കൈക്കൂലിക്കാരായ ഡോക്ടർമാരെ നക്സലൈറ്റുകൾ ചെരുപ്പണിയിച്ച ജനകീയ വിചാരണക്ക് നാലു പതിറ്റാണ്ട്
text_fieldsകോഴിക്കോട്: കൈക്കൂലിക്കാരായ ഡോക്ടർമാെര നക്സലൈറ്റുകൾ പരസ്യവിചാരണ ചെയ്തിട്ട് നാലു പതിറ്റാണ്ട് തികയുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ കൈക്കൂലിക്കാരായ ഡോക്ടർമാർക്കെതിരെയായിരുന്നു നക്സൽ പ്രവർത്തകരുടെ വിചാരണ. 1981 മാർച്ച് 23ന് നടന്ന വിചാരണ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് കടുത്ത മുന്നറിയിപ്പ് കൂടിയായിരുന്നു. സി.പി.ഐ-എം.എൽ ജില്ല കമ്മിറ്റിയും ജനകീയ സാംസ്കാരിക വേദി ജില്ല കമ്മിറ്റിയും സംയുക്തമായാണ് ഭഗത് സിങ് രക്തസാക്ഷി ദിനത്തിൽ കൈക്കൂലിക്കാരെ നടുറോഡിൽ തുറന്നുകാട്ടിയത്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കൈക്കൂലി വ്യാപകമായതോടെയാണ് നക്സലുകൾ രംഗത്തെത്തിയത്. ശസ്ത്രക്രിയ ചെയ്യാൻ കൈക്കൂലി നിർബന്ധമായിരുന്നു. മൂന്നു മാസത്തോളം അന്വേഷണം നടത്തി. ജൂനിയർ ഡോക്ടർമാരും സമരക്കാർക്ക് സഹായം നൽകി. ഏഴ് ഡോക്ടർമാർ വൻ കൈക്കൂലിക്കാരാണെന്ന് ജനകീയ സാംസ്കാരിക വേദി അന്വേഷിച്ച് കണ്ടെത്തി. ഇതിൽപ്പെട്ട ഡോ. കെ.എം. ജോർജിനെയാണ് മെഡിക്കൽ കോളജ് ആശുപത്രിക്ക് മുന്നിലെ റോഡിൽ െവച്ച് വിചാരണ നടത്തിയത്. തലേദിവസം രാത്രിതന്നെ പ്രവർത്തകർ മെഡിക്കൽ കോളജ് പരിസരത്ത് എത്തിയിരുന്നു.
ഇപ്പോഴത്തെ കാഷ്വാലിറ്റി കെട്ടിടത്തിന് സമീപത്ത് കാർ നിർത്തി ഇറങ്ങി വരുേമ്പാൾ ശശി, ശ്രീനിവാസൻ, രാംദാസ് എന്നിവർ ചേർന്നാണ് ഡോ. ജോർജിനെ പിടിച്ചുകൊണ്ടുപോകുന്നത്. പിന്നീട് തെരുവിൽ നിർത്തി. അന്തരിച്ച എ. സോമൻ ആയിരുന്നു ന്യായാധിപൻ. ആർ.ഇ.സിയിലെ വിദ്യാർഥി അയ്യപ്പനാണ് ഡോക്ടറെ ചെരിപ്പുമാല അണിയിച്ചത്. 'ഞാൻ അഴിമതിക്കാരനാണ്' എന്നെഴുതിയ ബോർഡ് ജോർജിെൻറ കഴുത്തിൽ തൂക്കി. 150ഓളം പേർ തടിച്ചുകൂടിയിരുന്നു. ജനക്കൂട്ടം ചോദ്യങ്ങൾ ചോദിച്ചെങ്കിലും ഡോക്ടർ മറുപടിയൊന്നും നൽകിയില്ല. ശരീരത്തിൽ ഒരു പോറൽപോലും ഏൽപിക്കാതെ ഒരു മണിക്കൂറോളം വിചാരണ തുടർന്നു.
പിന്നീട് വെറുതെ വിട്ടു. തുടർന്ന് പൊലീസെത്തി സോമനെ അറസ്റ്റ് െചയ്യാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. 26 പേർക്കെതിരെ കേസെടുത്തിരുന്നു. പിന്നീട് വിചാരണപോലുമില്ലാതെ കേസ് തള്ളിപ്പോയി. അഴിമതിക്കാരായ ഏഴു ഡോക്ടർമാരെയും അന്നത്തെ ആരോഗ്യമന്ത്രി വക്കം പുരുഷോത്തമൻ സ്ഥലം മാറ്റി. ശ്രദ്ധേയമായ സമരത്തെക്കുറിച്ച് ദേശീയപത്രങ്ങളടക്കം മുഖപ്രസംഗങ്ങളെഴുതി.
ഏറ്റവും ശരിയായ സമരമായിരുന്നു ജനകീയ വിചാരണയെന്ന് നേതൃത്വം നൽകിയ എ. വാസു പറഞ്ഞു. അഴിമതിക്കാരായ ഡോക്ടർമാർക്കും ഉദ്യോഗസ്ഥന്മാർക്കും മുന്നറിയിപ്പായിരുന്നു ജനകീയ വിചാരണയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.