വിദേശ ജോലി: സ്വകാര്യ സ്ഥാപനം ലക്ഷങ്ങൾ തട്ടിയെന്ന് പരാതി
text_fieldsകോഴിക്കോട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നഗരത്തിലെ സ്വകാര്യ സ്ഥാപനം നിരവധി പേരിൽനിന്ന് പണം തട്ടിയെന്ന് പരാതി. നടക്കാവിലെ അൽ ഫാൻസ് എച്ച്.ആർ സൊലൂഷൻസിനെതിരെയാണ് പരാതി. നിരവധി പേരിൽനിന്നായി ലക്ഷക്കണക്കിന് രൂപ സ്ഥാപനം തട്ടിയെന്നാണ് പരാതി. മാസങ്ങൾക്കു മുമ്പ് തുടങ്ങിയ സ്ഥാപനം വാട്സ്ആപ് വഴി വിദേശ ജോലി വാഗ്ദാനം ചെയ്ത് ലിങ്ക് അയച്ചുനൽകുകയായിരുന്നു.
വിവിധ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യപ്പെട്ട ഈ പരസ്യം കണ്ടാണ് യുവാക്കൾ സ്ഥാപനത്തിലെത്തുന്നത്. ഒമാൻ, ഖത്തർ, ദുബൈ എന്നിവിടങ്ങളിലെ സൂപ്പർമാർക്കറ്റ്, ആശുപത്രികൾ എന്നിവയടക്കമുള്ള സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് 20,000 മുതൽ 75,000 രൂപ വരെയാണ് സ്ഥാപന അധികൃതർ വിവിധയിടങ്ങളിലെ യുവാക്കളിൽനിന്ന് കൈപ്പറ്റിയത്.
പണം നൽകിയാൽ 75 ദിവസത്തിനകം ജോലി ലഭ്യമാക്കും എന്നാണ് ഇവർ വാഗ്ദാനം ചെയ്തിരുന്നതത്രേ. 65,000ത്തിനു മുകളിൽ തുക അടച്ച നാലുപേരെ നവംബർ 15ന് ജോലിക്കായി ദുബൈയിലേക്കയക്കുമെന്നറിയിച്ചു. ഇവർക്ക് കഴിഞ്ഞ ദിവസം ടിക്കറ്റും വിസയും വന്നു. എന്നാൽ, സംശയം തോന്നിയ ഇവരിൽ ചിലർ ട്രാവൽസിൽ പോയി പരിശോധന നടത്തിയപ്പോഴാണ് ഖത്തറിലേക്കുള്ള ടിക്കറ്റാണ് ലഭിച്ചതെന്ന് വ്യക്തമായത്.
ഇതോടെ സ്ഥാപന അധികൃതരെ ബന്ധപ്പെട്ടെങ്കിലും ഇവർ മുങ്ങി. ഇതോടെയാണ് പണം നൽകിയവർ സംഘടിച്ചെത്തി നടക്കാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കരുവാരകുണ്ട് സ്വദേശി കെ.കെ. മുഹമ്മദ് ഷഹറിനെതിരെയാണ് പൊലീസ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.