെരുവ് എന്ന ആശയം സംസ്ഥാനത്ത് തന്നെ ആദ്യമായാണ് നടപ്പാക്കുന്നത്. പദ്ധതിയുടെ തുടർച്ചയായി കൊച്ചിയിലും തിരുവനന്തപുരത്തും ഭക്ഷ്യത്തെരുവ് ആരംഭിക്കും. വലിയങ്ങാടിയിലെ കച്ചവടക്കാരുമായും നഗരത്തിലെ ഹോട്ടൽ ഉടമകളുമായും പദ്ധതി നടത്തിപ്പിെൻറ ആദ്യഘട്ടം എന്ന നിലയിൽ ചർച്ച നടത്തും. നിലവിൽ മേൽക്കൂരയുള്ള വലിയങ്ങാടിയിൽ പ്രത്യേക വൈദ്യുതി ജോലികൾ പൂർത്തിയാക്കി ആകർഷകമായ വെളിച്ച സംവിധാനങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കും. പദ്ധതിയുടെ സാമ്പത്തിക ചെലവ് പൂർണമായും വിനോദ സഞ്ചാര വകുപ്പ് ഏറ്റെടുക്കുമെങ്കിലും നടത്തിപ്പ് ചുമതല കോർപറേഷനായിരിക്കും.
കോർപറേഷൻ മേയർ ബീന ഫിലിപ്, ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, കലക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.