ജില്ലയിൽ സൗജന്യ വൃക്കമാറ്റിവെക്കൽ പദ്ധതി തുടങ്ങി
text_fieldsകോഴിക്കോട്: വൃക്കരോഗംകൊണ്ട് നിത്യദുരിതത്തിലായ രോഗികൾക്കും കുടുംബത്തിനും കാരുണ്യസ്പർശമേൽക്കുന്ന 'ജീവജ്യോതി' പദ്ധതി സമാനതകളില്ലാത്തതാണെന്നും സംസ്ഥാനത്തിനുതന്നെ മാതൃകയാണെന്നും മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ. കോഴിക്കോട് ജില്ല പഞ്ചായത്ത് ആവിഷ്കരിച്ച സൗജന്യ വൃക്കമാറ്റ ശസ്ത്രക്രിയ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യസൂചികയിൽ കേരളം ലോകത്തിനു മാതൃകയാണ്.
എന്നാൽ, ജീവിത ശൈലികളിൽ വന്ന മാറ്റവും വ്യായാമദാരിദ്ര്യവും പാർശ്വേതരരോഗങ്ങൾ വർധിക്കാൻ ഇടയാക്കിയ സാഹചര്യങ്ങളാണ്. ജീവിതരോഗം മൂർച്ഛിക്കുന്ന അവസ്ഥയും കോവിഡാനന്തര രോഗങ്ങളും ഫലപ്രദമായി തടയണമെന്നും മന്ത്രി പറഞ്ഞു. ജില്ല പഞ്ചായത്ത് സ്നേഹസ്പർശം സൊസൈറ്റിക്കു കീഴിൽ ജില്ലയിലെ അഞ്ചു സ്വകാര്യ ആശുപത്രികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന, മറ്റു പദ്ധതികളുടെ സഹായം ലഭിക്കാത്തതുമായ രോഗികൾക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. സാമ്പത്തികചൂഷണം ഇല്ലാതാക്കുക, അവയവദാനം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി. അഹമ്മദ് കബീർ പദ്ധതി വിശദീകരിച്ചു.
പദ്ധതിയുടെ ആദ്യ ഗുണഭോക്താവിനുള്ള സഹായ വിതരണം കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് ഇഖ്റ ഹോസ്പിറ്റൽ എക്സി. ഡയറക്ടർ പി.സി. അൻവറിന് കൈമാറി നിർവഹിച്ചു. അഞ്ച് ആശുപത്രികൾക്കുള്ള പങ്കാളിത്തപത്രം കാനത്തിൽ ജമീല കൈമാറി. ജില്ല പഞ്ചായത്ത് അംഗങ്ങളുടെയും ജീവനക്കാരുടെയും അവയവദാന സമ്മതപത്രം ജില്ല പഞ്ചായത്ത് സെക്രട്ടറി ടി. അഹമ്മദ് കബീറിൽനിന്ന് ജില്ല കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി ഏറ്റുവാങ്ങി.
എൻജിനീയറിങ് വിഭാഗത്തിന്റെ ഉദ്യോഗസ്ഥരിൽനിന്നുള്ള സംഭാവന എൽ.ജി.ഡി എക്സിക്യൂട്ടിവ് എൻജിനീയർ സി. ചന്ദ്രനിൽനിന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി സ്വീകരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എൻ.എം. വിമല, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൻ വി.പി. ജമീല, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.വി. റീന, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. സുരേന്ദ്രൻ, മൃതസഞ്ജീവിനി നോഡൽ ഓഫിസർ ഡോ. നോബ്ൾ ഗ്രേഷ്യസ്, ആസ്റ്റർ മിംസ് ചീഫ് ഓപറേറ്റിങ് ഓഫിസർ ലുക്ക്മാൻ പൊന്മാടത്ത്, മേയ്ത്ര ഹോസ്പിറ്റൽ ചീഫ് മാർക്കറ്റിങ് ഓഫിസർ ഡോ. സീമന്ത ശർമ, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ക്ലിനിക്കൽ ഓപറേഷൻസ് ഡെപ്യൂട്ടി ചീഫ് ഡോ. പി.കെ. ഇന്ദ്രജിത്ത്, ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ മെട്രോമെഡ് ഇന്റർനാഷനൽ കാർഡിയാക് സെന്റർ ദിപിൻദാസ്, ടി.എം. അബൂബക്കർ സ്നേഹസ്പർശം, എം.എ. റസാക്ക് മാസ്റ്റർ, ടി.വി. ബാലൻ, മനയത്ത് ചന്ദ്രൻ, ഒ.പി. അബ്ദുൽ റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. സ്നേഹസ്പർശം ട്രഷറർ ജഹഫർ നന്ദി പറഞ്ഞു.
അവയവദാനത്തിൽ മാതൃകതീർത്ത് ജില്ല പഞ്ചായത്ത്
കോഴിക്കോട്: മരണാനന്തരം അവയവദാനത്തിന് തയാറായി ജില്ലപഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും. സ്നേഹസ്പർശം പദ്ധതിയായ 'ജീവൽ ദാന'ത്തിന്റെ ഭാഗമായാണ് ജില്ല പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും മരണാനന്തര അവയവമാറ്റത്തിന് സന്നദ്ധരായി സമ്മതപത്രം ഒപ്പിട്ടുനൽകുന്നത്. അംഗങ്ങളും ഉദ്യോഗസ്ഥരുമടക്കം 80 ശതമാനം പേർ അവയവദാനത്തിന് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ജില്ല പഞ്ചായത്ത് സെക്രട്ടറി അഹമ്മദ് കബീർ പറഞ്ഞു.
27 ജില്ല പഞ്ചായത്ത് മെംബർമാരും 25 ഉദ്യോഗസ്ഥരുമാണ് ജില്ല പഞ്ചായത്തിലുള്ളത്. മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റും ഇപ്പോൾ എം.എൽ.എയുമായ കാനത്തിൽ ജമീലയാണ് അവയവദാനത്തിന് തയാറായി ആദ്യം രംഗത്തുവന്നിരുന്നത്. അന്ന് കലക്ടറായിരുന്ന കെ.വി. മോഹൻകുമാറും ജില്ലപഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീലയും ഒരുമിച്ചാണ് സമ്മതപത്രം നൽകിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.