കോഴിക്കോട് ബീച്ചിലെ സ്വാതന്ത്ര്യ ചത്വരത്തിന് പുരസ്കാരം
text_fieldsകോഴിക്കോട്: ബീച്ചിലെ ഫ്രീഡം സ്ക്വയറിന് ഐ.ഐ.എ ദേശീയ അവാര്‍ഡ്. സാമൂഹിക പ്രതിബദ്ധതയുള്ള നിര്‍മിതികളുടെ വിഭാഗത്തില്‍ മികച്ച രൂപകൽപനക്കാണ് അവാര്‍ഡ്. വാസ്തുശില്പ മേഖലയിലെ മികവിന് രാജ്യത്തുള്ള ഏറ്റവും മികച്ച അംഗീകാരമാണ് ഐ.ഐ.എ നാഷനല്‍ എക്സലന്‍സ് അവാര്‍ഡ്. ഡീ എര്‍ത്ത് ആര്‍ക്കിടെക്റ്റ്സിന്റെ നേതൃത്വത്തില്‍ പി.പി. വിവേക്, നിഷാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ബീച്ചിലെ സ്വാതന്ത്ര്യ ചത്വരത്തിന്റെ രൂപകൽപന. കിയാര ലൈറ്റിങ് ആണ് ലൈറ്റിങ് ഡിസൈനര്‍.
എ. പ്രദീപ്കുമാര്‍, എം.എൽ.എ ഫണ്ടില്‍നിന്ന് തുക വകയിരുത്തി ഐ.ഐ.എ കോഴിക്കോട് സെന്ററിന്റെ പങ്കാളിത്തത്തോടെ 2020ലാണ് ബീച്ചില്‍ ഫ്രീഡം സ്ക്വയര്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. പൊതുജന നന്മ മുന്‍നിര്‍ത്തി ഐ.ഐ.എ കാലിക്കറ്റ് സെന്റര്‍ സഹകരിച്ച് നഗരത്തില്‍ നടപ്പാക്കിയ നിരവധി പദ്ധതികളില്‍ ഒന്നാണ് ഫ്രീഡം സ്ക്വയര്‍. അക്ഷരാർഥത്തിലും പ്രതീകാത്മകമായും ഒരു നാടിന്റെയും അവിടത്തെ ജനങ്ങളുടെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണ് ഫ്രീഡം സ്ക്വയറെന്നും പ്രാദേശിക നിര്‍മാണ വസ്തുക്കള്‍ പരമാവധി പ്രയോജനപ്പെടുത്തിയുള്ള ജനങ്ങള്‍ക്കായുള്ള നിര്‍മിതിയാണിതെന്നും ജൂറി വിലയിരുത്തി.
പൊതുസ്ഥലത്തെ മികച്ച ഡിസൈനിനുള്ള ട്രെന്‍ഡ്സ് അവാര്‍ഡിനും പൊതുസ്ഥലത്തെ മികച്ച ലാന്‍ഡ്സ്കേപ് പ്രോജക്ടിനുള്ള ഓള് ഇന്ത്യ സ്റ്റോണ്‍ ആര്കിടെക്ചര് അവാര്‍ഡും നേരത്തേ ഫ്രീഡം സ്ക്വയറിനെ തേടിയെത്തിയിട്ടുണ്ട്. കേരളത്തിലെ ഏറ്റവും സജീവമായ പൊതുയിടങ്ങളിലൊന്നാണ് ഇന്ന് ഫ്രീഡം സ്ക്വയര്‍. ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സ്ഥിരം വേദി കൂടിയാണ് ഇവിടം. ആര്‍ക്കിടെക്ചര്‍ ഡിസൈന്‍ ഡോട്ട് ഇന്‍ വഴി ലോകത്തിലെ ഒമ്പത് അര്‍ബന്‍ മ്യൂസിയങ്ങളിലൊന്നായി ഫ്രീഡം സ്ക്വയര്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.