ഒരാഴ്ചയുടെ തിരോധാനം ഏലിയാമ്മക്ക് അഞ്ചു മിനിറ്റിലെ മടങ്ങിവരവ്
text_fieldsകോടേഞ്ചരി: ഏഴു ദിവസം ഒറ്റപ്പെട്ട മലമ്പ്രദേശത്ത് കുടുങ്ങിയ ഏലിയാമ്മക്ക് എല്ലാം അഞ്ചു മിനിറ്റിൽ കഴിഞ്ഞപോലെയാണ് തോന്നുന്നത്. മറവിരോഗമുള്ള ഇൗ 78കാരിക്ക് പള്ളിയിലേക്ക് പുറപ്പെട്ടത് ഓർമയുണ്ട്. പെട്ടെന്ന് തന്നെ തിരിച്ചെത്തിയതായും പറയുന്നു. വീട്ടുകാരെയും നാട്ടുകാരെയും ഒരാഴ്ച ആശങ്കയുടെ മുൾമുനയിലാക്കിയ തിരോധാനമൊന്നും അവർ അറിഞ്ഞിട്ടില്ല. ഒരാഴ്ചമുമ്പ് കാണാതായ കോടേഞ്ചരി േവങ്ങത്താനത്ത് ഏലിയാമ്മയെ ഒടുവിൽ കഴിഞ്ഞ ദിവസം ഒറ്റപ്പെട്ട മലമ്പ്രദേശത്ത്നിന്ന് തീർത്തും അവശനിലയിലാണ് കണ്ടെത്തിയത്.
ഏലിയാമ്മ സെപ്റ്റംബർ 25നാണ് വീടുവിട്ടിറങ്ങിയത്. പിന്നെ ഒരു വിവരവും ഉണ്ടായില്ല. വീട്ടുകാർ പരാതിയുമായി അധികൃതർക്കു മുന്നിലെത്തി. ഉറ്റവരുടെ ഉള്ളിലെ തീ കണ്ട നാട്ടുകാരും രാപ്പകലില്ലാതെ തിരച്ചിലിനിറങ്ങി. ഒടുവിൽ, ഏഴാംനാൾ വീട്ടിൽ നിന്ന് രണ്ടു കിലോമീറ്റർ അകലെ േതവർമലയിലെ കുറ്റിക്കാടുകളും പാറക്കൂട്ടങ്ങളും നിറഞ്ഞ ഒറ്റപ്പെട്ട പ്രദേശത്തുനിന്ന് ഏലിയാമ്മയെ അവശനിലയിൽ കണ്ടെത്തി. ഇവരെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ വൈകിട്ടോടെ ആശുപത്രി വിട്ടു വീട്ടിലെത്തി. 25ന് ഉച്ചകഴിഞ്ഞ് സ്വന്തം വീട്ടിൽനിന്ന് കുറച്ചകലെ മറ്റൊരു വീട്ടിൽ ഏലിയാമ്മ എത്തിയിരുന്നു. ആ വീട്ടിൽ നിന്നിറങ്ങിയതോടെയാണ് ഇവർ വഴിമറന്നത്. നാട്ടുകാരും പൊലീസും പരിസരപ്രദേശങ്ങളിലെല്ലാം അരിച്ചുപെറുക്കിയിരുന്നു. പൊലീസ് േഡാഗ് സ്ക്വാഡും തിരച്ചിലിനെത്തി. ഇക്കഴിഞ്ഞ ശനിയാഴ്ച വിവിധ സംഘങ്ങളായി തിരിഞ്ഞ് നടത്തിയ തിരച്ചിലിനൊടുവിലാണ് ആളൊഴിഞ്ഞ പ്രദേശത്ത് സന്നദ്ധപ്രവർത്തകർ വയോധികയെ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.