ഹയർ സെക്കൻഡറി സീറ്റ് പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ മലബാറിൽ മന്ത്രിമാരെ തടയും - ഫ്രറ്റേണിറ്റി മൂവ്മെൻ്റ്
text_fieldsകോഴിക്കോട്: മലബാറിലെ ഹയർ സെക്കൻ്ററി സീറ്റ് പ്രതിസന്ധി അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് ഡി.ഡി.ഇ ഓഫീസിലേക്ക് വിദ്യാർഥി മാർച്ച് സംഘടിപ്പിച്ചു. കെ.എസ്.ആർ.ടി.സി ബസ്റ്റാൻ്റ് പരിസരത്ത് നിന്നാരംഭിച്ച മാർച്ചിനു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത മാർച്ച് ഫ്രറ്റേണിറ്റി സംസ്ഥാന ജന.സെക്രട്ടറി തഷ്രീഫ് മമ്പാട് ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് ഉൾപ്പെടുന്ന മലബാർ പ്രദേശത്തോടുള്ള ഭരണകൂട വിവേചനം സർക്കാർ അവസാനിപ്പിക്കണമെന്നും ഹയർ സെക്കൻ്ററി ബാച്ച് പുനഃക്രമീകരണത്തിനായി സർക്കാർ നിയോഗിച്ച പ്രൊ.വി.കാർത്തികേയൻ കമ്മറ്റി റിപ്പോർട്ട് പുറത്തു വിടണമെന്നും തഷ്രീഫ് ആവശ്യപ്പെട്ടു.
ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡൻ്റ് അമീൻ റിയാസ് മുഖ്യ പ്രഭാഷണം നടത്തി. മലബാറിലെ ഹയർ സെക്കൻഡറി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാതെ അലോട്മെൻ്റുമായി സർക്കാർ മുന്നോട്ടു പോവുകയാണെങ്കിൽ മന്ത്രിമാരെ മലബാറിൽ തടയുമെന്ന് റിയാസ് പറഞ്ഞു.
ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡൻ്റ് ലബീബ് കായക്കൊടിയുംത സംസാരിച്ചു. ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡൻ്റ് മുനീബ് എലങ്കമൽ അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറി സമീഹ ബാഫഖി സ്വാഗതവും സെക്രട്ടറിയേറ്റംഗം ഷാഹീൻ നരിക്കുനി സമാപന പ്രസംഗവും നിർവ്വഹിച്ചു. മാർച്ചിന് ജില്ലാ ജന.സെക്രട്ടറി റഈസ് കുണ്ടുങ്ങൽ, സെക്രട്ടറിമാരായ ഫസലുൽ ബാരി, മുബഷിർ, നൈഹ, അഫ്നാൻ ,മുഹമ്മദ് അലി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.