ഫാ. അനിലിനെ പുറത്താക്കിയ സംഭവം: സി.എസ്.ഐ ആസ്ഥാനത്ത് പ്രതിഷേധം
text_fieldsകോഴിക്കോട്: സി.എസ്.ഐ കത്തീഡ്രൽ ചെയർമാൻ ഫാ. അനിൽ ജെയിസൺ ഡേവിഡിനെ പുറത്താക്കിയ ബിഷപ് റോയിസ് മനോജ് വിക്ടറിന്റെ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സി.എസ്.ഐ ആസ്ഥാനത്ത് വിശ്വാസികളുടെ പ്രതിഷേധം. വിഷയം ചർച്ച ചെയ്യാൻ ബിഷപ് കൂടിക്കാഴ്ച അനുവദിക്കണമെന്നാവശ്യപ്പെട്ട് വയനാട്ടിൽനിന്ന് ഉൾപ്പെടെ എത്തിയ വിശ്വാസികളുടെ ആവശ്യം ആദ്യം അധികൃതർ അംഗീകരിച്ചില്ലെങ്കിലും പ്രതിഷേധം ശക്തമായതോടെ സമ്മതിക്കേണ്ടിവന്നു.
മലബാര്‍ മഹായിടവക ജനാധിപത്യ സംരക്ഷണ വേദിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സി.എസ്.ഐ ആസ്ഥാനത്തിനു പുറത്ത് ഒരാഴ്ചയായി നടക്കുന്ന സത്യഗ്രഹമാണ് തിങ്കളാഴ്ച രാവിലെ ഓഫിസ് മുറ്റത്തേക്ക് മാറ്റിയത്. ഇതോടെ നാടകീയ രംഗങ്ങൾ അരങ്ങേറി.
പൊലീസ് സഭാ ഓഫിസിന്റെ കാവലേറ്റെടുത്തത് വിശ്വാസികളെ പ്രകോപിപ്പിച്ചു. പൊലീസുമായി പലതവണ പ്രതിഷേധക്കാർ വാക്കേറ്റത്തിലേർപ്പെട്ടു. ഫാ. അനിൽ ജെയിസൺ ഡേവിഡിനെ തിരിച്ചെടുക്കാതെ പിരിഞ്ഞുപോവില്ലെന്ന് വയനാട്ടിൽ നിന്നെത്തിയ തോട്ടംതൊഴിലാളികൾ ഉൾപ്പെടെ വാശിപിടിച്ചു. പൊലീസ് അധികൃതരുമായി ചർച്ച നടത്തി പിന്നീട് ചർച്ചക്ക് അവസരം നൽകാമെന്ന് പറഞ്ഞെങ്കിലും പ്രതിഷേധക്കാർ പിരിഞ്ഞുപോവാൻ തയാറായില്ല. ഒടുവിൽ പൊലീസ് സാന്നിധ്യത്തിൽ ബിഷപ്പുമായി പ്രതിഷേധക്കാർ കൂടിക്കാഴ്ച നടത്തി.
വെള്ളിയാഴ്ച രാവിലെ 11ന് വിഷയം ചർച്ച ചെയ്യാമെന്ന് അറിയിച്ചെങ്കിലും രേഖാമൂലം ലഭിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും പ്രതിഷേധം തുടർന്നു. കൂടുതൽ പൊലീസ് അറസ്റ്റിനുള്ള സന്നാഹങ്ങളുമായി എത്തിയെങ്കിലും വെള്ളിയാഴ്ചത്തെ കൂടിക്കാഴ്ച സംബന്ധിച്ച് എഴുതിനൽകാൻ സഭ സെക്രട്ടറി തയാറായതോടെ പ്രതിഷേധം അവസാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.