സൗജന്യ കിറ്റ് തട്ടിപ്പ്: മാനേജരെ സ്ഥലംമാറ്റി നടപടിയൊതുക്കാൻ നീക്കം
text_fieldsപുതിയങ്ങാടി: സർക്കാറിെൻറ സൗജന്യ ഭക്ഷ്യകിറ്റിൽ തട്ടിപ്പു നടത്തിയ സംഭവത്തിൽ സപ്ലൈകോ മാനേജരെ സ്ഥലംമാറ്റി നടപടികൾ ഒതുക്കി തീർക്കാൻ ശ്രമമെന്ന് ആക്ഷേപം. സാധനങ്ങളുടെ അളവിൽ തട്ടിപ്പ് കാണിച്ച സപ്ലൈകോ കുണ്ടുപ്പറമ്പ് ശാഖയുടെ മാവേലി സ്റ്റോർ ഓഫിസർ ഇൻ ചാർജിനെ കാസർകോട്ടേക്ക് സ്ഥലം മാറ്റി നടപടി അവസാനിപ്പിക്കാനാണ് നീക്കമെന്നാണ് ആരോപണം.
സസ്പെൻഡ് ചെയ്ത് വിജിലൻസ് അന്വേഷണം നടത്തുന്നതിനുപകരം സ്ഥലംമാറ്റി നടപടികളിൽനിന്ന് സംരക്ഷിക്കാൻ നീക്കം നടക്കുന്നതായാണ് സൂചന. സിറ്റി റേഷനിങ് ഓഫിസർ എൻ.കെ. ശ്രീജയുടെ അന്വേഷണത്തിൽ ആറോളം സാധനങ്ങളുടെ അളവിൽ വ്യത്യാസം കണ്ടെത്തിയിരുന്നു.
പുതിയങ്ങാടിയിലെ റേഷൻ കടയിലേക്ക് നൽകിയ ഭക്ഷ്യകിറ്റിൽ ഒരു കിലോ പഞ്ചസാരയിൽ 200ഗ്രാം വരെ കുറവുള്ളതായി പരാതി ഉയർന്നിരുന്നു. പല സാധനങ്ങളുടെ അളവിലും കുറവുള്ളത് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
സാധനങ്ങളുടെ പാക്കിങ് നടന്ന പുതിയങ്ങാടി എൽ.പി.സ്കൂളിൽ അന്വേഷണ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയിരുന്നു. റേഷൻ കാർഡ് ഉടമകളുടെ പരാതിയെ തുടർന്ന് കോർപറേഷൻ കൗൺസിലർ മുരളീധരൻ ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽകൊണ്ടുവന്നതോടെ സമൂഹമാധ്യമങ്ങളിൽ പ്രചാരണം കൊഴുത്തിരുന്നു.
സിറ്റി റേഷനിങ് ഓഫിസർ എൻ.കെ. ശ്രീജയുടെ നേതൃത്വത്തിലുള്ള സംഘം അളവിൽ കുറവുള്ള സാധനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. സർക്കാർ കിറ്റിൽ അനുവദിച്ച ചില സാധനങ്ങൾ ഇല്ലാതെയാണ് കിറ്റ് നൽകിയതെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.