ഉദ്ഘാടനം കഴിഞ്ഞിട്ട് നാലു വർഷം; പൊട്ടിപ്പൊളിഞ്ഞ് ചോർന്നൊലിച്ച് കല്ലുത്താൻകടവ് ഫ്ലാറ്റ് സമുച്ചയം
text_fieldsകോഴിക്കോട്: ഉദ്ഘാടനം കഴിഞ്ഞ് നാലുവർഷം പൂർത്തിയാകും മുമ്പ് ചോർന്നൊലിച്ചും പൊട്ടിപ്പൊളിഞ്ഞും കല്ലുത്താൻകടവ് ഫ്ലാറ്റ് സമുച്ചയം. കല്ലുത്താൻകടവിലെ ശോചനീയമായ കുടിലുകളിൽനിന്ന് ഏറെ പ്രതീക്ഷയോടെ ഫ്ലാറ്റുകളിലേക്ക് താമസം മാറിയവർക്ക് ഇന്നും സമാധാനത്തോടെ ഉറങ്ങാൻപറ്റാത്ത അവസ്ഥയാണ്. കോർപറേഷൻ നിർമിച്ചുനൽകിയ ഫ്ലാറ്റിന്റെ സീലിങ് അടർന്നുനിൽക്കുന്നതിനാൽ ധൈര്യമായി പിഞ്ചുകുഞ്ഞുങ്ങളെ ഉറക്കിക്കിടത്താൻ പോലും പറ്റാത്ത അവസ്ഥ.
മഴപെയ്താൽ ചോർച്ച കാരണം ഫ്ലാറ്റിന്റെ പലഭാഗത്തും വെള്ളം നിറയും. ചുവരുകളിൽ എല്ലാം വിള്ളൽവന്ന നിലയിലാണ്. ശക്തമായി തള്ളിയാൽ വീഴുന്ന നിലയിലാണ് ഫ്ലാറ്റുകളുടെ ഫൈബർ വാതിലുകൾ. ഏഴാംനിലക്ക് മുകളിൽ കയറിയാൽ മേൽക്കൂരയിൽ നിറയെ വിള്ളൽ കാണാം.
നിർമാണത്തിലെ അപാകതയാണ് ഇതിന് കാരണമെന്ന് താമസക്കാർ സാക്ഷ്യപ്പെടുത്തുന്നു. ഇന്റർലോക് ചെയ്ത പാർക്കിങ് ഏരിയ കുണ്ടും കുഴിയുമായിക്കിടക്കുന്നു. മറ്റൊരു വശത്ത് മലിനജലം പരന്നൊഴുകുന്നു.
2019 നവംബർ രണ്ടിനാണ് ഹൗസിങ് കോളനി പണി പൂർത്തിയാക്കി താമസക്കാർക്ക് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഉദ്ഘാടനം. കല്ലുത്താൻകടവിലെ 87ഉം ധോബി വാലയിലെ 13ഉം സത്രം കോളനിയിലെ 27ഉം കുടുംബങ്ങളെയാണ് ഫ്ലാറ്റിലേക്ക് മാറ്റിപ്പാർപ്പിച്ചത്.
ഏഴു നിലകളിൽ 140 കുടുംബങ്ങൾക്ക് താമസിക്കാൻ സൗകര്യമാണ് ഇവിടെ ഒരുക്കിയത്. കാസ്കോക്കായിരുന്നു നിർമാണച്ചുമതല. 12 കോടി ചെലവിലാണ് പദ്ധതി പൂർത്തിയാക്കിയത്. ഡൈനിങ് ഹാൾ, കിടപ്പുമുറി, അടുക്കള, ബാത്ത് റൂം എന്നിവയാണ് ഒരു കുടുംബത്തിന് ഏർപ്പെടുത്തിയത്.
രണ്ടു കിടപ്പുമുറികൾ ഉണ്ടാകുമെന്നായിരുന്നു വാഗ്ദാനമെങ്കിലും നിർമാണം നടത്തിയപ്പോൾ കിടപ്പുമുറി ഒന്നായി ചുരുങ്ങി. 2005ൽ ആരംഭിച്ച പദ്ധതി പൂർത്തിയായത് 2019ലാണ്. ഫ്ലാറ്റ് കൈമാറിയ ശേഷം കോർപറേഷൻ ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. കുടിവെള്ളത്തിനുള്ള ടാങ്ക് പോലും കൃത്യമായി വൃത്തിയാക്കുന്നില്ല. താമസക്കാർക്ക് കയറി വൃത്തിയാക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടില്ലെന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. പല കുടുംബങ്ങളും ദുരിതം താങ്ങാനാകാതെ ഫ്ലാറ്റ് വിട്ടുപോയി.
മലിനജല സംസ്കരണ പ്ലാന്റ് ഇവിടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആറു മാസത്തോളമായി ഇതിന്റെ ഫിൽട്ടർ പ്രവർത്തിക്കുന്നില്ല. ഇതു കാരണം മലിനജലം പരന്നൊഴുകുകയാണ്. ഇത് രോഗഭീഷണി വർധിപ്പിക്കുന്നു. പകർച്ചവ്യാധികൾ പടരുമെന്ന ആശങ്കയിലാണ് കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.