ഫ്രാൻസിസ് റോഡ്-മനന്തലപ്പാലം റോഡ് നിറയെ കുഴി അധികൃതർ കണ്ണടച്ചു; നാട്ടുകാർ കുഴികളടച്ചു
text_fieldsകോഴിക്കോട്: വിദ്യാർഥികളടക്കം ആയിരങ്ങൾ ദിവസേന കടന്നുപോകുന്ന ഫ്രാൻസിസ് റോഡ്-മനന്തലപ്പാലം റോഡ് പൂർണമായി തകർന്നു. വർഷങ്ങളായി റോഡിലുണ്ടായിരുന്ന ചെറിയ കുഴികൾ മഴ ശക്തമായതോടെ വലിയ ഗർത്തങ്ങളായി. കാൽനടപോലും ദുസ്സഹവും അപകടം തുടർക്കഥയുമായതോടെ നാട്ടുകാർ കുഴികളിൽ കരിങ്കൽപ്പൊടിയിട്ട് താൽക്കാലിക സംവിധാനം ഒരുക്കി. സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്താതിരുന്നതാണ് റോഡ് തകരാൻ കാരണമായി നാട്ടുകാർ പറയുന്നത്.
കാലിക്കറ്റ് ഗേൾസ് എച്ച്.എസ്.എസ്, എം.എം എച്ച്.എസ്.എസ്, കുണ്ടുങ്ങൽ ഗവ. യു.പി സ്കൂൾ, എം.എം എൽ.പി സ്കൂൾ, സിയസ്കോ ഐ.ടി.ഐ എന്നിവിടങ്ങളിലേക്കുള്ള വിദ്യാർഥികൾ ആശ്രയിക്കുന്ന റോഡാണിത്. സ്കൂൾ വിദ്യാർഥികളുടെ യൂനിഫോമിലേക്കടക്കം വാഹനങ്ങൾ ചളിതെറിപ്പിക്കുന്നതും ഇതിനെ ചൊല്ലിയുള്ള തർക്കങ്ങളും പ്രദേശത്ത് പതിവാണ്. ഈ ഭാഗത്തുകൂടി ദിവസേന പോകുന്നവർക്ക് റോഡിലെ കുഴികളെക്കുറിച്ച് ധാരണയുണ്ട്. എന്നാൽ, മറ്റിടങ്ങളിൽനിന്നു വരുന്ന വാഹനങ്ങൾ പെട്ടെന്ന് കടന്നുപോകുമ്പോഴാണ് മലിനജലം വിദ്യാർഥികളുടെ ദേഹത്തേക്ക് തെറിപ്പിക്കുന്നത്. ഗ്രാൻഡ് ഓഡിറ്റോറിയം, ന്യൂകേസിൻ ഓഡിറ്റോറിയം, ബറാമി ഹാൾ എന്നിവിടങ്ങളിൽ വിവാഹവും മറ്റു പൊതുപരിപാടികളും സ്ഥിരമായി നടക്കാറുണ്ട്. ഇവിടത്തെ ചടങ്ങിനെത്തുന്നവരും ഈ ചളി ചവിട്ടി വേണം എത്താൻ. കുണ്ടുങ്ങൽ, വെസ്റ്റ് കല്ലായി, മുഖദാർ, പള്ളിക്കണ്ടി, എം.കെ. റോഡ്, കണ്ണംപറമ്പ് എന്നിവിടങ്ങളിലേക്കുൾപ്പെടെയുള്ള യാത്രക്കാർ ആശ്രയിക്കുന്ന പ്രധാന വഴികൂടിയാണ് ഫ്രാൻസിസ് റോഡ്-മനന്തലപ്പാലം റോഡ്. അരക്കിലോമീറ്ററിൽ താഴെ ദൂരമുള്ള റോഡിൽ ഗ്രാൻഡ് ഓഡിറ്റോറിയം ഭാഗത്താണ് ഏറ്റവും കൂടുതൽ കുഴികളുള്ളതും ചളിവെള്ളക്കെട്ട് രൂപപ്പെട്ടതും. റോഡിനു സമീപമായി ഓടയുണ്ടെങ്കിലും ഇതിലേക്ക് മലിനജലം ഒഴുകുന്നില്ലെന്നും മണ്ണടിഞ്ഞ് പലഭാഗത്തും തടസ്സുമുള്ള ഓട നവീകരിക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
യാത്രാദുരിതം നാട്ടുകാർ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് റോഡ് നവീകരണത്തിന് 40 ലക്ഷം രൂപ അനുവദിക്കുമെന്ന് സ്ഥലം എം.എൽ.എകൂടിയായ മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച തുടർനടപടികളൊന്നുമായിട്ടില്ല.
കോർപറേഷൻ അധികൃതർ ഉൾപ്പെടെ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാതായതോടെ പ്രതിഷേധമെന്നോണമാണ് നാട്ടുകാർ റോഡിലെ കുഴിയടക്കാനുള്ള ശ്രമം നടത്തിയത്. പ്രദേശത്തെ റെസിഡന്റ്സ് അസോസിയേഷനുകൾ, കൈരളി സാംസ്കാരികവേദി, മറ്റു സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ ഞായറാഴ്ച നാലു ലോഡ് കരിങ്കൽപ്പൊടിയിറക്കിയാണ് കുഴികളിലിട്ടത്. എം.പി. ജംഷീദ്, പി.ടി. ഗഫൂർ, കെ.ടി. ഷഹദാബ്, കെ.വി. ഇഷാഖ്, എ.പി. ജംഷീദ്, സി.പി. റിയാസ്, ലിയാഖത്ത് അലി, എം.പി. മുസ്തഫ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.